സെനറ്റ് യോഗത്തിൽ നിന്ന് വിട്ടുനിന്നവരുടെ പേരുകൾ ഉടൻ നൽകണം; കടുത്ത നടപടികളിലേക്ക് ഗവർണർ
കേരള സർവകലാശാല വി സി നിയമനവുമായി ബന്ധപ്പെട്ട് വിളിച്ച സെനറ്റ് യോഗം ക്വാറം തികയാതെ പിരിഞ്ഞ സംഭവത്തിൽ നടപടിക്കൊരുങ്ങി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ക്വാറം പൂർത്തിയാകാതെ പിരിഞ്ഞ കേരള സെനറ്റ് യോഗത്തിന്റെ വിശദാംശങ്ങൾ ഗവർണർ തേടി. യോഗത്തിൽ നിന്ന് വിട്ടുനിന്ന അംഗങ്ങളുടെ വിവരങ്ങൾ ഉടൻ നൽകണമെന്ന് ആവശ്യപ്പെട്ട് ഗവർണർ വൈസ് ചാൻസലർക്ക് കത്തയച്ചു.
വി സി നിയമന സമിതിയിലേക്കുള്ള സെനറ്റ് പ്രതിനിധിയെ ഇന്നലെ വൈകുന്നേരത്തിന് മുൻപ് നിശ്ചയിക്കണമെന്ന ഗവർണറുടെ അന്ത്യശാസനത്തിന് പിന്നാലെ വിളിച്ചുചേർത്ത യോഗമാണ് ക്വാറം തികയാതെ പിരിഞ്ഞത്. 21 പേരാണ് ക്വാറം തികയാൻ വേണ്ടിയിരുന്നത്. എന്നാൽ ഗവർണറുടെ രണ്ട് പ്രതിനിധികളും വിസിയുമടക്കം 13 പേർ മാത്രമാണ് യോഗത്തിൽ പങ്കെടുത്തത്. ഗവർണർ നാമനിർദേശം ചെയ്ത ഒൻപത് പേരിൽ ഏഴ് പേരും യോഗത്തിൽ നിന്ന് വിട്ടുനിന്നു. യോഗത്തിൽ പങ്കെടുക്കാതിരുന്ന ഗവർണറുടെ നോമിനികൾക്കെതിരെ നടപടിക്ക് സാധ്യതയുണ്ട്.
സർവകലാശാല സെനറ്റിന്റെ പ്രതിനിധി, യുജിസിയുടെ പ്രതിനിധി, ഗവർണറുടെ പ്രതിനിധി എന്നിവരടങ്ങിയ സെർച്ച് കമ്മിറ്റിയാണ് വിസിയെ നിയമിക്കുന്നത്. സെനറ്റിൽ 102 അംഗങ്ങളാണുള്ളത്. ഇതിൽ 21 പേർ ക്വാറം കൂടിയാൽ മാത്രമേ സെനറ്റ് പ്രതിനിധിയെ തിരഞ്ഞെടുക്കാൻ സാധിക്കുകയുള്ളു. നിലവിലെ കേരള സർവകലാശാല വി സിയുടെ കാലാവധി ഒക്ടോബർ 24ന് അവസാനിക്കും.