അംഗപരിമിത വിദ്യാർഥികൾക്ക് എംബിബിഎസിന് താൽക്കാലിക പ്രവേശനം നൽകാൻ ഹൈക്കോടതി ഉത്തരവ്
അഖിലേന്ത്യ നീറ്റ് എഴുത്ത് പരീക്ഷയെഴുതിയ അംഗപരിമിതിയുള്ള രണ്ട് വിദ്യാർത്ഥികൾക്ക് എംബിബിഎസിന് താൽക്കാലിക പ്രവേശനം നൽകാൻ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. അംഗപരിമിത വിഭാഗത്തിൽ 83, 1185 റാങ്കുകൾ നേടിയ വിദ്യാർത്ഥികൾക്കാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് താൽക്കാലിക പ്രവേശനം അനുവദിച്ചത്.
എംബിബിഎസ് പ്രവേശനം നേടാൻ യോഗ്യതയില്ലെന്ന് മെഡിക്കൽ കൗൺസിൽ കമ്മിറ്റി നിയോഗിച്ച മെഡിക്കൽ ബോർഡ് കണ്ടെത്തിയ വിദ്യാർത്ഥികൾ അഡ്വ. മുഹമ്മദ് ഷാ മുഖേനയാണ് ഹൈക്കോടതിയെ സമീപിച്ചത്.
മെഡിക്കൽ ബോർഡിന്റെ തീരുമാനത്തിന് കൂടുതൽ വ്യക്തത വരുത്തുന്നതിനായി വിദ്യാർഥികൾ ചെന്നൈ മദ്രാസ് മെഡിക്കൽ കോളേജിലെ മെഡിക്കൽ ബോർഡിൽ തുടർപരിശോധനയ്ക്ക് വിധേയമായിരുന്നു. എന്നാൽ, ഹർജിക്കാർ എംബിബിഎസ് പ്രവേശനം നേടാൻ യോഗ്യരല്ലെന്ന് മദ്രാസ് മെഡിക്കൽ ബോർഡ് കണ്ടെത്തിയതിനെത്തുർന്ന് റിട്ട് പെറ്റീഷൻ ഹൈക്കോടതി സിംഗിൾ ബെഞ്ച് തള്ളി. തുടർന്നാണ് ഹര്‍ജിക്കാർ ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിനെ അപ്പീലുമായി സമീപിച്ചത്.
അംഗപരിമിത അവകാശ നിയമപ്രകാരം ഹരജിക്കാർ സംവരണത്തിന് യോഗ്യരാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് വിദ്യാർത്ഥികൾക്ക് എം ബി ബി എസ് ന് പ്രവേശനം അനുവദിച്ചത്
സാർവത്രികവും വിവേചനരഹിതവുമായ വിദ്യാഭ്യാസം എല്ലാവരുടെയും അവകാശമാണെന്നും ഭിന്നശേഷിയുളളവരുടെ അവകാശ നിയമങ്ങൾ ഇത്തരം ആളുകളെ ഉൾക്കൊള്ളുന്നതിന് വേണ്ടിയാണെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി. മെഡിക്കൽ കരിക്കുലം ഭിന്നശേഷി സൗഹൃദമാക്കേണ്ടത് അധികൃതരുടെ ചുമതലയാണ്. ഭിന്നശേഷിക്കാരായിരിക്കെ തന്നെ വിദ്യാർത്ഥികൾക്ക് അവർക്ക് ഇഷ്ടപ്പെട്ട മേഖലയിൽ പഠനം നടത്താൻ ഭൗതിക സൗകര്യമൊരുക്കാൻ അധികൃതർ തയ്യാറാവണം. ഭിന്നശേഷിക്കാരായതിന്റെ പേരിൽ പഠിക്കാനുള്ള അവകാശം വിദ്യാർത്ഥികൾക്ക് നിഷേധിക്കപ്പെടരുതെന്നും ഹർജിക്കാരുടെ അഭിഭാഷകൻ വാദിച്ചു.
അംഗപരിമിത അവകാശ നിയമപ്രകാരം ഹരജിക്കാർ സംവരണത്തിന് യോഗ്യരാണെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് വിദ്യാർത്ഥികൾക്ക് എം ബി ബി എസിന് താൽക്കാലിക പ്രവേശനം നൽകാൻ ഇടക്കാല ഉത്തരവിലൂടെ നിർദ്ദേശിച്ചത്.