എഐ ക്യാമറകൾ പ്രവർത്തനം തുടങ്ങി; നിയമലംഘനങ്ങള്‍ക്ക് ആദ്യ മാസം പിഴയില്ല

എഐ ക്യാമറകൾ പ്രവർത്തനം തുടങ്ങി; നിയമലംഘനങ്ങള്‍ക്ക് ആദ്യ മാസം പിഴയില്ല

ഏപ്രില്‍ 20 മുതല്‍ മെയ് 19 വരെ എഐ ക്യാമറ ബോധവത്കരണം
Updated on
1 min read

സംസ്ഥാനത്ത് പ്രവര്‍ത്തനക്ഷമമായ എഐ ക്യാമറകള്‍ വഴി കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ക്ക് ആദ്യത്തെ ഒരുമാസം പിഴ ഈടാക്കില്ല. ബോധവത്കരണത്തിനായാകും ഈ കാലയളവ് ഉപയോഗപ്പെടുത്തുക. എഐ ക്യാമറകൾ സ്ഥാപിക്കുന്നതിന് മുൻപ് ബോധവത്കരണം നടത്തിയിരുന്നില്ല എന്ന പരാതി ഉയർന്നതിനെ തുടർന്നാണ് സർക്കാർ തീരുമാനമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു വ്യക്തമാക്കി.

സംസ്ഥാനത്തെ സജ്ജമാക്കിയ 726 എഐ ക്യാമറകളുടെ സ്വിച്ച് ഓണ്‍ കര്‍മം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ഏപ്രില്‍ 20 മുതല്‍ മെയ് 19 വരെ പിഴ ഈടാക്കേണ്ടെന്നാണ് തീരുമാനം. എഐ ക്യാമറകൾ കണ്ടെത്തുന്ന കുറ്റങ്ങൾക്ക് എന്താണ് ശിക്ഷ എന്ന് ഈ കാലയളവിൽ വാഹന ഉടമകളെ അറിയിക്കും.

ടു വീലറുകളിൽ അച്ഛനും അമ്മയും കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുന്നതിന് പിഴ ഈടാക്കുക മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരം. മാറ്റം വരുത്താന്‍ സംസ്‌ഥാന സർക്കാരിനാകില്ലെന്ന് ആന്റണി രാജു

സേഫ് കേരള പദ്ധതിയുടെ ഭാഗമായി കെല്‍ട്രോണുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. 232 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്. ഇരുചക്ര വാഹനങ്ങളില്‍ അച്ഛനും അമ്മയും കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുന്നതിന് പിഴ ഈടാക്കുന്നത് ബുദ്ധിമുട്ട് ഉണ്ടാക്കുമെന്ന് പരാതി ഉയരുന്നുണ്ടെന്ന് ഗതാഗത മന്ത്രി ചൂണ്ടിക്കാട്ടി. ''മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരമാണ് പിഴ ഈടാക്കുന്നത്. അതിൽ മാറ്റം വരുത്താൻ സംസ്‌ഥാന സർക്കാരിനാകില്ല. കുഞ്ഞുങ്ങളുടെ കൂടി സുരക്ഷയെ മുൻനിർത്തിയാണ് ഈ നിയമം'' - ആന്റണി രാജു പറഞ്ഞു.

പിവിസി പെറ്റ് ജി കാർഡ് ഡ്രൈവിങ് ലൈസൻസിന്റെ വിതരണ ഉദ്‌ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു. ആദ്യത്തെ ഒരു വർഷത്തേക്ക് 200 രൂപ അടച്ച് നിലവിലെ ഡ്രൈവിങ് ലൈസൻസ് സ്മാർട്ട് കാർഡുകളാക്കി മാറ്റാം. ഒരു വർഷത്തിന് ശേഷം 1200 രൂപയായി നിരക്ക് ഉയരും.

സംസ്ഥാനത്തെ റോഡുകളിൽ സ്പീഡ് ലിമിറ്റ് വർധിപ്പിക്കുമെന്ന് മന്ത്രി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടക്കുകയാണ്. തീരുമാനം ഈ മാസം തന്നെയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

എഐ ക്യാമറകൾ പ്രവർത്തനം തുടങ്ങി; നിയമലംഘനങ്ങള്‍ക്ക് ആദ്യ മാസം പിഴയില്ല
നിരത്തിലെ പിഴവിന് കനത്ത പിഴ;എഐ ക്യാമറകൾ കണ്ണുതുറക്കുമ്പോൾ

സംസ്ഥാനത്ത് ദേശീയപാതയിലും സംസ്ഥാന പാതകളിലുമായാണ് 726 എഐ ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നത്. ഹെല്‍മെറ്റ്, സീറ്റ് ബെല്‍റ്റ് എന്നിവ ധരിക്കാതെയുള്ള യാത്ര, ഇരുചക്രവാഹനങ്ങളില്‍ മൂന്ന് പേരെ വച്ച് യാത്രചെയ്യല്‍,ലൈന്‍ മറികടന്നുള്ള ഡ്രൈവിംഗ്, മൊബൈല്‍ ഉപയോഗിച്ചുകൊണ്ടുള്ള ഡ്രൈവിങ് എന്നിവയുള്‍പ്പെടെ നിയമലംഘനങ്ങള്‍ പിടികൂടാന്‍ 675 ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഇവയ്ക്കു പുറമേ അനധികൃത പാര്‍ക്കിങ് പിടികൂടുന്നതിന് 25 ക്യാമറകളും റെഡ് ലൈറ്റ് തെറ്റിക്കുന്നവരെ പിടികൂടാന്‍ 18 ക്യാമറകളും ഉണ്ടാകും.അമിത വേഗം കണ്ടുപിടിക്കുന്നതിന് 4 ഫിക്‌സഡ് ക്യാമറകളും വാഹനങ്ങളില്‍ ഘടിപ്പിച്ച 4 ക്യാമറകളും പദ്ധതിയുടെ ഭാഗമായുണ്ട്.

logo
The Fourth
www.thefourthnews.in