സില്‍വര്‍ലൈന്‍ ഉപേക്ഷിച്ചിട്ടില്ല; വികസനത്തിനെതിരായ നീക്കങ്ങള്‍ക്ക് വഴങ്ങില്ലെന്ന് മുഖ്യമന്ത്രി
സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കുന്നത് സര്‍ക്കാരിന് ചിന്തിക്കാനാകാത്തതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതി ഉപേക്ഷിച്ചിട്ടില്ല. ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുമില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. അടിയന്തരപ്രമേയത്തിന് അനുമതി തേടിക്കൊണ്ടുള്ള പ്രതിപക്ഷത്തിന്റെ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. സാമൂഹികാഘാത പഠനത്തിന്റെ ഭാഗമായിറക്കിയ 2021ലെ വിജ്ഞാപനം, ഭൂമി ക്രയവിക്രയം നടത്തുന്നതിന് പ്രതിസന്ധി സൃഷ്ടിക്കുന്നെന്ന് ആരോപിച്ചാണ് പ്രതിപക്ഷം അടിയന്തര പ്രമേയാനുമതി തേടി നോട്ടീസ് നല്‍കിയത്.
പദ്ധതിക്ക് ഇന്നല്ലെങ്കില്‍ നാളെ കേന്ദ്രാനുമതി ലഭിക്കും. പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകും. വികസനത്തിനെതിരായ നീക്കങ്ങൾക്ക് സർക്കാർ വഴങ്ങില്ലെന്നും മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കി. ആദ്യം പദ്ധതിക്ക് അനുകൂലമായിരുന്ന കേന്ദ്ര സർക്കാർ, ബിജെപി- യുഡിഎഫ് നീക്കത്തിന്റെ ഭാഗമായാണ് നിലപാട് മാറ്റിയതെന്നും മുഖ്യമന്ത്രി ആരോപിച്ചു. ഭൂമി ഏറ്റെടുക്കലിന് വിജ്ഞാപനം ഇറക്കാത്തതിനാൽ ക്രയ വിക്രയത്തിന് തടസമില്ലെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചു. സിൽവർലൈൻ വിരുദ്ധ സമരങ്ങളുമായി ബന്ധപ്പെട്ട് എടുത്ത കേസുകൾ പിൻവലിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍, ഭൂമി ക്രയവിക്രയത്തിന് തടസമുണ്ടാകില്ലെന്ന് ഉറപ്പാക്കാൻ ബാങ്കുകളില്‍ നിന്ന് ജനങ്ങൾക്ക് ഉറപ്പുവാങ്ങി നല്‍കാനാകുമോ എന്ന് അടിയന്തരപ്രമേയം അവതരിപ്പിച്ച് റോജി എം ജോണ്‍ ചോദിച്ചു. സില്‍വര്‍ലൈന്‍ പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും പ്രതിപക്ഷം വ്യക്തമാക്കി. കേന്ദ്രാനുമതി ലഭിച്ചാലും ജനങ്ങളെ അണി നിരത്തി സമരം ചെയ്യുമെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ മറുപടി. കേരളത്തെ ശ്രീലങ്കയാക്കുന്ന വികസന പദ്ധതിയാണ് കെ റെയിലെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.