വഖഫ് ബോര്‍ഡ് നിയമനം പിഎസ്‌സിക്ക് വിട്ട  തീരുമാനം സർക്കാർ റദ്ദാക്കി; ബില്‍ നിയമസഭ പാസാക്കി

വഖഫ് ബോര്‍ഡ് നിയമനം പിഎസ്‌സിക്ക് വിട്ട തീരുമാനം സർക്കാർ റദ്ദാക്കി; ബില്‍ നിയമസഭ പാസാക്കി

സർക്കാര്‍ തീരുമാനം സ്വാ​ഗതം ചെയ്യുന്നതായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍
Updated on
1 min read

വഖഫ് ബോര്‍ഡ് നിയമനം പിഎസ്‌സിക്ക് വിട്ട തീരുമാനം സംസ്ഥാന സർക്കാർ റദ്ദാക്കി. നിയമം പിൻവലിക്കാനുള്ള ബിൽ നിയമസഭ പാസാക്കി. വഖഫ് നിയമനം പിഎസ്‌സിക്ക് വിട്ട തീരുമാനത്തിനെതിരേ വലിയ പ്രതിഷേധം ഉയർന്ന പശ്ചാത്തലത്തിലാണ് സർക്കാരിന്റെ പിന്മാറ്റം. ഇന്നലെ ചേർന്ന മന്ത്രിസഭാ യോ​ഗമാണ് നിയമം റദ്ദാക്കാനുള്ള തീരുമാനത്തിന് അനുമതി നൽകിയത്. സർക്കാര്‍ തീരുമാനത്തെ സ്വാ​ഗതം ചെയ്യുന്നതായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അറിയിച്ചു.

വഖഫ് ബോര്‍ഡില്‍ ഒഴിവ് വരുന്ന നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടാന്‍ 2016ലാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. ഇത് സംബന്ധിച്ച് ആദ്യം ഓര്‍ഡിനന്‍സും പിന്നീട് ബില്ലും നിയമസഭ പാസാക്കുകയായിരുന്നു. ബില്‍ പിന്നീട് സബ്ജറ്റ് കമ്മിറ്റിക്ക് വിടുകയും ചെയ്തു.

നിയമ നിര്‍മാണത്തിന് പിന്നാലെ മുസ്ലിം സാമുദായിക സംഘടനകളും ആശങ്ക പ്രകടിപ്പിച്ചതോടെ വിഷയം വലിയ വിവാദത്തിലേക്കും രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങളിലേക്കും തിരിയുകയായിരുന്നു. വിഷയം മുസ്ലീം ലീഗ് എറ്റെടുക്കുകയും വലിയ പ്രതിഷേധങ്ങള്‍ക്ക് തുടക്കമിടുകയും ചെയ്തു. പ്രതിഷേധം ശക്തമായതോടെ മുഖ്യമന്ത്രി തന്നെ പ്രശ്നപരിഹാരത്തിന് ഇടപെട്ടു. മുസ്ലിം സംഘടനാ പ്രതിനിധികളുടെ യോഗം വിളിച്ച മുഖ്യമന്ത്രി മുസ്ലീം ലീഗിനെ മാറ്റി നിര്‍ത്തി പ്രശ്ന പരിഹാരത്തിന് ശ്രമിച്ചതോടെ വഖഫ് വിഷയം വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചു.

വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടാനുള്ള ബില്‍ നിയമസഭ പാസാക്കിയപ്പോഴും വിശദ പരിശോധനയ്ക്ക് സബ്ജക്ട് കമ്മിറ്റിക്ക് വിട്ടപ്പോഴും മുസ്ലിംലീഗ് എതിരഭിപ്രായം പ്രകടിപ്പിച്ചില്ലെന്ന നിലപാടായിരുന്നു ഇക്കാര്യത്തില്‍ മുഖ്യമന്ത്രി സ്വീകരിച്ചത്. ജൂലായ് 20നാണ് നിയമം പിന്‍വലിക്കുകയാണെന്ന് മുഖ്യമന്ത്രി അറിയിച്ചത്.

logo
The Fourth
www.thefourthnews.in