'ജിഎസ്ടി കണക്കുകളെല്ലാം കൃത്യമായി സമര്‍പ്പിക്കുന്നുണ്ട്';    കേന്ദ്രമന്ത്രിയെ തള്ളി കെ എൻ ബാലഗോപാൽ

'ജിഎസ്ടി കണക്കുകളെല്ലാം കൃത്യമായി സമര്‍പ്പിക്കുന്നുണ്ട്'; കേന്ദ്രമന്ത്രിയെ തള്ളി കെ എൻ ബാലഗോപാൽ

എന്‍ കെ പ്രേമചന്ദ്രൻ എംപിക്കും വിമർശനം; 'തര്‍ക്കമില്ലാത്ത വിഷയങ്ങളില്‍ തര്‍ക്കമുണ്ട് എന്ന് വരുത്തി യഥാര്‍ഥ പ്രശ്‌നങ്ങള്‍ മറച്ചുവെയ്ക്കാനാണ് ഇത്തരം ചോദ്യങ്ങളിലൂടെ ശ്രമിക്കുന്നത്'
Updated on
2 min read

ജിഎസ്ടി നഷ്ടപരിഹാരത്തുക നല്‍കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ വാദം തള്ളി സംസ്ഥാന ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കേരളം കൃത്യമായ രേഖകള്‍ സമര്‍പ്പിക്കുന്നില്ലെന്ന കേന്ദ്ര ധനമന്ത്രി നിര്‍മലസീതാരാമന്റെ പ്രസ്താവനയ്‌ക്കെതിരെ ബാലഗോപാല്‍ രംഗത്തെത്തി. കണക്കുകളെല്ലാം കൃത്യമായി സമര്‍പ്പിക്കുന്നുമുണ്ടെന്നും കേന്ദ്രവുമായുള്ള കത്തിടപാടുകള്‍ അതിന്റെ മുറയ്ക്ക് നടക്കുന്നുണ്ടെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. അതുകൊണ്ടാണ് നാളിതുവരെ എല്ലാ ഗഡുവും കേന്ദ്രം നല്‍കിയതെന്നും ധനമന്ത്രി വ്യക്തമാക്കി. ഇന്ന് ലോക്‌സഭയിലാണ് എന്‍ കെ പ്രേമചന്ദ്രന്‍ എം പിയുടെ ചോദ്യത്തിന് മറുപടി നല്‍കവെയാണ് കൃത്യമായ രേഖകള്‍ സമര്‍പ്പിക്കാതെ കേന്ദ്രം പണം നല്‍കുന്നില്ലെന്ന് കേരളം ആക്ഷേപിക്കുകയാണെന്ന് നിര്‍മലാ സീതാരാമന്‍ കുറ്റപ്പെടുത്തിയത്. ഉത്തരത്തിന് ആധാരമായ എന്‍ കെ പ്രേമചന്ദ്രന്‍ എം പിയുടെ ചോദ്യം തെറ്റിദ്ധരിപ്പിക്കുന്നതെന്നും കെഎന്‍ ബാലഗോപാല്‍ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

ജിഎസ്ടി നഷ്ടപരിഹാരമായി വലിയ തുക ലഭിക്കാനുണ്ടെന്നും അതാണ് ബജറ്റില്‍ അധിക സെസ് ഏര്‍പ്പെടുത്താന്‍ കാരണമെന്നുമാണ് കേരള സര്‍ക്കാര്‍ പറയുന്നതെന്നും ഇതിന്റെ വാസ്തവം എന്തെന്നുമായിരുന്നു എന്‍ കെ പ്രേമചന്ദ്രന്റെ ചോദ്യം. ഇതിന് മറുപടി നല്‍കവെയാണ് ജിഎസ്ടി നഷ്ടപരിഹാരം ലഭിക്കാന്‍ സമര്‍പ്പിക്കേണ്ട, എ ജി സാക്ഷ്യപ്പെടുത്തിയ രേഖകള്‍ കേരളം ഹാജരാക്കുന്നില്ലെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പറഞ്ഞത്. 2017 മുതല്‍ ഇതുവരെ രേഖകള്‍ നല്‍കിയിട്ടില്ല. ഒരു വര്‍ഷം പോലും ആവശ്യമായ രേഖ നല്‍കാതെയാണ് കേന്ദ്രം ജിഎസ്ടി നഷ്ടപരിഹാരം നല്‍കുന്നില്ലെന്ന് കേരളം ആരോപിക്കുന്നത്. എല്ലാവര്‍ഷത്തെയും രേഖകള്‍ ഒരുമിച്ച് അയച്ചാല്‍ തന്നെയും, അവ ലഭിച്ച് ന്യായമായ സമയത്തിനകം മുഴുവന്‍ തുകയും ലഭ്യമാക്കും. രേഖകള്‍ അയപ്പിക്കുന്നതില്‍ എന്‍ കെ പ്രേമചന്ദ്രന്‍ ഇടപെടമെന്നും പരിഹാസരൂപേണ മന്ത്രി പറഞ്ഞു.

'ജിഎസ്ടി കണക്കുകളെല്ലാം കൃത്യമായി സമര്‍പ്പിക്കുന്നുണ്ട്';    കേന്ദ്രമന്ത്രിയെ തള്ളി കെ എൻ ബാലഗോപാൽ
'രേഖകൾ ഹാജരാക്കൂ, പണം നൽകാം'; ജിഎസ്ടി നഷ്ടപരിഹാരത്തുക നൽകുന്നില്ലെന്ന കേരളത്തിന്റെ ആരോപണം തള്ളി കേന്ദ്രം

എന്നാല്‍ ജിഎസ്ടി കുടിശികയില്‍ കേന്ദ്രവുമായി സംസ്ഥാനത്തിന് തര്‍ക്കമില്ലെന്ന് കെഎന്‍ ബാലഗോപാല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. ''കേരളത്തെ സംബന്ധിച്ചിടത്തോളം 750 കോടി രൂപയുടെ ഒരു ഗഡു ജി എസ് ടി നഷ്ടപരിഹാരം മാത്രമാണ് ലഭിക്കാനുള്ളത്. കണക്കുകളെല്ലാം കൃത്യമായി സമര്‍പ്പിക്കുന്നുമുണ്ട്. കേന്ദ്രവുമായുള്ള കത്തിടപാടുകള്‍ അതിന്റെ മുറക്ക് നടക്കുന്നുമുണ്ട്. അതുകൊണ്ടാണ് നാളിതുവരെ എല്ലാ ഗഡുവും നമുക്ക് കേന്ദ്രം നല്‍കിയതും.'' കെ എന്‍ ബാലഗോപാല്‍ വിശദീകരിച്ചു.

പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ ഡിവിസിബിള്‍ പൂളില്‍ നിന്ന് സംസ്ഥാനത്തിന് നല്‍കുന്ന വിഹിതം 1.925% ആയി വെട്ടിക്കുറച്ചതിലൂടെ 18,000 ത്തോളം കൂടി രൂപയുടെ നഷ്ടമാണുണ്ടാകുന്നതെന്ന് കെഎൻ ബാലഗോപാൽ

തര്‍ക്കമില്ലാത്ത വിഷയങ്ങളില്‍ തര്‍ക്കമുണ്ട് എന്ന് വരുത്തി യഥാര്‍ഥ പ്രശ്‌നങ്ങള്‍ മറച്ചുവെയ്ക്കാനാണ് ഇത്തരം ചോദ്യങ്ങളിലൂടെ ചിലര്‍ ശ്രമിക്കുന്നത് എന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എംപിയെ ലക്ഷ്യമിട്ട് കെ എന്‍ ബാലഗോപാല്‍ കുറിച്ചു. ''സംസ്ഥനത്തിന് കിട്ടാനുള്ള ജി എസ് ടി കുടിശികയുടെ കാലതാമസം സംബന്ധിച്ച് കേരളവും കേന്ദ്ര സര്‍ക്കാരും തമ്മില്‍ നിലവില്‍ തര്‍ക്കങ്ങളില്ല. കേരളം ഉന്നയിക്കുന്ന പ്രശ്‌നം കുടിശികയുടേതോ അതനുവദിക്കുന്നതിലെ കാലതാമസത്തിന്റേതോ അല്ല. മറിച്ച് സംസ്ഥാനങ്ങള്‍ക്ക് അര്‍ഹമായി നല്‍കേണ്ടുന്ന വിഹിതം കേന്ദ്രം വെട്ടിക്കുറയ്ക്കുന്നു എന്നതിന്റേതാണ്.'' സംസ്ഥാന ധനമന്ത്രി വ്യക്തമാക്കി.

തര്‍ക്കമില്ലാത്ത വിഷയങ്ങളില്‍ തര്‍ക്കമുണ്ട് എന്ന് വരുത്തി യഥാര്‍ഥ പ്രശ്‌നങ്ങള്‍ മറച്ചുവെയ്ക്കാനാണ് ഇത്തരം ചോദ്യങ്ങളിലൂടെ ചിലര്‍ ശ്രമിക്കുന്നത്
കെ എന്‍ ബാലഗോപാല്‍

'ജി എസ് ടി നടപ്പിലാക്കിയതോടെ സംസ്ഥാനങ്ങളുടെ വരുമാനത്തില്‍ വലിയ കുറവാണുണ്ടായിട്ടുള്ളത്. 2022 ജൂണ്‍ 30-ന് ജിഎസ്ടി നഷ്ടപരിഹാരം അവസാനിപ്പിച്ചതോടെ കേരളത്തിനുണ്ടായത് പന്ത്രണ്ടായിരത്തോളം കോടി രൂപയുടെ നഷ്ടമാണ്. ജി എസ് ടി നഷ്ടപരിഹാരം അഞ്ചു വര്‍ഷം കൂടി ദീര്‍ഘിപ്പിക്കണം എന്ന് ബിജെപി ഭരിക്കുന്നതുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനും ഛത്തീസ്ഗഡും ഇതേ ആവശ്യം ഉന്നയിച്ചവരാണ്. പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ ഡിവിസിബിള്‍ പൂളില്‍ നിന്ന് സംസ്ഥാനത്തിന് നല്‍കുന്ന വിഹിതം 1.925% ആയി വെട്ടിക്കുറച്ചതിലൂടെ 18,000 ത്തോളം കൂടി രൂപയുടെ നഷ്ടമാണുണ്ടാകുന്നത്. ഇതൊക്കെയാണ് കേരളം ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍.'' അര്‍ഹമായ സാമ്പത്തിക വിഹിതം വെട്ടിക്കുറയ്ക്കുന്ന കേന്ദ്ര നിലപാടിനെതിരെ കക്ഷി രാഷ്ട്രീയ ഭേദമന്യേ സംസ്ഥാനമെുഴുവന്‍ ജനങ്ങളും അണിനിരക്കണമെന്നും കെ എന്‍ ബാലഗോപാല്‍ ആവശ്യപ്പെട്ടു.

logo
The Fourth
www.thefourthnews.in