പീഡനത്തിനിരയായ പതിനാലുകാരിയുടെ 30 ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കാൻ അനുമതി നിഷേധിച്ച് ഹൈക്കോടതി
പീഡനത്തിനിരയായ പതിനാലുകാരിയുടെ ഗർഭം അലസിപ്പിക്കാൻ അനുമതി നിഷേധിച്ച് ഹൈക്കോടതി. ഗർഭസ്ഥ ശിശുവിന് 30 ആഴ്ച വളർച്ച എത്തിയതിനാൽ നിയമപരമായി ഗർഭം അലസിപ്പിക്കാൻ അനുമതി നൽകാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ശിശു സംരക്ഷണ ഓഫിസർ ഇരയുടെ വീട് സന്ദർശിച്ച് ആവശ്യമായ സഹായങ്ങളും പിൻതുണയും നൽകണമെന്ന് കോടതി നിർദേശിച്ചു. കൂടാതെ ഗർഭാവസ്ഥ തുടരാൻ അനുകൂലമായ സാഹചര്യമൊരുക്കാൻ ഡോക്ടർമാരുടെ സഹായം ശിശു സംരക്ഷണ ഉദ്യോസ്ഥൻ തേടണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചു. പീഡനത്തെ തുടർന്ന് ഗർഭിണിയായ മകളുടെ ഗർഭം അലസിപ്പിക്കണമെന്നാവശ്യപ്പെട്ട് മാതാവാണ് ഹർജി നൽകിയത്.
30 ആഴ്ച പിന്നിട്ട ഗർഭസ്ഥശിശു പൂർണ ആരോഗ്യമുള്ളതാണെന്നും ഹ്യദയമിടുപ്പുണ്ടെന്നും മെഡിക്കൽ ബോർഡ്
ഹർജി പരിഗണിച്ച കോടതി മെഡിക്കൽ ബോർഡിനോട് അഭിപ്രായം തേടിയിരുന്നു. 30 ആഴ്ച പിന്നിട്ട ഗർഭസ്ഥശിശു പൂർണ ആരോഗ്യമുള്ളതാണെന്നും ഹ്യദയമിടുപ്പുണ്ടെന്നും മെഡിക്കൽ ബോർഡ് റിപോർട്ട് നൽകി. സിസേറിയനിൽ കൂടി മാത്രമേ കുഞ്ഞിനെ പുറത്തെടുക്കാനാവൂവെന്നുമായിരുന്നു ബോർഡിന്ർറെ റിപോർട്ട്. തുടർന്ന് ഇരയായ കുട്ടിയോടും അവളുടെ കുടുംബത്തോടും പൂർണമായി സഹാനുഭൂതിയുണ്ടങ്കിലും ഗർഭധാരണം 30 ആഴ്ച എത്തിയത് കണക്കിലെടുത്ത് അലസിപ്പിക്കണമെന്ന ആവശ്യം അനുവദിക്കാനാവില്ലെന്ന് വ്യക്തമാക്കി.
ജുവനൈൽ ജസ്റ്റിസ് ആക്ട് അനുസരിച്ച് ഇരയ്ക്കും കുടുംബത്തിനും ബന്ധപ്പെട്ട കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി ഉത്തരവിൽ പറയുന്നു. പെണകുട്ടിയെ പീഡനത്തിനിരയാക്കിയ പ്രതി ജയിലിലാണ്. ആദിവാസി സെറ്റിൽമെന്റിൽ താമസിക്കുന്ന പെണ്കുട്ടിയാണ് ഇര. പിതാവിന്റെ പരിചയക്കാരനായ പ്രതി, പെണ്‍കുട്ടിയെ അവളുടെ വീട്ടിൽവച്ച് ബലാത്സംഗം ചെയ്തന്നാണ് പരാതി. ചില്‍ഡ്രൻസ് ഹോമിൽ താമസിച്ചിരുന്നു പെണ്‍കുട്ടിയെ അമ്മയുടെ സംരക്ഷണത്തിനായി വീട്ടിലേക്ക് തിരികെ കൊണ്ടുവരാൻ കോടതി നിർദേശിച്ചു.
പെണ്‍കുട്ടിക്ക് ആവശ്യമായ സുരക്ഷയൊരുക്കുന്നതിന് മുൻകരുതലുകൾ സ്വീകരിക്കാനും കോടതി പോലീസിനോട് നിർദ്ദേശം നൽകി. നിയമപരമായി ഹർജിക്കാരിയുടെ ആവശ്യം അനുവദിക്കാനാവില്ലെങ്കിലും നിയമത്തിന്ർറെ എല്ലാ പരിരക്ഷയും സംരക്ഷണവും പെണ്‍കുട്ടിക്കും ജനിക്കുന്ന കുഞ്ഞിനും ഉറപ്പ് വരുത്തണമെന്നും കോടതി നിർദേശിച്ചു.