വിസി നിയമനം റദ്ദാക്കല്‍;  സര്‍ക്കാര്‍ പുനഃപരിശോധന ഹര്‍ജി നല്‍കും

വിസി നിയമനം റദ്ദാക്കല്‍; സര്‍ക്കാര്‍ പുനഃപരിശോധന ഹര്‍ജി നല്‍കും

സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചത് നിയമവിരുദ്ധമായല്ലെന്നും 2010-ലെ യുജിസി ചട്ടങ്ങള്‍ക്ക് നിര്‍ദേശ സ്വഭാവം മാത്രമാണുള്ളതെന്നും സര്‍ക്കാര്‍
Updated on
1 min read

സാങ്കേതിക സര്‍വകലാശാല വിസി നിയമനം റദ്ദാക്കിയ വിധിക്കെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കാന്‍ സര്‍ക്കാര്‍. വിധി പുനപരിശോധിക്കണമെന്നും യുജിസി ചട്ടം ലംഘിച്ചില്ലെന്നും സര്‍ക്കാര്‍ പറയുന്നു. സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചത് നിയമവിരുദ്ധമായല്ലെന്നും 2010-ലെ യുജിസി ചട്ടങ്ങള്‍ക്ക് നിര്‍ദേശ സ്വഭാവം മാത്രമാണുള്ളതെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. വെള്ളിയാഴ്ചയാണ് ഡോ. എപിജെ അബ്ദുല്‍കലാം സാങ്കേതിക സര്‍വകലാശാല (കെടിയു) വൈസ് ചാന്‍സലര്‍ ഡോ. എംഎസ് രാജശ്രീയുടെ നിയമനം സുപ്രീംകോടതി അസാധുവാക്കിയത്.

യുജിസി ചട്ടപ്രകാരമല്ല നിയമനം എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രീംകോടതി നടപടി. ചാന്‍സലര്‍ക്ക് കൈമാറിയ നിയമനത്തിനുള്ള പട്ടികയില്‍ ഒരാളുടെ പേര് മാത്രമേ ഉണ്ടായിരുന്നുള്ളു എന്ന് കോടതി കണ്ടെത്തി. നിയമനം റദ്ദാക്കാനുള്ള കെടിയു മുന്‍ ഡീന്‍ ഡോ. പിഎസ് ശ്രീജിത്തിന്റെ ഹര്‍ജിയിലായിരുന്നു ജസ്റ്റിസ് എംആര്‍ ഷാ അധ്യക്ഷനായ ബെഞ്ചിന്റെ സുപ്രധാന വിധി.

വിധിയ്ക്ക് പിന്നാലെ തന്നെ രാജശ്രീ എംഎസിന് സര്‍ക്കാര്‍ പിന്തുണ പ്രഖ്യാപിച്ചിരുന്നു. മതിയായ യോഗ്യതയും കാഴ്ചപ്പാടുമുള്ള വി സിയാണ് ഡോ. രാജശ്രീ എം എസ് എന്നായിരുന്നു ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിന്റെ പ്രതികരണം. മികച്ച പ്രകടനമാണ് അവര്‍ കാഴ്ചവെച്ചിട്ടുള്ളത്. നിയമവശങ്ങള്‍ ഇഴകീറി പരിശോധിച്ചിട്ടുള്ളതാണ്. തുടര്‍നടപടികള്‍ വിധി പകര്‍പ്പ് കിട്ടിയ ശേഷമുണ്ടാകുമെന്നും ആര്‍ ബിന്ദു പറഞ്ഞു.

2019 ഫെബ്രുവരിയിലാണ് ഡോ. രാജശ്രീയെ സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലറായി നിയമിച്ച് അന്നത്തെ ഗവര്‍ണറായിരുന്ന മുന്‍ ചീഫ് ജസ്റ്റിസ് സദാശിവം ഉത്തരവിറക്കിയത്. എന്നാല്‍ നിയമനം യുജിസി ചട്ടങ്ങള്‍ പ്രകാരം അല്ലെന്ന് ചൂണ്ടിക്കാട്ടി കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല എന്‍ജിനീയറിങ് ഫാക്കല്‍റ്റി മുന്‍ ഡീന്‍ ഡോ. ശ്രീജിത്ത് ഹര്‍ജി നല്‍കുകയായിരുന്നു. യുജിസി ചട്ടങ്ങള്‍ ഒരിക്കല്‍ അംഗീകരിച്ചിട്ടുണ്ടെങ്കില്‍ അത് നടപ്പാക്കാന്‍ ബാധ്യത ഉണ്ടെന്ന സുപ്രീംകോടതിയുടെ സമീപകാല വിധിയുടെ അടിസ്ഥാനത്തിലാണ് ഹര്‍ജി നല്‍കിയിരുന്നത്.

logo
The Fourth
www.thefourthnews.in