അസാധാരണ നീക്കവുമായി ഗവർണർ; നാളെ പ്രത്യേക വാർത്താ സമ്മേളനം; ദൃശ്യങ്ങളും രേഖകളും പുറത്തുവിടുമെന്ന് രാജ്ഭവൻ

അസാധാരണ നീക്കവുമായി ഗവർണർ; നാളെ പ്രത്യേക വാർത്താ സമ്മേളനം; ദൃശ്യങ്ങളും രേഖകളും പുറത്തുവിടുമെന്ന് രാജ്ഭവൻ

ചരിത്ര കോണ്‍ഗ്രസിലെ സുരക്ഷാ വീഴ്ച സംബന്ധിച്ച തെളിവുകൾ പുറത്തുവിടും
Updated on
2 min read

സംസ്ഥാന സര്‍ക്കാരുമായി തര്‍ക്കം മുറുകുന്നതിനിടെ അസാധാരണ നീക്കവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. അപ്രതീക്ഷിത വാര്‍ത്താസമ്മേളനം വിളിച്ച ഗവര്‍ണര്‍ നിര്‍ണായകമായ ദൃശ്യങ്ങളും രേഖകളും പുറത്തുവിടുമെന്ന് രാജ്ഭവന്‍ അറിയിച്ചു. ചരിത്ര കോണ്‍ഗ്രസിലെ സുരക്ഷാ വീഴ്ച സംബന്ധിച്ച തെളിവുകളാണ് ഇതെന്നാണ് സൂചന. സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഇടപെടൽ ഉണ്ടായെന്ന ആരോപണം രാവിലെ ഗവർണർ ഉന്നയിച്ചിരുന്നു. ഗവര്‍ണര്‍ക്കെതിരെ ആക്രമണം നടന്നാല്‍ പരാതിപ്പെട്ടില്ലെങ്കില്‍ പോലും കേസെടുക്കണമെന്ന സാമാന്യ വിവരം പോലും ഇല്ലാത്തവരാണോ സംസ്ഥാനം ഭരിക്കുന്നതെന്നും ഗവര്‍ണര്‍ ചോദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാജ്ഭവനിൽ നിന്ന് ഔദ്യോഗിക അറിയിപ്പ് നൽകിയത്. നാളെ രവിലെ 11.45 ന് രാജ്ഭവനിലാണ് മാധ്യമങ്ങളെ കാണുക. വിഷയത്തിൽ ഗവർണറെ പിന്തുണച്ച് കേന്ദ്ര സഹമന്ത്രി വി മുരളീധരനും രംഗത്തെത്തി.

ഗവർണറും സർക്കാരും തമ്മിൽ മാസങ്ങളായി പോരു തുരുകയാണ്. സർവകലാശാല നിയമനം , ഓർഡിനൻസ് തുടങ്ങിയ വിഷയങ്ങളിലാണ് സമീപകാലത്ത് പ്രശ്നം വഷളായത്. സർവകലാശാലകളിൽ ബന്ധു നിയമനം നടക്കുന്നുവെന്ന് ആരോപിച്ച ഗവർണറെ, വിസി നിയമനത്തിലടക്കം അധികാരം വെട്ടിക്കുറയ്ക്കുന്ന സർവകലാശാല നിയമഭേദഗതി പാസാക്കിയാണ് സർക്കാർ നേരിട്ടത്. ഓർഡിനൻസുകൾ പുതുക്കാൻ ഗവർണർ വിസമ്മതിച്ചതോടെ പ്രത്യേക സമ്മേളനം വിളിച്ച് ബിൽ പാസാക്കേണ്ടി വന്നു സർക്കാരിന്. ഇതിനിടെയാണ് ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎമ്മും എൽഡിഎഫും രംഗത്തെത്തിയത്.

അസാധാരണ നീക്കവുമായി ഗവർണർ; നാളെ പ്രത്യേക വാർത്താ സമ്മേളനം; ദൃശ്യങ്ങളും രേഖകളും പുറത്തുവിടുമെന്ന് രാജ്ഭവൻ
രാജ്ഭവനെ ഗവർണർ ശാഖയാക്കിയെന്ന് സിപിഎം; ഗവർണറുടെ നടപടി പദവിക്ക് നിരക്കാത്തത്

സർക്കാരിനെതിരെയുള്ള ഉപജാപങ്ങളുടെ കേന്ദ്രമാക്കി തന്റെ ഓഫീസിനെ മാറ്റിയ ഗവർണർ രാജ്ഭവനെ കേവലം ആർഎസ്എസ് ശാഖയുടെ നിലവാരത്തിലേക്ക് മാറ്റിയെന്നായിരുന്നു സിപിഎം വിമർശനം. ആർഎസുമായുള്ള ബന്ധം അഭിമാനകരമെന്ന് ഗവർണർ മറുപടിയും നൽകി. നിയമനത്തിന് ശേഷം വിവിധ വിഷയങ്ങളിൽ സർക്കാരുമായി നേരത്തേ തന്നെ ഇടഞ്ഞു നിന്ന ആരിഫ് മുഹമ്മദ്ഖാൻ, കണ്ണൂർ സർവകലാശാലയിലെ പ്രിയാവർഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ടാണ് വീണ്ടും സർക്കാരുമായി കൊമ്പുകോർത്തത്. കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രനെ ക്രിമിനലെന്ന് വിളിച്ച ഗവർണർ, ചരിത്ര കോൺഗ്രസ് സമയത്ത് തന്നെ ശാരീരികമായി ആക്രമിക്കുന്നതിനുള്ള ഗൂഢാലോചനയിൽ അദ്ദേഹം പങ്കാളിയായിരുന്നു എന്നും ആരോപിച്ചു. ഇത് അക്കാദമിക വിദഗ്ധരിൽ നിന്നടക്കം വലിയ വിമർശനത്തിനും വഴിവെച്ചു.

അസാധാരണ നീക്കവുമായി ഗവർണർ; നാളെ പ്രത്യേക വാർത്താ സമ്മേളനം; ദൃശ്യങ്ങളും രേഖകളും പുറത്തുവിടുമെന്ന് രാജ്ഭവൻ
കണ്ണൂര്‍ വി സിയെ വ്യക്തിപരമായി അധിക്ഷേപിച്ച് ഗവർണർ; ഗോപിനാഥ് രവീന്ദ്രൻ ക്രിമിനൽ, തന്നെ കയ്യേറ്റം ചെയ്യാൻ ഗൂഢാലോചന നടത്തി

വിവാദമായ സർവകലാശാല നിയമഭേദഗതി ബില്ലടക്കം ഒപ്പിടാനിരിക്കെ താന്‍ റബ്ബര്‍ സ്റ്റാമ്പ് അല്ലെന്ന് ഗവര്‍ണര്‍ പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ അറിവോടെയല്ലാതെ ബന്ധുനിയമനം നടക്കുമോ എന്നും ഗവർണർ ചോദിച്ചു. ഇതിനെതിരെ അതിരൂക്ഷ വിമർശനമാണ് വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി ഉന്നയിച്ചത്. ഇത് ഗവർണറെ വീണ്ടും പ്രകോപിപ്പിച്ചു.

അസാധാരണ നീക്കവുമായി ഗവർണർ; നാളെ പ്രത്യേക വാർത്താ സമ്മേളനം; ദൃശ്യങ്ങളും രേഖകളും പുറത്തുവിടുമെന്ന് രാജ്ഭവൻ
ഇതില്‍പ്പരം അസംബന്ധമില്ല, ഇരിക്കുന്ന സ്ഥാനത്തിനനുസരിച്ച് വേണം സംസാരിക്കാൻ: ഗവര്‍ണര്‍ക്കെതിരെ മുഖ്യമന്ത്രി

കണ്ണൂരിൽ നടന്ന ചരിത്ര കോണ്‍ഗ്രസിനിടെ തന്നെ ആക്രമിച്ച വിഷയത്തില്‍ അന്ന് പോലീസ് കേസെടുക്കാതിരുന്നത് മുഖ്യമന്ത്രിയുടെ ഇടപെടല്‍ കൊണ്ടെന്ന് ഗുരുതര ആരോപണമാണ് പിന്നീട് ഗവർണർ ഉന്നയിച്ചത്. ഇതുമായി ബന്ധപ്പെട്ട തെളിവുകൾ പുറത്തുവിടുമെന്ന് ഗവർണർ വ്യക്തമാക്കിയതിന് പിന്നാലെയാണ് രാജ്ഭവൻ വാർത്താ സമ്മേളനം വിളിച്ചത്. തെളിവുകളായ ദൃശ്യങ്ങളും രേഖകളുമാണ് പുറത്തുവിടുന്നത്.

ഗവർണറെ പിന്തുണച്ച് വി മുരളീധരൻ

ചരിത്ര കോൺഗ്രസിൽ ഗവർണർക്കെതിരായ വധശ്രമത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിക്കൂട്ടിലാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ പറഞ്ഞു. ഗവർണറുടെ ആരോപണത്തിന് മുഖ്യമന്ത്രിക്ക് മറുപടിയില്ല. കണ്ണൂരിൽ വധശ്രമം നടന്നെന്ന് ഗവർണർ പരാതി കൊടുക്കേണ്ട ആവശ്യമില്ലെന്നും സ്വയം കേസെടുക്കണമെന്നും വി മുരളീധരൻ പറഞ്ഞു. അതിനാൽ തന്നെ ഗവര്‍ണറെ അപായപ്പെടുത്താൻ ശ്രമിക്കുന്നതിൽ സംസ്ഥാന സർക്കാരിന് മൗനാനുവാദം ഉണ്ടായിരുന്നു എന്ന് വേണം മനസിലാക്കാനെന്നും കേന്ദ്ര സഹമന്ത്രി പ്രതികരിച്ചു.

logo
The Fourth
www.thefourthnews.in