ബഫര്‍ സോണ്‍ മേഖല
ബഫര്‍ സോണ്‍ മേഖല

ബഫർ സോൺ ഉത്തരവ് തിരുത്താന്‍ മന്ത്രിസഭാ യോഗ തീരുമാനം

2019 ലെ ഉത്തരവ് പ്രകാരം വനാതിര്‍ത്തിക്ക് പുറത്ത് ഒരു കിലോ മീറ്ററാണ് ബഫർസോൺ പരിധി
Updated on
1 min read

ലക്ഷക്കണക്കിന് ആളുകൾക്ക് വീടും കൃഷിയും നഷ്ടപ്പെടുന്ന ബഫർ സോൺ ഉത്തരവ് തിരുത്താൻ മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. 2019 ലെ ഉത്തരവ് പ്രകാരം വനാതിര്‍ത്തിക്കു പുറത്ത് ഒരു കിലോ മീറ്ററാണ് ബഫർസോൺ. ഇതിൽ ജനവാസകേന്ദ്രവും കൃഷി മേഖലയും ഉൾപ്പെടുന്ന ഭാഗം ഒഴിവാക്കിയായിരിക്കും പുതിയ ഉത്തരവ്.

പരിസ്ഥിതി ലോല മേഖലക്കെതിരെ സുപ്രീംകോടതിയെ സമീപിക്കണമെങ്കിൽ ജനവാസ കേന്ദ്രങ്ങളെ ബഫര്‍ സോണില്‍ നിന്ന് ഒഴിവാക്കിയെ മതിയാകൂവെന്ന വിലയിരുത്തലിനെ തുടർന്നാണ് സര്‍ക്കാറിന്റെ പുതിയ നീക്കം. സുപ്രീം കോടതിയില്‍ തുടര്‍നടപടി സ്വീകരിക്കാന്‍ വനംവകുപ്പിനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

ജനവാസകേന്ദ്രവും കൃഷി മേഖലയും ഉൾപ്പെടുന്ന ഭാഗം തിരുത്തികൊണ്ടായിരിക്കും പുതിയ ഉത്തരവിറക്കുക

ഉത്തരവ് തിരുത്തിയ ശേഷം കേരളത്തിന്റെ ആവശ്യം സുപ്രീം കോടതി സ്വീകരിക്കുമോയെന്നതും പ്രധാനമാണ്. രാജ്യവ്യാപകമായികൊണ്ടുവരുന്ന സുപ്രീം കോടതിയുടെ നിർദേശങ്ങളിൽ കുറഞ്ഞ ഭൂപ്രദേശവും കൂടുതൽ ജനസാന്ദ്രതയുമുള്ള കേരളത്തിന് എന്തെങ്കിലും ഇളവ് ലഭിക്കുമോയെന്ന് സംസ്ഥാനം ഉറ്റുനോക്കുകയാണ്. സംരക്ഷിത വനമേഖലയ്ക്കു ചുറ്റുമുള്ള ഒരു കിലോമീറ്റർ വരെയുള്ള ഭാഗം ബഫർസോണാക്കണമെന്ന സുപ്രീംകോടതി വിധി മറികടക്കാനായില്ലെങ്കിൽ കേരളത്തില്‍ ഇതിന്റെ പ്രത്യാഘാതം വളരെ വലുതായിരിക്കും. ടൂറിസം മേഖലയെയും കാര്യമായി ബാധിക്കും.

കുറഞ്ഞ ഭൂപ്രദേശവും കൂടുതൽ ജനസാന്ദ്രതയുമുള്ള കേരളത്തിന് എന്തെങ്കിലും ഇളവ് ലഭിക്കുമോയെന്ന് സംസ്ഥാനം ഉറ്റുനോക്കുകയാണ്
മന്ത്രിസഭാ യോഗം
മന്ത്രിസഭാ യോഗം

കേരളത്തിലെ വന്യജീവി സങ്കേതങ്ങളുടെ ആകെ വിസ്തീർണം എട്ടു ലക്ഷം ഏക്കറോളമാണ്. ഒരു കിലോമീറ്റർ ബഫർ സോണായി മാറുമ്പോൾ ഏകദേശം നാലു ലക്ഷം ഏക്കർ വിസ്തൃതിയിലെ മനുഷ്യവാസത്തെയാണ് ബാധിക്കുക.16 വന്യജീവി സങ്കേതങ്ങളും അഞ്ചു ദേശീയ ഉദ്യാനങ്ങളും രണ്ടു കടുവാ സങ്കേതങ്ങളും ഉൾപ്പെടെ 23 സംരക്ഷിത വനപ്രദേശങ്ങളാണ് കേരളത്തിലുള്ളത്. 3211.73 ചതുരശ്ര കിലോമീറ്റർ ഇവയുടെ വിസ്തൃതി. ഈ മേഖലയുടെ ഒരു കിലോമീറ്റർ ചുറ്റളവിൽ ചെറുനഗരങ്ങളുൾപ്പെടെ ലക്ഷക്കണക്കിനാളുകൾ താമസിക്കുന്നുണ്ട്. ജനവാസം സംബന്ധിച്ച കൃത്യമായ കണക്ക് ലഭ്യമാകണമെങ്കിൽ സർവേ നടപടികൾ പൂർത്തിയാകേണ്ടതുണ്ട്. നിലവിൽ മേഖലയിൽ സ്ഥിരം കെട്ടിടങ്ങൾ, ഖനനം എന്നിവ പാടില്ലെന്നാണ് വിധി. അതേസമയം, ബഫർസോൺ ഉത്തരവിൽ സംസ്ഥാനങ്ങൾക്ക് പരാതിയോ ആശങ്കയോ ഉണ്ടെങ്കിൽ ഉന്നതാധികാര കേന്ദ്രങ്ങളെയോ പരിസ്ഥിതി മന്ത്രാലയത്തെയോ സമീപിക്കാമെന്നും കോടതി വ്യക്തമാക്കിയിരുന്നു. എന്നാൽ ബഫർ സോൺ വിധിയിൽ ഇളവ് തീരുമാനിക്കേണ്ടത് കോടതിയാണെന്നാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്‍റെ നിലപാട്.

logo
The Fourth
www.thefourthnews.in