മരുന്നുകമ്പനികൾക്ക് കുടിശിക 600 കോടി; സര്‍ക്കാർ ആശുപത്രികളിൽ മരുന്നുക്ഷാമം, പേടിക്കാനില്ലെന്ന് മന്ത്രി
കേരളത്തിലെ ആരോഗ്യ മേഖല ആഗോള നിലവാരത്തില്‍ പ്രവര്‍ത്തിക്കുന്നു എന്ന് അവകാശപ്പെടുമ്പോഴും ആരോഗ്യ വകുപ്പ് നേരിടുന്നത് വന്‍ സാമ്പത്തിക പ്രതിസന്ധി. സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍, ആശുപത്രികള്‍ എന്നിവയിലേക്ക് ആവശ്യമായ മരുന്നുകള്‍ എത്തിക്കുന്ന കമ്പനികള്‍ക്ക് സര്‍ക്കാര്‍ നല്‍കാനുള്ളത് അറുന്നൂറ് കോടിയിലധികം.
ചാണ്ടി ഉമ്മന്‍ എംഎല്‍എ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജാണ് ഇക്കാര്യം അറിയിച്ചത്
ജൂണ്‍ 14 വരെയുള്ള കണക്ക് പ്രകാരം 39616,98,945 രൂപയാണ് വിവിധ മരുന്ന് കമ്പനികള്‍ക്ക് സര്‍ക്കാര്‍ നല്‍കാനുള്ളത്. ഇതിന് പുറമെ 219.9 കോടി രൂപയുടെ പര്‍ച്ചേസ് ഓര്‍ഡറുകളും വിവിധ കമ്പനികള്‍ക്ക് നല്‍കിയിട്ടുണ്ട്. ഇത് പ്രകാരം 615.26 കോടി രൂപയാണ് സര്‍ക്കാരിന് കുടിശ്ശികയായിട്ടുള്ളത്. ചാണ്ടി ഉമ്മന്‍ എംഎല്‍എ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജാണ് ഇക്കാര്യം അറിയിച്ചത്.
കുടിശ്ശിക മരുന്ന് വിതരണത്തെ പ്രതികൂലമായി ബാധിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി
എന്നാല്‍ കുടിശ്ശിക മരുന്ന് വിതരണത്തെ പ്രതികൂലമായി ബാധിച്ചിട്ടില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടുന്നു. കുടിശ്ശികയുടെ പേരില്‍ മരുന്ന് കമ്പനികള്‍ മരുന്ന് വിതരണത്തിനായി ക്ഷണിച്ച ടെണ്ടറില്‍ പങ്കെടുക്കാത്ത സാഹചര്യം ഉണ്ടായിട്ടില്ലെന്നും ആരോഗ്യമന്ത്രി മറുപടിയില്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ മരുന്ന് ക്ഷാമം ഇല്ലെന്ന് ആരോഗ്യ മന്ത്രി അവകാശപ്പെടുമ്പോഴും സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്ന് ലഭിക്കുന്ന കുറിപ്പടികളില്‍ ഒന്നിലധികം എണ്ണം മരുന്നുകള്‍ വാങ്ങാന്‍ സ്വകാര്യ മെഡിക്കല്‍ സ്റ്റോറുകളെ ആശ്രയിക്കേണ്ട നിലയുണ്ട്.
പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളേജ് വരെയുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ സര്‍ക്കാരിന് കീഴിലുള്ള ജില്ലാ മെഡിക്കല്‍ സ്റ്റോറുകള്‍ വഴിയാണ് മരുന്ന് എത്തിക്കുന്നത്. മരുന്ന് കമ്പനികളില്‍ നിന്നും നേരിട്ട് മരുന്ന് വാങ്ങാന്‍ ജില്ലാ മെഡിക്കല്‍ സ്റ്റോറുകള്‍ക്കാണ് ചുമതല. ജില്ലാ മെഡിക്കല്‍ സ്റ്റോറുകളില്‍ മരുന്ന് കമ്പനികള്‍ സ്റ്റോക്ക് എത്തിക്കുന്നത് ലഭ്യമാകുന്ന തുകയ്ക്ക് അനുസരിച്ചാണ്. കുടിശ്ശിക വര്‍ധിക്കുന്തോറും ലഭ്യമാക്കുന്ന സ്‌റ്റോക്കിന്റെ അളവ് കുറയുന്ന നിലയുണ്ടാകും. ആവശ്യപ്പെടുന്ന മരുന്നിന്റെ അളവില്‍ കുറവ് വരുത്തിയായിരിക്കും കമ്പനികള്‍ മരുന്ന് എത്തിക്കുക. ഈ കുറവ് മരുന്ന് വിതരണത്തെയും ബാധിക്കുന്ന നിലയുണ്ടാകും.
ജില്ലാ മെഡിക്കല്‍ സ്റ്റോറുകളില്‍ മരുന്ന് വിതരണം ചെയ്യുന്നത് ആശുപത്രികളുടെ പ്രാധാന്യവും രോഗികളുടെ എണ്ണവും അനുസരിച്ചാണ്. അതില്‍ പലപ്പോളും മരുന്നുകളുടെ ഭൂരിഭാഗവും മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെയുള്ള തിരക്കേറി സംവിധാനങ്ങളിലേക്ക് നീങ്ങും. ഈ സാഹചര്യത്തിലാണ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ ഇടത്തരം സര്‍ക്കാര്‍ ആശുപത്രികളില്‍ വരെയുള്ള സ്ഥാപനങ്ങളില്‍ മരുന്ന് ദൗര്‍ലഭ്യം നേരിടുന്നത്. ഈ സാഹചര്യമാണ് പലപ്പോഴും മരുന്നുകള്‍ ആശുപത്രിക്ക് പുറത്തുനിന്ന് വാങ്ങാന്‍ രോഗികളോട് നിര്‍ദേശിക്കേണ്ട നിലയില്‍ എത്തിക്കുന്നത്.