പി ബി അനിതയെ നിയമിച്ച് ഉത്തരവ്; നിയമനം പുനപ്പരിശോധനാ ഹർജിയിലെ ഹൈക്കോടതി വിധിയ്ക്ക് വിധേയമെന്ന് സര്‍ക്കാര്‍
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്ന് സ്ഥലം മാറ്റിയ സീനിയര്‍ നഴ്‌സിംഗ് ഓഫീസര്‍ അനിതക്ക് നിയമനം നല്‍കികൊണ്ടുള്ള ഉത്തരവിറങ്ങി. ആരോഗ്യ മന്ത്രിയുടെ നിര്‍ദേശ പ്രകാരം ഡിഎംഇ ആണ് നിയമന ഉത്തരവ് ഇറക്കിയത്. എന്നാല്‍, നിയമനം കഴിഞ്ഞ ദിവസം സര്‍ക്കാര്‍ സമര്‍പ്പിച്ച പുനപ്പരിശോധനാ ഹര്‍ജിയുടെ അന്തിമ വിധിക്ക് അനുസരിച്ച് മാത്രമായിരിക്കും എന്നും ഉത്തരവ് വ്യക്തമാക്കുന്നു.
ഏപ്രിൽ 4 നാണ് സർക്കാർ പുനഃപരിശോധനാ ഹർജി നൽകിയത്. എന്നാൽ നിലവിൽ അനിതക്ക് നിയമനം നൽകാൻ സർക്കാർ തലത്തില്‍ ധാരണയായിട്ടുള്ളതിനാൽ പുനപ്പരിശോധനാ ഹർജി പരിഗണിക്കുമ്പോൾ ഇക്കാര്യം കോടതിയെ അറിയിക്കും. ഇക്കാര്യം നിയമന ഉത്തരവിലും സര്‍ക്കാന്‍ വ്യക്തമാക്കുന്നുണ്ട്. അനിതയ്ക്ക് നിയമനം നല്‍കേണ്ട നഴ്സിംഗ് ഓഫീസർ തസ്തികയിൽ നിലവില്‍ നിയമനത്തിന് യോഗ്യതയുള്ള 18 പേരുണ്ട്. ഇതിൽ കൂടുതൽ പേരും ദീർഘകാലമായി കോഴിക്കോടിന് പുറത്ത് ജോലി ചെയ്തവരാണ്. അവർക്കാണ് മുൻഗണന നൽകേണ്ടത്, എന്നീ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ പുനപ്പരിശോധനാ ഹർജി സമർപ്പിച്ചിരിക്കുന്നത്.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ രോഗിയായ യുവതി ഐസിയുവില്‍ പീഡനത്തിനിരയായ സംഭവത്തില്‍ നടപടി നേരിട്ട നഴ്സിങ് ഓഫീസർ ആണ് അനിത. ഇരയായ യുവതിയെ മൊഴിമാറ്റുന്നതിനായി ആറ് വനിതാ ജീവനക്കാർ ഭീഷണിപ്പെടുത്തിയതായി റിപ്പോര്‍ട്ട് നല്‍കിയത് അനിതയായിരുന്നു. എന്നാല്‍ ഐസിയുവിൽ രോഗി പീഡനത്തിരയായ സംഭവത്തിൽ വീഴ്ചപറ്റിയെന്ന അന്വേഷണ കമ്മീഷന്‍ റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ അനിതയ്ക്കെതിരെ നടപടി എടുക്കുകയായിരുന്നു.
അനിതയ്ക്ക് നിയമനം നല്‍കാന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഒഴിവില്ലെന്നായിരുന്നു ആരോഗ്യവകുപ്പിന്റെ വാദം
ഇടുക്കിയിലേക്കാണ് അനിതയെ സ്ഥലം മാറ്റിയത്. ഇതിനെതിരെ നിയമ പോരാട്ടത്തിന് ഇറങ്ങിയ അനിതയെ തിരികെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തന്നെ പ്രവേശിപ്പിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നെങ്കിലും ആരോഗ്യവകുപ്പ് തയാറായിരുന്നില്ല. അനിതയ്ക്ക് നിയമനം നല്‍കാന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഒഴിവില്ലെന്നായിരുന്നു ആരോഗ്യവകുപ്പിന്റെ വാദം. ഇതിനെതിരെ അനിത ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയെടുക്കുകയും ചെയ്തിരുന്നു.
കോടതി ഇടപെടലിന് പിന്നീലെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തന്നെ അനിതയ്ക്ക് നിയമനം നല്‍കുന്നതിനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ ശനിയാഴ്ച വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് അടുത്ത ദിവസം സര്‍ക്കാരിന്റെ ഹര്‍ജി കോടതിക്ക് മുന്നിലെത്തുന്നത്. അനിത നൽകിയ കോടതിയലക്ഷ്യ ഹർജിയും തിങ്കളാഴ്ച പരിഗണിക്കും.
2023 മാർച്ച് 18നായിരുന്നു ശസ്ത്രക്രിയക്ക് ശേഷം ഐസിയുവില്‍ തുടർന്ന യുവതിയെ ജീവനക്കാരന്‍ പീഡിപ്പിച്ചത്. തുടർന്ന് യുവതി പരാതി നല്‍കുകയും ചെയ്തു. എന്നാല്‍ ആറ് വനിതാ ജീവനക്കാർ യുവതിയെ മൊഴിമാറ്റുന്നതിനായി ഭീഷണിപ്പെടുത്തിയതായി അനിത റിപ്പോർട്ട് നല്‍കി. ഇത് സംബന്ധിച്ച് മൊഴി നല്‍കിയ അനിത, ചീഫ് നഴ്സിങ് ഓഫിസർ, നഴ്സിങ് സൂപ്രണ്ട് എന്നിവർക്കെതിരെ നടപടിയുണ്ടായി. മൂവരേയും ആരോഗ്യവകുപ്പ് സ്ഥലം മാറ്റുകയായിരുന്നു. അഡ്മിനിസ്ട്രേറ്റീവ് ട്രൈബൂണലില്‍ നിന്ന് സ്റ്റേ ലഭിച്ച ചീഫ് നഴ്സിങ് ഓഫിസർ, നഴ്സിങ് സൂപ്രണ്ട് എന്നിവർ ജോലിയില്‍ തിരികെ പ്രവേശിക്കുകയുമായിരുന്നു. അനിതയ്ക്ക് നിയമനം നല്‍കാന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഒഴിവില്ലെന്നായിരുന്നു ആരോഗ്യവകുപ്പിന്റെ വാദം.
കോടതി ഉത്തരവ് നടപ്പാക്കാത്തതിനെ തുടർന്ന് അനിത മെഡിക്കല്‍ കോളേജില്‍ ആരോഗ്യവകുപ്പിനെതിരെ സമരം ആരംഭിക്കുകയും അതിജീവിത പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. കണ്ണുകെട്ടിയായിരുന്നു അതിജീവിതയുടെ പ്രതിഷേധം. കണ്ണുതുറക്കാത്ത ആരോഗ്യമന്ത്രിക്കെതിരെയാണ് കണ്ണുകെട്ടിയുള്ള സമരമെന്നായിരുന്നു അതിജീവിതയുടെ വിശദീകരണം. അനിതയുടെ സമരത്തിന് പിന്തുണയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉള്‍പ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു.