നിയമസഭ സമ്മേളനം ചേരാന്‍ ഗവർണറുടെ അനുമതി; മന്ത്രിസഭാ ശുപാർശയ്ക്ക് അംഗീകാരം
സര്‍ക്കാരുമായുള്ള പോര് രൂക്ഷമായി തുടരുന്നതിനിടെ അടുത്ത മാസം 5 മുതല്‍ നിയമസഭാ സമ്മേളനം ചേരുന്നതിന് ഗവര്‍ണറുടെ അനുമതി. നിയമസഭ സമ്മേളനം വിളിച്ച് ചേര്‍ക്കുന്നതിനുള്ള മന്ത്രിസഭാ യോഗത്തിന്റെ ശുപാര്‍ശയ്ക്ക് ആരിഫ് മുഹമ്മദ് ഖാന്‍ അംഗീകാരം നല്‍കി. സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ നീക്കുന്നതിന് വേണ്ടി ബില്‍ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ നിയമ സഭാ സമ്മേളനം വിളിച്ച് ചേര്‍ക്കുന്നത്. കേരള നിയമസഭാ സ്പീക്കറായി എ എന്‍ ഷംസീര്‍ ചുമതലയേറ്റ ശേഷമുള്ള ആദ്യത്തെ നിയമസഭാ സമ്മേളനമാണ് ഇത്.
നിയമസഭാ സ്പീക്കറായി എ എന്‍ ഷംസീര്‍ ചുമതലയേറ്റ ശേഷമുള്ള ആദ്യത്തെ നിയമസഭാ സമ്മേളനം
ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കുന്നതിന് ഓർഡിനൻസ് കൊണ്ടുവരാനാണ് സർക്കാർ ആദ്യം തീരുമാനിച്ചത്. എന്നാൽ, ഓർഡിനൻസിൽ ഒപ്പിടില്ലെന്ന നിലപാട് ആരിഫ് മുഹമ്മദ് ഖാൻ സ്വീകരിച്ചു. ഇതോടെയാണ് ഓർഡിനൻസിന് പകരം ബിൽ അവതരിപ്പിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ തലത്തില്‍ നിന്നും ഉണ്ടായത്.
എന്നാല്‍, ബിൽ നിയമ സഭയിൽ അവതരിപ്പിച്ച് പാസാക്കിയാലും ഗവർണർ ഒപ്പിട്ടാൽ മാത്രമെ നിയമമാകുകയുള്ളു. ഗവർണർ ഒപ്പിട്ടില്ലെങ്കിൽ നിയമപരമായി മുന്നോട്ട് പോകാനാകും സർക്കാരിന്റെ തീരുമാനം. വൈസ് ചാന്‍സലര്‍ നിയമനത്തില്‍ സര്‍ക്കാര്‍ പ്രതിരോധത്തില്‍ നില്‍ക്കുന്ന ഘട്ടത്തിലാണ് നിയമസഭാ സമ്മേളനം ചേരുന്നത്.
അതേസമയം ചാന്‍സലര്‍ സ്ഥാനത്തു നിന്നും ഗവര്‍ണറെ നീക്കാന്‍ സര്‍ക്കാര്‍ നിയമസഭയില്‍ പാസാക്കാനൊരുങ്ങുന്ന ബില്ലിനെ അനുകൂലിക്കില്ലെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍റെ നിലപാട്. കണ്ണൂര്‍ സര്‍വകലാശാലയിലെ പ്രിയ വര്‍ഗ്ഗീസിന്റെ നിയമനത്തിന്റെ പേരില്‍ ഹൈക്കോടതിയില്‍ നിന്നും കടുത്ത വിമര്‍ശനങ്ങളാണ് സര്‍ക്കാര്‍ നേരിടുന്നത്.