കെട്ടിട നിര്‍മാണങ്ങള്‍ തകൃതി; കേരളത്തിലെ ഗ്രാമങ്ങള്‍ അതിവേഗം വളരുന്നു
കേരളത്തിലെ നിർമാണ മേഖല കൈവരിക്കുന്നത് വൻ കുതിപ്പെന്ന് വ്യക്തമാക്കി സർക്കാർ കണക്കുകൾ. ദിവസങ്ങൾക്ക് മുൻപ് സർക്കാരിന്റെ എക്കണോമിക് ആൻഡ് സ്റ്റാറ്റിസ്റ്റിക് ഡിപാർട്ട്മെന്റ് പുറത്തുവിട്ട സംസ്ഥാനത്തെ നിർമാണങ്ങളുടെ വിവരങ്ങൾ സംബന്ധിച്ച റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്. 2021 -22 വർഷത്തിൽ 3.95 ലക്ഷം പുതിയ കെട്ടിടങ്ങൾ രജിസ്റ്റർ ചെയ്തെന്നാണ് കണക്കുകൾ.
ഇതിൽ 73.58 ശതമാനം വരുന്ന 2.90 ലക്ഷം കെട്ടിടങ്ങളും വീടുകളോ, താമസ സൗകര്യങ്ങൾക്കായുള്ളതോ ആണെന്നും കണക്കുകൾ പറയുന്നു. സംസ്ഥാനത്തെ വനമേഖലകൾ മാറ്റി നിർത്തി പുതിയ കെട്ടിടങ്ങളുടെ ശരാശരി സാന്ദ്രത പരിശോധിച്ചാൽ ഒരു ചതുരശ്ര കിലോമീറ്ററിന് 14 എന്ന നിരക്കിലാണ്. 2021 - 22 കാലഘട്ടത്തിൽ നിമ്മിതികളുടെ എണ്ണം മൂൻ വർശത്തേക്കാൾ 11.22 ശതമാനം കൂടുതലാണെന്നും കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.
കേരളത്തിൽ റസിഡൻഷ്യൽ കെട്ടിടങ്ങളുടെ എണ്ണം വർധിക്കുമ്പോഴും ആളില്ലാതെ പുട്ടിക്കിടക്കുന്ന ഇത്തരം കെട്ടിടങ്ങളും വൻ തോതിലാണെന്നാണ് കണക്കുകൾ
കേരളത്തിന്റെ ഗ്രാമീണ മേഖല വലിയ തോതിൽ വളരുന്നു എന്ന സൂചനയും റിപ്പോർട്ട് മുന്നോട്ട് വയ്ക്കുന്നു. റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്ന നിർമാണ പ്രവർത്തിനങ്ങളിൽ 70.96 ശതമാനവും നടക്കുന്നത് ഗ്രാമീണ മേഖലയിൽ ആണെന്നാണ് കണക്ക്. 29.04 ശതമാനം മാത്രമാണ് നഗരങ്ങളിലുള്ളത്. വ്യാവസായി കെട്ടിടങ്ങളുടെ നിർമാണത്തിവും ഗ്രാമീണ മേഖലയിൽ വലിയ കൂതിപ്പാണ് കാഴ്ചവയ്ക്കുന്നത്. ഈ രംഗത്തെ നിർമാണ പ്രവർത്തികളിൽ 69.62 ശതമാനവും ഗ്രാമ മേഖലയിലാണുള്ളത്. 2021 -22 കാലയളവിൽ നിർമിക്കപ്പെട്ട 85.13 വ്യാവസായിക കെട്ടിടങ്ങളും 73.74 ശതമാനം സ്ഥാപന നിർമിതികളും ഗ്രാമീണ മേഖലയിലാണ്.
മലപ്പുറം ജില്ലയിലാണ് പുതിയ കെട്ടിടങ്ങൾ ഏറ്റവും കൂടുതൽ. ഇടുക്കിയിലാണ് റിപ്പോർട്ട് പ്രകാരം ഏറ്റവും കുറവ്. എന്നാൽ തലസ്ഥാന ജില്ലയായ തിരുവനന്തപുരത്താണ് പുതിയ കെട്ടിടങ്ങളുടെ സാന്ദ്രത കൂടുതൽ. ഒരു ചതുരശ്ര കിലോ മീറ്ററിൽ 29 എന്നതാണ് തിരുവനന്തപുരത്തെ കണക്ക്. ഇടുക്കിയിൽ ഇത് ചതുരശ്ര കിലോമീറ്ററിൽ നാല് മാത്രമാണ്.
അതേസമയം, കേരളത്തിൽ റസിഡൻഷ്യൽ കെട്ടിടങ്ങളുടെ എണ്ണം വർധിക്കുമ്പോഴും ആളില്ലാതെ പുട്ടിക്കിടക്കുന്ന ഇത്തരം കെട്ടിടങ്ങളും വൻ തോതിലാണെന്നാണ് കണക്കുകൾ പറയുന്നത്. നിലവിൽ 15 ലക്ഷത്തോളം വീടുകളിൽ താമസിക്കാൻ ആളുകളില്ലാതെ പൂട്ടിക്കിടക്കുന്നു എന്നാണ് റിപ്പോർട്ട്. ഇത്തരത്തിലുള്ള വീടുകൾ ഭൂരിഭാഗവും ഇടത്തരം സാമ്പത്തിക ശേഷിക്ക് മുകളിലുള്ളവരുടേതും സമ്പന്നരുടേതുമാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
കെട്ടിട നിർമാണങ്ങളിൽ വൻ ഉയർച്ച കാണിക്കുമ്പോഴും വാണിജ്യ, വ്യാവസായിക കെട്ടിടങ്ങൾ ഉൾപ്പെടുന്ന നോൺ റെസിഡൻഷ്യൽ കെട്ടിടങ്ങൾ നിർമ്മിച്ച മൊത്തം കെട്ടിടങ്ങളുടെ 26.42 ശതമാനം മാത്രമാണ്. ഇതിൽ 85.52 ശതമാനം വാണിജ്യ ആവശ്യങ്ങൾക്ക് വേണ്ടിയുള്ളതാണ്. വ്യാവസായിക മേഖലയിൽ 4.87 ശതമാനവും സ്ഥാപന മേഖലയിൽ 2.53 ശതമാനവും മാത്രമാണ് കെട്ടിടങ്ങളുടെ കണക്കുകൾ.
നിർമാണമേഖലയിൽ സിംഹഭാഗവും സ്വകാര്യമേഖലയോട് ബന്ധപ്പെട്ടാണെന്നും കണക്കുകൾ പരിശോധിച്ചാൽ വ്യക്തമാകും. 2021-22 വർഷത്തെ കണക്കുകൾ പ്രകാരം 97.76 ശതമാനം നിർമാണങ്ങളും സ്വകാര്യമേഖലയോട് ബന്ധപ്പെട്ടാണ് നടക്കുന്നത്.0.76 ശതമാനം മാത്രമാണ് സർക്കാർ തലത്തിൽ നടക്കുന്നത്. 1.48 ശതമാനമാണ് മറ്റ് മേഖലയുമായി ബന്ധപ്പെട്ട നിർമാണങ്ങൾ.