കണ്ണൂര്‍ സര്‍വകലാശാല പഠന ബോര്‍ഡുകളിലെ നിയമനം: വിസിയുടെ പട്ടിക വീണ്ടും നിരസിച്ച് ഗവര്‍ണര്‍
കണ്ണൂര്‍ സര്‍വകലാശാല പഠന ബോര്‍ഡുകളിലെ വിസിയുടെ നിയമന പട്ടിക വീണ്ടും തിരിച്ചയച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. യോഗ്യതയില്ലാത്തവരെ ഒഴിവാക്കാനും പട്ടിക തിരുത്തി നല്‍കാനും ഗവര്‍ണര്‍ നിര്‍ദേശം നല്‍കി.
ഗവര്‍ണറുടെ അധികാരം മറികടന്ന് 72 പഠന ബോര്‍ഡുകള്‍ നേരത്തേ പുന:സംഘടിപ്പിച്ചിരുന്നു. എന്നാല്‍ ഈ പട്ടിക ജൂലൈയില്‍ ഗവര്‍ണര്‍ തള്ളി. യോഗ്യരല്ലാത്ത അധ്യാപകര്‍ പട്ടികയില്‍ ഉണ്ടെന്നായിരുന്നു സേവ് യൂണിവേഴ്‌സിറ്റി ഫോറം ഗവര്‍ണര്‍ക്ക് നല്‍കിയ പരാതി. 72 പഠന ബോര്‍ഡുകളിലെ എണ്ണൂറിലധികം അംഗങ്ങളില്‍ 68 പേര്‍ക്ക് യോഗ്യത ഇല്ലെന്നാണ് സേവ് യൂണിവേഴ്‌സിറ്റി ഫോറം ചൂണ്ടിക്കാണിച്ചിരുന്നത്. സീനിയോറിറ്റി മറികടന്ന് അധ്യാപകരെ നിയമിച്ചുവെന്നും പരാതിയില്‍ ഉന്നയിച്ചിരുന്നു.
ബോര്‍ഡ് നിയമനത്തില്‍ തുടര്‍ച്ചയായി സര്‍വ്വകലാശാല തിരിച്ചടി നേരിടുകയാണ്. ക്രമവിരുദ്ധമായുള്ള നിയമനം റദ്ദാക്കാനായിരുന്നു ഹൈക്കോടതി നേരത്തെ നല്‍കിയ നിര്‍ദേശം. പിന്നീട് ആവശ്യത്തിന് തിരുത്തലുകള്‍ വരുത്താതെ നിയമനത്തിന് വി സി ഗവര്‍ണറോട് ആവശ്യപ്പെട്ടതും വിവാദമായിരുന്നു. ശുപാര്‍ശ ചെയ്യാന്‍ മാത്രമാണ് വിസിക്ക് അധികാരമെന്ന് കാണിച്ചായിരുന്നു ഗവർണരുടെ മറുപടി.
ചട്ടപ്രകാരം പഠന ബോര്‍ഡുകളിലെ അംഗങ്ങളെ നാമനിര്‍ദേശം ചെയ്യാനുള്ള അവകാശം ഗവര്‍ണര്‍ക്കാണ്. കണ്ണൂര്‍ സര്‍വകലാശാല ആരംഭിച്ച വര്‍ഷം മുതല്‍ ഈ രീതിയിലാണ് പഠന ബോര്‍ഡുകള്‍ അനുവദിക്കുന്നത്. എന്നാല്‍ ഇതിനു വിരുദ്ധമായി കഴിഞ്ഞ വര്‍ഷം സര്‍വ്വകലാശാല തന്നെ നേരിട്ട് വിവിധ ബോര്‍ഡ് അംഗങ്ങളെ നിശ്ചയിക്കുകയായിരുന്നു. ബോര്‍ഡുകളില്‍ സീനിയര്‍ അധ്യാപകരെ ഒഴിവാക്കി സര്‍വീസ് കുറഞ്ഞവരെയും സ്വാശ്രയ കോളേജ് അധ്യാപകരെയും മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയേയും നാമനിര്‍ദേശം ചെയ്‌തെന്നതാണ് പ്രധാന ആരോപണം. സര്‍വ്വകലാശാലയുടെ നടപടി ചോദ്യംചെയ്ത് അക്കാദമിക് കൗണ്‍സില്‍ അംഗം നല്‍കിയ പരാതിയില്‍ ഹൈക്കോടതിയും നിയമനം റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വിസിയുടെ പട്ടിക ഗവര്‍ണര്‍ തള്ളിയത്.