പോലീസുകാരുടെ മോശം പെരുമാറ്റം: നടപടിയെടുക്കാത്ത മേലുദ്യോഗസ്ഥരും ഉത്തരവാദികളെന്ന് ഹൈക്കോടതി
പോലീസിന്റെ മോശം പെരുമാറ്റത്തിനെതിരെ മുന്നറിയിപ്പുമായി ഹൈക്കോടതി. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാത്ത മേലുദ്യോഗസ്ഥരും ഉത്തരവാദികളാണെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. പോലീസുകാർക്ക് പെരുമാറ്റച്ചട്ടം നിശ്ചയിച്ച് സംസ്ഥാന പോലീസ് മേധാവി ഉത്തരവിറക്കിയാൽ മാത്രം മതിയാവില്ല, ഈ ഉത്തരവ് ഓരോ ഉദ്യോസ്ഥനും അനുസരിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും കോടതി പറഞ്ഞു.
''ഉത്തരവുണ്ടായാല്‍ പോര, ഉദ്യോഗസ്ഥര്‍ അത് അനുസരിക്കണം. അല്ലെങ്കില്‍ പോലീസിനെതിരെ നടപടിക്ക് മടിക്കില്ല''- ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. പോലീസുകാരുടെ പെരുമാറ്റച്ചട്ടം സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി സമർപ്പിച്ച റിപ്പോർട്ടില്‍ അതൃപ്തി രേഖപ്പെടുത്തിയ കോടതി വീണ്ടും റിപ്പോർട്ട് സമർപ്പിക്കാന്‍ നിർദേശം നല്‍കി.
പോലീസ് സ്റ്റേഷനുകളുടെ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്താന്‍ സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് ബുധനാഴ്ച നിർദേശം നല്‍കിയിരുന്നു. ജില്ലാ പോലീസ് മേധാവിമാരുടെയും റേഞ്ച് ഡിഐജിമാരുടെയും സോൺ ഐജിമാരുടെയും ഓൺലൈൻ യോഗത്തിലാണ് നിർദേശങ്ങൾ നൽകിയത്.
കൊല്ലം കിളികൊല്ലൂരിൽ സൈനികനെയും സഹോദരനെയും പോലീസ് കള്ളക്കേസെടുത്ത് മര്‍ദ്ദിച്ചതും സമാനമായ വിവിധ കേസുകളും ചര്‍ച്ചയായ പശ്ചാത്തലത്തില്‍ കൂടിയാണ് ഹൈക്കോടതി നിര്‍ദേശം.