ബഫര്‍സോണ്‍: സ്ഥലപരിശോധനയിലൂടെ തീർപ്പാക്കിയത് 45.64 % പരാതികള്‍; നടപടികള്‍ വേഗത്തിലാക്കി സര്‍ക്കാര്‍
ബഫർ സോൺ വിഷയത്തിൽ പരാതി പരിഹാരം വേഗത്തിലാക്കാൻ നടപടികളുമായി സർക്കാർ. സ്ഥലപരിശോധനയും അസറ്റ് മാപ്പർ ആപ്പിലൂടെ വനംവകുപ്പിന്റെ ഭൂപടത്തിൽ പുതിയ നിർമ്മിതികൾ കൂട്ടിച്ചേർക്കുന്നത്തിനുള്ള നടപടികളും തുടരുകയാണ്. ബാക്കിയുള്ള പരാതികൾ എത്രയും വേഗം പരിഹരിക്കണം എന്നാണ് റവന്യൂ വകുപ്പിന് സർക്കാർ നൽകിയിരിക്കുന്ന നിർദ്ദേശം. വിഷയത്തില്‍ സിപിഎമ്മിനും സമാനമായ നിലപാടാണുള്ളത്.
ബുധനാഴ്ച സുപ്രീംകോടതി ബഫർ സോണുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കാനിരിക്കെയാണ് ധൃതിപ്പെട്ട് സർക്കാർ കാര്യങ്ങൾ നീക്കുന്നത്
ഇതുവരെ ലഭിച്ച 65,501 പരാതികളിൽ 29,900 ഇതിനോടകം പരിഹരിച്ചു. കഴിഞ്ഞ ദിവസം മാത്രം 5372 പരാതികള്‍ പരിഹരിച്ചതായി സർക്കാർ അറിയിച്ചു. ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ 34,584 നിർമ്മിതികളാണ് പുതുതായി ഇന്നലെ വരെ ഭൂപടത്തിൽ കൂട്ടിച്ചേർത്തത്. ബുധനാഴ്ച സുപ്രീംകോടതി ബഫർ സോണുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കാനിരിക്കെയാണ് നടപടികള്‍ക്ക് വേഗം വര്‍ധിച്ചത്.
സുപ്രീംകോടതിയിൽ സമർപ്പിക്കാൻ വിദഗ്ധ സമിതി റിപ്പോർട്ട് തയ്യാറാക്കാനുള്ള നടപടികളും അവസാനഘട്ടത്തിലാണ്. ഇതുവരെ ലഭിച്ച പരാതികളുടെയും പരിഹരിച്ച പരാതികളുടെ വിവരങ്ങൾ അടക്കം ഉൾപ്പെടുത്തിയായിരിക്കും റിപ്പോർട്ട് തയ്യാറാക്കുക.
ഇടുക്കി അടക്കമുള്ള മലയോര ജില്ലകളിൽ 60 ശതമാനത്തോളം ഫീൽഡ് സർവേ പൂർത്തിയാക്കേണ്ടതുണ്ട്. നിരന്തരം സെർവർ തകരാറുകൾ സംഭവിക്കുന്നതാണ് സർവേ വൈകാൻ കാരണമെന്നായിരുന്നു റവന്യൂ വകുപ്പിന്റെ വിശദീകരണം. സംസ്ഥാനത്തെ പരിസ്ഥിതി ലോല മേഖലകളിൽ റവന്യൂ, തദ്ദേശ സ്വയംഭരണ വകുപ്പുകൾ സംയുക്തമായി നടത്തിയ പരിശോധനകളിൽ ഉപഗ്രഹ സർവേ കണക്കുകൾക്ക് പുറമെ, 80,000ത്തിലധികം പുതിയ നിർമിതികൾ ഉള്ളതായാണ് കണ്ടെത്തിയത്.