മനുഷ്യ - വന്യജീവി സംഘര്‍ഷം പഠിക്കാന്‍ രണ്ട് സമിതി, പദ്ധതിക്ക് വേണ്ട കോടികള്‍ കണ്ടെത്താന്‍ വീണ്ടുമൊരു സമിതി

മനുഷ്യ - വന്യജീവി സംഘര്‍ഷം പഠിക്കാന്‍ രണ്ട് സമിതി, പദ്ധതിക്ക് വേണ്ട കോടികള്‍ കണ്ടെത്താന്‍ വീണ്ടുമൊരു സമിതി

ആയിരം കോടിയിലധികം രൂപയുടെ പദ്ധതിയാണ് രണ്ട് സമിതികൾ മുന്നോട്ടുവച്ചത്
Updated on
1 min read

മനുഷ്യ- വന്യജീവി സംഘര്‍ഷം പഠിക്കാന്‍ രണ്ട് സമിതി. ഈ സമിതികൾ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ വേണ്ട ഫണ്ട് കണ്ടെത്താന്‍ മറ്റൊരു അഞ്ചംഗ സമിതി. കേരള വനം - വന്യജീവി വകുപ്പിന്റേതാണ് മേല്‍പ്പറഞ്ഞ വിചിത്ര ഉത്തരവ്.

മനുഷ്യ- വന്യജീവി സംഘര്‍ഷങ്ങള്‍ ഉണ്ടാകുന്നതിന്റെ കാരണവും പരിഹാരവും പഠനം നടത്തി കണ്ടെത്തി 2021-22 കാലയളവില്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് വൈല്‍ഡ്‌ലൈഫ് & ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ അഞ്ച് വര്‍ഷത്തേക്ക് 620 കോടി രൂപ ചെലവ് കണക്കാക്കിയിരുന്നു.

ഇതിനു പുറമേ ഇതേകാലയളവില്‍ രൂപീകരിച്ച മറ്റൊരു എക്സ്പെര്‍ട്ട് സബ് ഗ്രൂപ്പ് ഇതേ വിഷയത്തില്‍ വിശദമായ പഠനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഈ വിദഗ്ധ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ വേണ്ടിവരുന്നതാകട്ടെ 10 വര്‍ഷത്തേക്ക് 1,150 കോടി.

Attachment
PDF
openIssuedGOList - 2023-06-22T133706.166.pdf
Preview

സര്‍ക്കാര്‍ ഖജനാവ് കാലിയായിരിക്കുന്ന സാഹചര്യത്തില്‍ എവിടുന്ന് കോടിക്കണക്കിന് രൂപ കണ്ടെത്തുമെന്ന് നിര്‍ദേശിക്കാന്‍ വനം-വന്യജീവി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ ആര്‍ ജ്യോതിലാലിന്റെ നേതൃത്വത്തില്‍ അടുത്ത സമിതി രൂപീകരിച്ചുകൊണ്ടുള്ള വിചിത്ര ഉത്തരവാണ് ഇന്ന് വനംവകുപ് പുറത്തിറക്കിയത്.

ഫിനാന്‍സ് റിസോഴ്‌സ് വകുപ്പിലെ മുഹമ്മദ് വൈ സഫിറുള്ള, ഫോറസ്റ്റ് പ്ലാനിങ് ഡെവലപ്‌മെന്റിന്റെ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഡി ആര്‍ പ്രസാദ് ഐഎഫ്എസ്, ഡോ. തോമസ് കുരുവിള ഐഎഫ്എസ്(റിട്ടയേഡ്), പറമ്പികുളം ടൈഗര്‍ കണ്‍സര്‍വേഷന്‍ ഫൗണ്ടേഷന്റെ ലീഡ് വൈല്‍ഡ് ലൈഫ് മോണിറ്ററിങ് വിദഗ്ദന്‍ ഡോ. എം ബാലസുബ്രഹ്‌മണ്യന്‍ എന്നിവരടങ്ങുന്ന അഞ്ചംഗ സമിതിക്കാണ് രണ്ട് റിപ്പോര്‍ട്ടുകളും പരിഗണിച്ച് ഹ്രസ്വകാല പദ്ധതികളും ദീര്‍ഘകാല പദ്ധതികളും ആവിഷ്ക്കരിക്കാനും അതിനാവശ്യമായ സാമ്പത്തിക സ്രോതസ് കണ്ടെത്താനുമുള്ള ചുമതല.

logo
The Fourth
www.thefourthnews.in