കേരള  ഹൈക്കോടതി
കേരള ഹൈക്കോടതി

വിരമിച്ച ഹൈക്കോടതി ജഡ്ജിമാരുടെ അലവന്‍സ് കുത്തനെ കൂട്ടി സര്‍ക്കാര്‍

നിലവിലെ തുക സഹായികള്‍ക്ക് ശമ്പളം നല്കാന്‍ തികയുന്നില്ലെന്ന് ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍
Updated on
1 min read

വിരമിച്ച ഹൈക്കോടതി ജഡ്ജിമാര്‍ക്ക് വീട്ടില്‍ സഹായികളെ നിയമിക്കാന്‍ നല്‍കിവരുന്ന അലവന്‍സ് കുത്തനെ കൂട്ടി കേരള സര്‍ക്കാര്‍. ഇനി മുതല്‍ വിരമിച്ച ചീഫ് ജസ്റ്റിസിന് പ്രതിമാസം 25,000 രൂപയും വിരമിച്ച ജഡ്ജിമാര്‍ക്ക് പ്രതിമാസം 20,000 രൂപയുമാണ് പോസ്റ്റ്-റിട്ടയര്‍മെന്റ് അലവന്‍സ് ആയി ലഭിക്കുക. യഥാക്രമം 14,000, 12,000 രൂപയായിരുന്ന പ്രതിമാസ പ്രത്യേക വേതനം വര്‍ധിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശാനുസരണം ചീഫ് സെക്രട്ടറി വി പി ജോയ് കഴിഞ്ഞ ദിവസം ഉത്തരവിട്ടു. ചീഫ് ജസ്റ്റിസിന്റെ അലവന്‍സ് 79 ശതമാനവും ജഡ്ജിമാരുടേത് 67 ശതമാനവുമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്.

എട്ട് വർഷം മുന്‍പാണ് വിരമിച്ച ജഡ്ജിമാര്‍ക്ക് വീട്ടുവേലക്കാരെ നിയമിക്കാനായി തുക അനുവദിച്ചു തുടങ്ങിയത്. സുപ്രീംകോടതിയുടെ ഒരു ഉത്തരവനുസരിച്ച് സംസ്ഥാന സർക്കാർ ജഡ്ജിമാര്‍ക്ക് 2014 ജനുവരി ഒന്ന് മുതല്‍ അധിക അലവന്‍സ് നല്കാന്‍ തുടങ്ങി.

നിലവില്‍ അനുവദിച്ചിരിക്കുന്ന തുക ഡ്രൈവര്‍ക്കും, സഹായിക്കും സുരക്ഷാ ജീവനക്കാരനും ശമ്പളം നല്കാന്‍ തികയുന്നില്ലെന്നും അലവന്‍സ് അടിയന്തരമായി വര്‍ധിപ്പിക്കണമെന്നും കാട്ടി ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ 2021 ജനുവരിയിലും 2022 ജൂലൈയിലും ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നു. കഴിഞ്ഞ മാസം മുഖ്യമന്ത്രിയുമായി നടന്ന കൂടിക്കാഴ്ചയില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഈ വിഷയം ഉന്നയിച്ചിരുന്നുവെന്നും ഒരു ഉന്നത ഉദ്യോഗസ്ഥന്‍ ദ ഫോര്‍ത്തിനോട് പറഞ്ഞു. തുടര്‍ന്നാണ് അടിയന്തരമായി വേതനം വര്‍ധിപ്പിക്കാന്‍ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയത്.

ജഡ്ജിമാര്‍ക്ക് നിയമപരമായി ലഭിക്കുന്ന പെന്‍ഷന്‍ തുകയ്ക്ക് പുറമെയാണ് ഈ അധിക വേതനം. സേവനകാലയളവ് അനുസരിച്ചാണ് ജഡ്ജിമാരുടെ പെന്‍ഷന്‍ നിര്‍ണയിക്കുന്നത്. കുറഞ്ഞ സര്‍വീസ് ഉള്ള ജഡ്ജിയാണെങ്കില്‍ പോലും ഒരു ലക്ഷം രൂപയ്ക്ക് മേല്‍ പെന്‍ഷന്‍ ലഭിക്കുമെന്ന് ധനകാര്യ വകുപ്പിലെ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇതിനുപുറമെ പ്രതിമാസം 1500 കാളുകള്‍ സൗജന്യമായി വിളിക്കാവുന്ന ടെലിഫോണും വിരമിച്ച ജഡ്ജിമാര്‍ക്ക് വീട്ടില്‍ ലഭ്യമാണ്.

logo
The Fourth
www.thefourthnews.in