പ്രഖ്യാപനത്തില്‍ ഒതുങ്ങി കെ-സ്റ്റോറുകള്‍; സൗകര്യങ്ങള്‍ ഒരുക്കി കാത്തിരുന്ന വ്യാപാരികള്‍ പ്രതിസന്ധിയില്‍

പ്രഖ്യാപനത്തില്‍ ഒതുങ്ങി കെ-സ്റ്റോറുകള്‍; സൗകര്യങ്ങള്‍ ഒരുക്കി കാത്തിരുന്ന വ്യാപാരികള്‍ പ്രതിസന്ധിയില്‍

വീട്ടിലേക്കാവശ്യമായ നിത്യോപയോഗ സാധനങ്ങള്‍ മുതല്‍ ഗ്യാസ് വരെ വാങ്ങാവുന്ന തരത്തില്‍ റേഷന്‍ കടകള്‍ സ്മാര്‍ട്ടാക്കുമെന്നായിരുന്നു പ്രഖ്യാപനം
Updated on
3 min read

രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച കെ സ്റ്റോർ പദ്ധതി കടലാസിൽ ഉറങ്ങുന്നു. സംസ്ഥാനത്തെ റേഷൻ കടകളെ അടിമുടി സ്മാർട്ടാക്കുക എന്ന ലക്ഷ്യത്തോടെ നൂറുദിന കര്‍മ പദ്ധതികളിലുള്‍പ്പെടുത്തിയായിരുന്നു കെ സ്റ്റോർ പ്രഖ്യാപനം. വീട്ടിലേക്കാവശ്യമായ നിത്യോപയോഗ സാധനങ്ങള്‍ മുതല്‍ ഗ്യാസ് വരെ വാങ്ങാവുന്ന തരത്തില്‍ റേഷന്‍ കടകള്‍ സ്മാര്‍ട്ടാക്കുമെന്നായിരുന്നു വാഗ്ദാനം. 2022 മേയ് 20ന് ആദ്യ കെ-സ്റ്റോര്‍ ഉദ്ഘാടനം ചെയ്യുമെന്ന പ്രഖ്യാപനം പിന്നീട് പല കാരണങ്ങളാല്‍ നീണ്ടു പോയതോടെ സര്‍ക്കാര്‍ തന്നെ ഇക്കാര്യം മറന്ന മട്ടാണ്.

എന്നാല്‍, സര്‍ക്കാര്‍ പ്രഖ്യാപനത്തില്‍ വിശ്വാസം അര്‍പ്പിച്ച് അടിസ്ഥാന സൗകര്യങ്ങള്‍ ഉള്‍പ്പെടെ ഒരുക്കാന്‍ പണം മുടക്കി കാത്തിരുന്ന റേഷന്‍ വ്യാപാരികള്‍ നേരിടുന്നത് വലിയ പ്രതിസന്ധിയാണ്. സാമ്പത്തിക പ്രതിസന്ധിയാണ് പദ്ധതി ആരംഭിക്കാൻ വൈകുന്നതെന്നാണ് ആക്ഷേപം.

സംസ്ഥാനത്തെ ആയിരത്തോളം റേഷൻകടകൾക്ക് ന്യൂജെൻ പരിവേഷം നൽകാനായിരുന്നു പദ്ധതിയിലൂടെ ലക്ഷ്യമിട്ടത്. ഇതിന്റെ ഭാഗമായി 70 റേഷൻ കടകളുടെ പട്ടികയും ഭക്ഷ്യ പൊതുവിതരണ​ വകുപ്പിന് ജില്ലാ സപ്ലൈ ഓഫീസർമാർ കൈമാറി. 14 ജില്ലകളിലായി അഞ്ച് റേഷൻ കടകളെയാണ് ആദ്യഘട്ടത്തിൽ പദ്ധതിക്കായി തിരഞ്ഞെടുത്തത്.

പിന്നീടാണ്, പ്രതിസന്ധികള്‍ ആരംഭിക്കുന്നത്. 2022 മേയ് 20ന് ആദ്യ കെ-സ്റ്റോര്‍ ഉദ്ഘാടനം ചെയ്യുമെന്ന് സർക്കാർ അറിയിച്ചിരുന്നെങ്കിലും തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് കാരണം പദ്ധതിയുടെ ഉദ്ഘാടനം ജൂണിലേക്ക് നീട്ടി. പക്ഷേ പിന്നീട് അത്തരം ഒരു നീക്കവും ഉണ്ടായില്ല. ആറ് മാസങ്ങള്‍ക്ക് ശേഷം കഴിഞ്ഞ ഡിസംബർ അഞ്ചിന് സംസ്ഥാനത്തെ മുഴുവൻ റേഷൻ കടകളും കെ-സ്റ്റോ‌ർ ആക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറയുകയും ചെയ്തു. ഈ പ്രഖ്യാപനം നടന്നിട്ടും ഇപ്പോള്‍ മൂന്ന് മാസം പിന്നിട്ടുകഴിഞ്ഞു.

സ്മാർട്ട് റേഷൻ കടകൾ മുന്നിൽക്കണ്ട് പുതിയ വാടകമുറികൾ ഉൾപ്പെടെ അധിക സൗകര്യമൊരുക്കാന്‍ നാലു മുതൽ അഞ്ച് ലക്ഷം രൂപ വരെ വ്യാപാരികള്‍ മുടക്കിയിട്ടുണ്ട്. ഇതെല്ലാം ഭീമമായ സാമ്പത്തിക ബാധ്യതയാണ് സൃഷ്ടിക്കുന്നത്

പദ്ധതി അനന്തമായി നീളുമ്പോൾ സ്മാർട്ട് റേഷൻ കടകൾ മുന്നിൽക്കണ്ട് പുതിയ വാടകമുറികൾ ഉൾപ്പെടെ അധിക സൗകര്യമൊരുക്കിയ സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ സഹിക്കുന്നത് ഭീമമായ സാമ്പത്തിക നഷ്ടമാണ്. പദ്ധതിയുടെ ഭാഗമായി മിനി ബാങ്കിങ്, അക്ഷയകേന്ദ്രം, മാവേലി സ്റ്റോര്‍, മിനി ഗ്യാസ് ഏജന്‍സി, മില്‍മാ ബൂത്ത് എന്നിവ ഒരുക്കുന്നതിന് റേഷൻ വ്യാപാരികൾ നാലു മുതൽ അഞ്ച് ലക്ഷം രൂപ വരെ മുടക്കിയിട്ടുണ്ട്. ഇതെല്ലാം വ്യാപാരികളെ തള്ളിവിട്ടത് ഭീമമായ സാമ്പത്തിക ബാധ്യതയിലേക്കാണെന്ന് അനുഭവസ്ഥര്‍ പറയുന്നു. വാടകയ്ക്ക് അധിക കടമുറിയെടുത്തവർ മാസംതോറും ഭീമമായ വാടക നൽകേണ്ടി വരുന്നതായി ഓൾ കേരള റേഷൻ ഡീലേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പോത്തൻകോട് ജയകുമാറും സാക്ഷ്യപ്പെടുത്തുന്നു.

റേഷൻ കടകൾ വഴി ശബരി സ്റ്റോർ എന്ന പദ്ധതി നേരത്തെ സംസ്ഥാനത്ത് നടപ്പാക്കിയിരുന്നു. പിന്നീട് മാറിമാറി വന്ന സർക്കാരുകളുടെ നയം മൂലം പദ്ധതി പ്രാവർത്തികമല്ലാതായതോടെ ഉപേക്ഷിക്കേണ്ട സാഹചര്യമായി. ശബരി സ്റ്റോർ പദ്ധതി വ്യാപാരികളുടെ തലയിൽ വലിയ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാക്കിയതെന്ന് ജയകുമാർ ചൂണ്ടിക്കാണിക്കുന്നു. കെ സ്റ്റോർ പദ്ധതിയും സമാന സാഹചര്യത്തിലേക്ക് ചെന്നെത്തിക്കുമോ എന്ന ആശങ്കയും അദ്ദേഹം പങ്കുവയ്ക്കുന്നു.

പൊതുജന സേവന കേന്ദ്രങ്ങൾ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ഐടി വകുപ്പ് പുറത്തിറക്കിയ ഉത്തരവ് നിലനിൽക്കുന്നതാണ് പദ്ധതി ആരംഭിക്കുവാൻ വൈകുന്നതിനുള്ള കാരണം

സിവില്‍ സപ്ലൈസ് കമ്മീഷണർ ഡി സജിത്ത് ബാബു

''ആശ്വാസകരമായ നടപടിയായാണ് റേഷന്‍ വ്യാപാരികള്‍ കെ സ്റ്റോർ പദ്ധതിയെ കണ്ടത്. ജീവിതനിലവാരം മെച്ചപ്പെടുത്താൻ പദ്ധതി സഹായിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ പദ്ധതി എന്ന് നടപ്പിലാക്കുമെന്ന കാര്യത്തില്‍ ഉദ്യോഗസ്ഥർ കെെമലർത്തുന്ന സാഹചര്യമാണ്'' - ജയകുമാർ പറയുന്നു.

എന്നാല്‍, സാമ്പത്തിക പ്രതിസന്ധിമൂലമാണ് പദ്ധതി വൈകുന്നത് എന്ന റേഷന്‍ വ്യാപാരികളുടെ ആരോപണത്തെ തള്ളുകയാണ് സിവില്‍ സപ്ലൈസ് കമ്മീഷണർ ഡി സജിത്ത് ബാബു. പദ്ധതി ആരംഭിക്കുന്നത് മൂലം സർക്കാരിന് സാമ്പത്തിക ലാഭമോ നഷ്ടമോ ഉണ്ടാകാനില്ല, ചില സാങ്കേതിക കാരണങ്ങളാണ് വിലങ്ങുതടിയാകുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

പൊതുജന സേവന കേന്ദ്രങ്ങൾ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ഐടി വകുപ്പ് പുറത്തിറക്കിയ ഉത്തരവ് നിലനിൽക്കുന്നതാണ് പദ്ധതി വൈകുന്നതിനുള്ള കാരണമെന്നും ഡി സജിത്ത് ബാബു പറയുന്നു. "ഈ ഉത്തരവ് പ്രകാരം പൊതുജന സേവന കേന്ദ്രങ്ങൾ ആരംഭിക്കാൻ നിലവിൽ അക്ഷയക്ക് മാത്രമാണ് അനുമതിയുള്ളത്. ഇളവ് ആവശ്യപ്പെട്ടുകൊണ്ട് നാലു മാസം മുൻപ് ചീഫ് സെക്രട്ടറിക്ക് കത്ത് നൽകിയിട്ടുണ്ട്" - ഡി സജിത്ത് ബാബു വ്യക്തമാക്കി.

റേഷൻകടകൾ നവീകരിച്ച വ്യാപാരികൾക്ക് സാമ്പത്തിക ബാധ്യതകൾ ഉണ്ടായെന്ന് അംഗീകരിക്കുമ്പോഴും സിവിൽ സപ്ലൈസ് വകുപ്പ് കെ സ്റ്റോർ പദ്ധതി നടപ്പിലാക്കാനുള്ള എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയതായി സജിത്ത് ബാബു വ്യക്തമാക്കി. മിൽമയുമായും ഗ്യാസ് വിതരണത്തിന് ഐഒസിയുമായും ധാരണയിലെത്തിയിട്ടുണ്ട്. മിനി ബാങ്കിങ്, കോമൺ സർവീസ് സെന്റർ ഉൾപ്പെടെ മറ്റ് സർവീസുകളുടെ കാര്യത്തിലും അന്തിമ ധാരണയായതായും അദ്ദേഹം പറയുന്നു.

റേഷന്‍കടകളുടെ പശ്ചാത്തല സൗകര്യം വിപുലമാക്കാന്‍ സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഏഴ് ശതമാനം പലിശനിരക്കില്‍ രണ്ടുലക്ഷം രൂപവരെ പദ്ധതിക്കായി വായ്പ അനുവദിക്കുമെന്നായിരുന്നു സർക്കാർ വാഗ്ദാനം. വായ്പ കൃത്യമായി തിരിച്ചടയ്ക്കുന്നവരുടെ രണ്ട് ശതമാനം പലിശ സര്‍ക്കാര്‍ വഹിക്കുമെന്നും പ്രഖ്യാപനത്തിൽ ഉണ്ടായിരുന്നു എന്നാൽ പദ്ധതി ആരംഭിക്കുന്നത് അനിശ്ചിതമായി നീണ്ടതോടെ ഈ വാഗ്ദാനവും പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങി.

'കെ സ്റ്റോർ' വാഗ്ദാനം ചെയ്തിരുന്ന സേവനങ്ങൾ

  • 5 കിലോ വരുന്ന ചെറിയ ഗ്യാസ് സിലിന്‍ഡറും പാൽ ഉൾപ്പെടെയുള്ള മിൽമ ഉൽപന്നങ്ങളും റേഷൻകടകളിലൂടെ ലഭ്യമാകും.

  • മാവേലി സ്റ്റോറുകൾ വഴി നൽകി വരുന്ന 13 ഇന സബ്സിഡി സാധനങ്ങളും നിത്യോപയോഗ സാധനങ്ങളുടെയും വിതരണം.

  • 5000 രൂപ വരെയുള്ള പണമിടപാടിന് സൗകര്യം

  • മുഴുവൻ റേഷൻകാർഡ് ഉടമകൾക്കും കെ സ്റ്റോർ വഴി ആനുകൂല്യങ്ങൾ

  • വൈദ്യുതി ബിൽ, വെള്ളക്കരം തുടങ്ങിയവ അടയ്ക്കാനും വിവിധ സർക്കാർ ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കാനുമുള്ള സൗകര്യം.

  • ബാങ്കിനെയോ എടിഎമ്മിനെയോ ആശ്രയിക്കാതെ റേഷൻകടകളിൽ നിന്നു പണം പിൻവലിക്കാം.

  • കാർഡ് ഉടമകൾക്ക് ബാങ്കുമായി ബന്ധിപ്പിച്ച സ്മാർട് കാർ‍ഡ് വഴി സ്വന്തം അക്കൗണ്ടിൽ നിന്ന് എടിഎം മാതൃകയിൽ പണം പിന്‍വലിക്കാം.

logo
The Fourth
www.thefourthnews.in