കണ്ണൂരില്‍ വാഹനമിടിച്ച് ഒൻപത് വയസുകാരി അത്യാസന്ന നിലയിലായിട്ട് ആറ് മാസം; ഇരുട്ടില്‍ത്തപ്പി പോലീസ്, വിശദീകരണം തേടി ഹൈക്കോടതി, കേസ് ഇന്ന് പരിഗണിക്കും
കണ്ണൂരിൽ അജ്ഞാത വാഹനമിടിച്ച് അത്യാസന്ന നിലയിൽ കഴിയുന്ന ഒമ്പതുവയസുകാരിയുടെ ചികിത്സയില്‍ ഇടപെടലുമായി ഹൈക്കോടതി. അപകടം നടന്നിട്ട് ആറുമാസം കഴിഞ്ഞിട്ടും ഇതുവരെയും വാഹനം കണ്ടെത്താൻ പോലീസിന് സാധിച്ചിട്ടില്ല. സംഭവത്തില്‍ സ്വമേധയ കേസെടുത്ത ഹൈക്കോടതി സർക്കാരിന്റെ വിശദീകരണവും തേടിയിട്ടുണ്ട്. ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ, ജസ്റ്റിസ് പിജി അജിത് കുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
കണ്ണൂർ മേലെ ചൊവ്വ വടക്കൻ കോവിൽ സുധീറിന്റെയും സ്മിതയുടെയും മകളായ ദൃഷാനയാണ് വടകര ചോറോട് ദേശീയപാതയിലുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസയിൽ കഴിയുന്നത്. ദൃഷാനയുടെ ദുരവസ്ഥയിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെ ഇടപെടലിനെ തുടർന്നാണ് സ്വമേധയാ കേസെടുത്തത്.
കഴിഞ്ഞ ഫെബ്രുവരി 17ന് രാത്രി പത്തോടെയായിരുന്നു വടകര ചോറോട് ദേശീയ പാത റോഡ് മുറിച്ചു കടക്കുകയായിരുന്ന ദൃശാനയെയും, മുത്തശ്ശി പുത്തലത്ത് ബേബിയേയും തലശേരി ഭാഗത്തേയ്ക്ക് പോകുകയായിരുന്ന കാർ ഇടിച്ചു തെറുപ്പിച്ചത്. അപകടത്തിൽ മുത്തശ്ശി തൽക്ഷണം മരിച്ചിരുന്നു. ദൃഷാനയുടെ ചികിത്സക്കായി വലിയ തുക കുടുംബത്തിന് ചെലവായി.
അപകടത്തിനിടയാക്കിയ വാഹനം ഇതുവരെ കണ്ടെത്താനോ എന്തെങ്കിലും സഹായം ലഭ്യമാക്കാനോ കഴിഞ്ഞിട്ടില്ല. വടകര പോലീസ് കേസ് അന്വേഷിച്ചെങ്കിലും കാര്യമായ പുരോഗതി ഇല്ലാത്തതിനാൽ നാല് മാസം മുൻപ് ക്രൈം ബ്രാഞ്ച് കേസ് ഏറ്റെടുത്തു. എന്നിട്ടും അന്വേഷണം വേണ്ട വിധത്തിൽ മുന്നോട്ട് പോയില്ലെന്നാണ് ഉയരുന്ന ആക്ഷേപം. കോഴിക്കോട് ജില്ല ലീഗൽ സർവീസ് അതോറിറ്റിയുടെയും വിക്ടിം റൈറ്റ്സ് സെന്ററിന്റെയും റിപ്പോർട്ടും ഡിവിഷൻബെഞ്ച് പരിഗണിച്ചാണ് സർക്കാറിന്റെയടക്കം വിശദീകരണം തേടിയത്. ഹൈക്കോടതി കേസ് ഇന്ന് വീണ്ടും പരിഗണിക്കും.