കേരളം സമ്പൂർണ ഡിജിറ്റൽ ബാങ്കിങ് സംസ്ഥാനം
കേരളം ഇനി സമ്പൂര്‍ണ ഡിജിറ്റല്‍ ബാങ്കിങ് സംസ്ഥാനം. മുഖ്യമന്ത്രി പിണറായി വിജയന്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തി. ഡിജിറ്റൽ ബാങ്കിങ്ങിന്റെ പ്രാധാന്യം വലിയ തോതിൽ കൂടി വരികയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ സമ്പദ്ഘടനയെ കൂടുതൽ ഉത്തേജിപ്പിക്കാൻ ഡിജിറ്റൽ ബാങ്കിങ് ഉപകരിക്കും. ഇൻറർനെറ്റ് ബാങ്കിങ് സൗകര്യം ഒരുക്കുമ്പോൾ അതിന് മതിയായ സുരക്ഷാ കവചങ്ങൾ ഉണ്ടാകണം. ബാങ്കിങ് മേഖലയിൽ സൈബർ കുറ്റകൃത്യങ്ങൾ വർധിക്കുന്നു, ഇത് തടയുന്നതിനായി എക്കണോമിക് ഫോഴ്സ് വിങ്ങുകൾ ആരംഭിച്ചതായി മുഖ്യമന്ത്രി വ്യക്തമാക്കി.
കെ ഫോൺ പദ്ധതി പൂർത്തിയാകുന്നതോടെ സാധാരണക്കാർക്ക് കുറഞ്ഞ ചെലവിലും സൗജന്യമായും ഇന്റർനെറ്റ് സൗകര്യം ലഭ്യമാകും
മുഖ്യമന്ത്രി
'കുറ്റകൃത്യങ്ങൾക്ക് പഴുതുണ്ടാകാതെ നോക്കുന്നതിനായി പൊതുജനങ്ങൾക്ക് ആവശ്യമായ ബോധവത്കരണം നടത്തണം. സംസ്ഥാനത്തിന്റെ അഭിമാന പദ്ധതിയായ കെ റെയിലിന്റെ 90 ശതമാനം പ്രവർത്തനവും പൂർത്തിയായി. എല്ലാവർക്കും ഇന്റർനെറ്റ് ലഭ്യമാക്കാനാണ് കെ ഫോൺ പദ്ധതി കൊണ്ടുവന്നത്. പദ്ധതി പൂർണമായി പൂർത്തിയാകുന്നതോടെ സാധാരണക്കാർക്ക് കുറഞ്ഞ ചെലവിലും സൗജന്യമായും ഇന്റർനെറ്റ് സൗകര്യം ലഭ്യമാകും' മുഖ്യമന്ത്രി പറഞ്ഞു.
ബാങ്കിങ് ഇടപാട് പരമാവധി ഡിജിറ്റൽ ആക്കാനും, ഓൺലൈൻ ബാങ്കിങ് സേവനങ്ങൾ ഉപയോഗിക്കാൻ ജനങ്ങളെ പ്രാപ്തരാക്കാൻ ലക്ഷ്യമിട്ടുമാണ് സംസ്ഥാനത്ത് സമ്പൂർണ്ണ ഡിജിറ്റൽ ബാങ്കിങ് പദ്ധതി നടപ്പിലാക്കിയത്. റിസർവ് ബാങ്കിന്റെ നിർദേശമനുസരിച്ച് പരീക്ഷണാടിസ്ഥാനത്തിൽ തൃശൂർ, കോട്ടയം ജില്ലകളിൽ ആരംഭിച്ച സമ്പൂർണ ഡിജിറ്റലൈസേഷൻ പിന്നീട് എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിച്ചു.
സേവിങ്സ് അക്കൗണ്ടുകൾ ഡിജിറ്റലാക്കിയവരിൽ 1.75 കോടിയോളം പേർ സ്ത്രീകളാണ്
3.60 കോടിയിലധികം സേവിങ്സ് അക്കൗണ്ടുകളും 7.18 ലക്ഷം കറന്‍റ് /ബിസിനസ് അക്കൗണ്ടുകളും പദ്ധതിയുടെ ഭാഗമായി ഡിജിറ്റലാക്കാൻ കഴിഞ്ഞു. സേവിങ്സ് അക്കൗണ്ടുകൾ ഡിജിറ്റലാക്കിയവരിൽ 1.75 കോടിയോളം പേർ സ്ത്രീകൾ ആണെന്നതും അഭിമാനകരമായ നേട്ടമാണ്. സുരക്ഷിതമായും വേഗത്തിലും സൗകര്യപ്രദമായി ഡിജിറ്റലായി പണം സ്വീകരിക്കാനും അയയ്ക്കാനും ഗുണഭോക്താക്കളെ പ്രാപ്തരാക്കുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയുടെ നേതൃത്വത്തിലാണ് സമ്പൂർണ ഡിജിറ്റൽ ബാങ്കിങ് സംസ്ഥാനം എന്ന നേട്ടം കേരളം സ്വന്തമാക്കുന്നത്.