ഉദ്യോഗസ്ഥരുടെ റീലിന് സര്‍ക്കാരിന്റെ ലൈക്ക്; കയ്യടിച്ചും ശാസിച്ചും സോഷ്യല്‍ മീഡിയ

ഉദ്യോഗസ്ഥരുടെ റീലിന് സര്‍ക്കാരിന്റെ ലൈക്ക്; കയ്യടിച്ചും ശാസിച്ചും സോഷ്യല്‍ മീഡിയ

പത്തനംതിട്ട തിരുവല്ല നഗരസഭ ഓഫിസിലെ ഉദ്യോഗസ്ഥരാണ് റീല്‍സ് ചിത്രീകരിച്ചത്
Updated on
2 min read

പത്തനംതിട്ട തിരുവല്ല നഗരസഭ ഓഫിസില്‍ റീല്‍സ് ചിത്രീകരിച്ച ഉദ്യോഗസ്ഥരെ പിന്തുണച്ചും വിമർശിച്ചും സോഷ്യല്‍ മീഡിയ. കഴിഞ്ഞ ഞായറാഴ്‌ചയാണ് സംഭവം. തീർപ്പാക്കാനുണ്ടായിരുന്ന ഫയൽ ജോലികൾ തീർക്കുന്നതിനായി എത്തിയ ജീവനക്കാരാണ് റീൽസ് എടുത്തത്. പിന്നീട് ജീവനക്കാർ തന്നെ റീല്‍സ് സമൂഹ മാധ്യമങ്ങളില്‍ ഇത് പങ്കുവെക്കുകയായിരുന്നു. അതേസമയം, അവധി ദിവസമായതിനാല്‍ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകില്ലെന്ന് തദ്ദേശവകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു.

റീല്‍സ് വൈറലായതോടെയായിരുന്നു ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നത്. വീഡിയോയില്‍ ഭാഗമായ എട്ട് ഉദ്യോഗസ്ഥർക്ക് നഗരസഭ സെക്രട്ടറി കാരണം കാണിക്കൽ നോട്ടീസ് നൽകി. നഗരസഭ റവന്യൂ വിഭാഗത്തിലെ ഉദ്യോഗസ്ഥർക്കാണ് നോട്ടീസ് ലഭിച്ചത്. മൂന്ന് ദിവസമാണ് വിശദീകരണം നല്‍കാൻ സമയം അനുവദിച്ചിരിക്കുന്നത്. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ നടപടിയുണ്ടായേക്കും.

പോസിറ്റീവും നെഗറ്റീവുമായുള്ള കമന്റുകള്‍ റീല്‍സിന് താഴെ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അവധി ദിവസമായ ഞായറാഴ്‌ച ജോലി ചെയ്യാൻ കാണിച്ച മനസിനെയാണ് അഭിനന്ദിക്കേണ്ടതെന്നും റീല്‍സ് ചെയ്തതിനെ വിമർശിക്കുകയല്ല വേണ്ടതെന്നുമാണ് ഒരു കൂട്ടരുടെ വാദം. തൊഴിലിടങ്ങളിലെ പിരിമുറുക്കങ്ങള്‍ അതിജീവിക്കുന്നതിനായി ഇത്തരം നിമിഷങ്ങള്‍ അനിവാര്യമാണെന്നും നടപടിയെടുത്ത് ജീവനക്കാരെ തളർത്തെരുതെന്നും പറഞ്ഞവരുണ്ട്.

ഉദ്യോഗസ്ഥരുടെ റീലിന് സര്‍ക്കാരിന്റെ ലൈക്ക്; കയ്യടിച്ചും ശാസിച്ചും സോഷ്യല്‍ മീഡിയ
വഴിമുട്ടിയ ഇടതുപക്ഷത്തിന് കെ ദാമോദരനില്‍ നിന്ന് പഠിക്കാനുള്ളത്...

കൃഷി വകുപ്പ് പ്രത്യേക സെക്രട്ടറിയും എഴുത്തുകാരനുമായ പ്രശാന്ത് എൻ ഐഎഎസ് ഉള്‍പ്പെടെയുള്ളവർ പിന്തുണയുമായി എത്തിയവരിലുണ്ട്. "റീലുണ്ടാക്കാനും പോസ്റ്റിടാനും ഒരു ഞായറാഴ്ച ദിനത്തിൽ, പൊതുസ്ഥലത്ത്‌ ഒരു പൗരന്‌ അവകാശമുണ്ടെന്നാണെന്റെ പരിമിതമായ നിയമപരിജ്ഞാനം. എത്രയോ ഉയർന്ന തസ്തികയിലിരിക്കുന്നവർ ജോലിസമയത്തും‌, ജോലിയുടെ പേരിലും, ജോലിസ്ഥലത്തും അല്ലാതെയും ചെയ്ത്‌ കൂട്ടുന്നതിനെക്കാൾ നിരുപദ്രവകരമായ കാര്യവും ഏറെ നിലവാരം പുലർത്തുന്നതാണ്‌ ഇവരുടെ കലാസൃഷ്ടി‌. അസൂയ, കുശുമ്പ്‌, പുച്ഛം - മലയാളിഗുണത്രയം," എന്നാണ് റീല്‍ പങ്കുവെച്ചുകൊണ്ട് പ്രശാന്ത് എഴുതിയത്.

പുതിയ തലമുറ തൊഴിൽ സ്ഥലത്ത് അല്പം ക്രിയേറ്റീവിറ്റി ഒക്കെ കാണിക്കുന്നത് നല്ല കാര്യമാണെന്ന് മുരളി തുമാരുകുടിയും അഭിപ്രായപ്പെട്ടു. വെളിച്ചം കയറാതെ, ഫയലുകൾ കെട്ടിക്കിടക്കുന്ന, ഒന്നു ചിരിക്കുക പോലും ചെയ്യാതെ ജനങ്ങളോട് യുദ്ധം ചെയ്യുന്ന ആളുകൾ മാത്രം തൊഴിലെടുക്കുന്ന സ്ഥലമാണെന്നുള്ള സ്റ്റീരിയോ ടൈപ്പ് മാറാൻ എങ്കിലും ഇത് ഉപകരിക്കുമെന്നും മുരളി കൂട്ടിച്ചേർത്തു.

സർക്കാർ ഓഫീസുകള്‍ ജനങ്ങളെ സേവിക്കാനുള്ളതാണ് അല്ലാതെ റീല്‍സെടുത്ത് ആസ്വദിക്കാനുള്ളതല്ലെന്ന് പറഞ്ഞവരുമുണ്ട്. സാധാരണക്കാരെ ഒരു കാര്യത്തിനായി നാലുവട്ടം നടത്തിക്കുകയും ദാർഷ്ഠ്യത്തോടെ പെരുമാറുകയും ചെയ്യുന്നവരാണ് സർക്കാർ ഉദ്യോഗസ്ഥർ, അതുകൊണ്ട് നടപടി അനിവാര്യമാണെന്ന് ചിലർ കുറിച്ചു. നെഗറ്റീവ് അഭിപ്രായങ്ങളേക്കാള്‍ കൂടുതല്‍ പോസിറ്റീവാണ് കമന്റ് ബോക്സിലുള്ളത്.

അതേസമയം, തിരുവല്ല നഗരസഭയിൽ ജീവനക്കാർ ഉൾപ്പെട്ട സോഷ്യൽ മീഡിയാ റീൽ സംബന്ധിച്ച് തദ്ദേശ സ്വയം ഭരണ വകുപ്പ് ജില്ലാ മേധാവിയിൽ നിന്നും നഗരസഭാ സെക്രട്ടറിയിൽ നിന്നും വിവരങ്ങൾ തേടി. ഇവരിൽ നിന്നും ലഭിച്ച വിവരം അനുസരിച്ച് ഞായറാഴ്ച ദിവസത്തിലാണ് റീൽ തയ്യാറാക്കിയത് എന്ന് മനസിലായെന്നും മന്ത്രി എം ബി രാജേഷ് ഫേസ്ബുക്ക് പോസ്റ്റില്‍ പ്രതികരിച്ചു. കാലവർഷക്കെടുതിയുമായി ബന്ധപ്പെട്ട് അടിയന്തിര സാഹചര്യങ്ങളുണ്ടായാൽ ഇടപെടാൻ വേണ്ടി, ജില്ലാ കളക്ടറുടെ നിർദേശപ്രകാരമാണ് അവധിദിനത്തിലും ജീവനക്കാരെത്തിയത്. ഓഫീസ് പ്രവർത്തനങ്ങളെ ബാധിക്കാതെയാണ് റീൽ ചിത്രീകരിച്ചത് എന്ന് ലഭിച്ച വിവരങ്ങളിൽ നിന്ന് വ്യക്തമായിട്ടുണ്ട്. ജീവനക്കാരുടെ എല്ലാ സർഗാത്മക-സാംസ്കാരിക പ്രവർത്തനങ്ങൾക്കും സർക്കാരിന്റെ പൂർണപിന്തുണയുണ്ട്. പക്ഷെ ഔദ്യോഗിക കൃത്യനിർവഹണത്തെ ബാധിക്കാതെയും പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കാതെയും സർവീസ് ചട്ടങ്ങൾ ലംഘിക്കാതെയും മാത്രമായിരിക്കണം ഇതെല്ലാം. പ്രവൃത്തി സമയത്ത് ജോലിക്ക് തടസം വരുന്ന രീതിയിൽ ആഘോഷപരിപാടികളൊന്നും ഓഫീസുകളിൽ സംഘടിപ്പിക്കരുതെന്ന് സർക്കാർ നേരത്തെ തന്നെ നിഷ്കർഷിച്ചിട്ടുള്ളതാണ്. തിരുവല്ല നഗരസഭയിൽ അവധി ദിനമായ ഞായറാഴ്ച അധികജോലിക്കിടയിൽ റീൽ ചിത്രീകരിച്ചതിന്റെ പേരിൽ ജീവനക്കാർക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കരുതെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. അവശ്യഘട്ടങ്ങളിൽ സേവനസജ്ജരായി ഞായറാഴ്ചകളിൽ പോലും ജോലിക്കെത്തുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരെ അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു.

logo
The Fourth
www.thefourthnews.in