കനത്ത മഴ; കാറിന് മുകളില്‍ മരം വീണ് യുവതിക്ക് ദാരുണാന്ത്യം, നാളെ എട്ടു ജില്ലകളില്‍ അവധി, ജാഗ്രതാ നിര്‍ദേശം

കനത്ത മഴ; കാറിന് മുകളില്‍ മരം വീണ് യുവതിക്ക് ദാരുണാന്ത്യം, നാളെ എട്ടു ജില്ലകളില്‍ അവധി, ജാഗ്രതാ നിര്‍ദേശം

കനത്ത മഴയില്‍ സംസ്ഥാനത്ത് വ്യാപക നാശനഷ്ടം
Updated on
3 min read

കനത്ത മഴയില്‍ സംസ്ഥാനത്ത് വ്യാപക നാശനഷ്ടം. തിരുവനന്തപുരത്ത് കാറിനു മുകളില്‍ മരം വീണ് യുവതി മരിച്ചു. വിതുര സ്വദേശിനി മോളി (42) ആണ് മരിച്ചത്. പരുക്കേറ്റ ഭര്‍ത്താവ് ഗുരുതരാവസ്ഥയിലാണ്. പേരൂര്‍ക്കട വഴയിലെ റോഡിലാണ് വന്‍മരം കാറിന് മുകളിലേക്ക് കടപുഴകി വീണത്. തകര്‍ന്ന കാറില്‍ നിന്ന വളരെ ശ്രമപ്പെട്ടാണ് ഇവരെ പുറത്തെടുത്തത്. അപകടത്തില്‍പ്പെട്ട കാര്‍ പൂര്‍ണമായും തകര്‍ന്നു. അപകടത്തെ തുടര്‍ന്ന് വഴയില-പേരൂര്‍ക്കട റോഡില്‍ ഗതാഗത തടസം രൂപപ്പെട്ടു.

തൃശൂര്‍ തളിക്കുളത്ത് വീടിന് മുകളിലേക്ക് തെങ്ങ് വീണു മൂന്നുപേര്‍ക്ക് പരുക്കേറ്റു. തളിക്കുളം നമ്പിക്കടവില്‍ വീട്ടില്‍ ആലി മുഹമ്മദിന്റെ വീട്ടിലേക്കാണ് തെങ്ങ് വീണത്. ആലി മുഹമ്മദിന്റെ ഭാര്യ നഫീസ, മകന്‍ ഷക്കീര്‍, മരുമകള്‍ റജുല എന്നിവര്‍ക്കാണ് പരുക്കേറ്റു. മലപ്പുറം കാടാമ്പുഴയില്‍ കുളത്തില്‍ വീണ് യുവാവ് മരിച്ചു. കാടാമ്പുഴ സ്വദേശി ഷൈജു (39) ആണ് മരിച്ചത്.

കനത്ത മഴയെ തുടര്‍ന്ന വയനാട് ജില്ലയില്‍ മുന്നു ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. ജില്ലയില്‍ ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മുത്തങ്ങയിലെ കല്ലൂരില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഏഴു കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. നൂല്‍പ്പുഴ പുത്തൂര്‍ കോളനിയില്‍ വെള്ളം കയറിയതിന് തുടര്‍ന്ന് 5 കുടുംബങ്ങളെ അടുത്തുള്ള ആര്‍ട്‌സ് ആന്റ് സ്‌പോട്‌സ് ക്ലബ്ബിലേക്ക് മാറ്റി. ശക്തമായ മഴയെ തുടര്‍ന്ന് ജില്ലയിലെ ക്വാറി പ്രവര്‍ത്തനങ്ങള്‍ക്കും മണ്ണെടുക്കലിനും ജില്ലാ കളക്ടര്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.

കാറിന് മുകളില്‍ മരം വീണുണ്ടായ അപകടത്തിലെ രക്ഷാപ്രവര്‍ത്തനം
കാറിന് മുകളില്‍ മരം വീണുണ്ടായ അപകടത്തിലെ രക്ഷാപ്രവര്‍ത്തനം

വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയൊരു ന്യൂനമര്‍ദ്ദം ജൂലൈ പത്തൊന്‍പതോടെ രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കിയിരിക്കുന്നത്. നിലവില്‍ തെക്കന്‍ ഛത്തീസ്ഗഡിനും വിദര്‍ഭക്കും മുകളിലായി ന്യൂനമര്‍ദ്ദം സ്ഥിതിചെയ്യുന്നു. വടക്കന്‍ കേരള തീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ ന്യൂനമര്‍ദ്ദ പാത്തി സ്ഥിതിചെയ്യുന്നു. അതോടൊപ്പം കേരള തീരത്ത് ശക്തിയേറിയ പടിഞ്ഞാറന്‍/വടക്കു പടിഞ്ഞാറന്‍ കാറ്റ് സ്ഥിതിചെയ്യുന്നു. ഇതിന്റെ ഫലമായി, കേരളത്തില്‍ അടുത്ത അഞ്ച് ദിവസം വ്യാപകമായി ഇടിമിന്നലോടും ശക്തമായ കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കേരളാ തീരത്ത് ഉയര്‍ന്ന ശക്തമായ തിരമാലയ്ക്കും സാധ്യതയുണ്ട്. ഈ സാഹച്യത്തില്‍ മത്സ്യ തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കനത്ത മഴ; കാറിന് മുകളില്‍ മരം വീണ് യുവതിക്ക് ദാരുണാന്ത്യം, നാളെ എട്ടു ജില്ലകളില്‍ അവധി, ജാഗ്രതാ നിര്‍ദേശം
കേരളത്തിൽ ഇന്നും നാളെയും മഴ കനക്കും; ന്യൂനമർദത്തിനൊപ്പം എംജെഒ പ്രതിഭാസവും

ഇന്ന് കണ്ണൂര്‍ കോഴിക്കോട് ജില്ലകളില്‍ ചൊവ്വാഴ്ച റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

എട്ട് ജില്ലകളില്‍ അവധി

കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ എട്ടു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട്, ഇടുക്കി, പാലക്കാട്, ആലപ്പുഴ, തൃശൂര്‍, കണ്ണൂര്‍, കോട്ടയം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

കോഴിക്കോട്

കോഴിക്കോട് ജില്ലയിലെ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. അങ്കണവാടികള്‍ക്കും അവധി ബാധകമാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടാവില്ല.

കണ്ണൂര്‍

കണ്ണൂര്‍ ജില്ലയിലെ സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്സി സ്‌കൂളുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, അങ്കണവാടികള്‍, മദ്രസകള്‍ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. കണ്ണൂര്‍ ജില്ലയിലെ മിക്ക പ്രദേശങ്ങളിലും കഴിഞ്ഞ 24 മണിക്കൂറില്‍ അതിശക്തമായ മഴ രേഖപ്പെടുത്തിയിട്ടുണ്ട്.

കാലവര്‍ഷക്കാറ്റ് ശക്തിപ്രാപിക്കുന്നതിനാല്‍ നാളെ അതി തീവ്രമഴയ്ക്കുള്ള ഓറഞ്ച് അലര്‍ട്ട് മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയ്ക്ക് നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മുന്‍കരുതല്‍ എന്ന നിലയിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചത് എന്നും കളക്ടര്‍ അറിയിച്ചു. അവധി മൂലം നഷ്ടപ്പെടുന്ന പഠനസമയം ക്രമീകരിക്കാന്‍ വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ നടപടി സ്വീകരിക്കേണ്ടതാണ്. കോളേജുകള്‍ക്ക് നാളത്തെ അവധി ബാധകമല്ല. മുന്‍കൂട്ടി പ്രഖ്യാപിച്ച പരീക്ഷകളില്‍ മാറ്റമില്ലെന്നും കളക്ടര്‍ വ്യക്തമാക്കി.

തൃശൂര്‍

തൃശൂര്‍ ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബുധനാഴ്ച അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് ഇത് ബാധകമല്ല.

തൃശൂര്‍ ജില്ലയില്‍ മഴയും പല സ്ഥലങ്ങളില്‍ വെള്ളക്കെട്ടും തുടരുന്ന സാഹചര്യത്തിലും മണ്ണിടിച്ചിലിനുള്ള സാധ്യതയും കണക്കിലെടുത്താണ് അവധി പ്രഖ്യാപിച്ചതെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. അങ്കണവാടികള്‍, ട്യൂഷന്‍ സെന്ററുകള്‍ എന്നിവയ്ക്കും അവധി ബാധകമാണ്. പൂര്‍ണമായും റസിഡന്‍ഷ്യലായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമല്ല.

ഇടുക്കി

ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തിലും, ശക്തമായ കാറ്റ്, മണ്ണിടിയുന്നത് മൂലം റോഡ് ബ്ലോക്ക്, മുതലായ സാഹചര്യം നിലനില്‍ക്കുന്നതിനാലും ബുധനാഴ്ച ജില്ലയിലെ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. അങ്കണവാടികള്‍, മദ്രസ, കിന്‍ഡര്‍ ഗാര്‍ഡന്‍, ട്യൂഷന്‍ സെന്ററുകള്‍ എന്നിവയ്ക്കും അവധി ബാധകമാണ്. പൂര്‍ണ്ണമായും റസിഡന്‍ഷ്യല്‍ ആയി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ഉണ്ടായിരിക്കുന്നതല്ല. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് അവധി ബാധകമല്ല.

പാലക്കാട്

കനത്ത കാലവര്‍ഷത്തിന്റെയും മഴക്കെടുതികളുടെയും പശ്ചാത്തലത്തില്‍ പാലക്കാട് ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകളും അങ്കണവാടികളും ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബുധനാഴ്ച ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് അവധി ബാധകമല്ല. സ്വകാര്യ ട്യൂഷന്‍ കേന്ദ്രങ്ങള്‍, മദ്രസകള്‍, കിന്‍ഡര്‍ ഗാര്‍ട്ടനുകള്‍ എന്നിവ ഉള്‍പ്പെടെ ക്ലാസുകള്‍ ഒഴിവാക്കേണ്ടതാണ്. കുട്ടികള്‍ തടയണകളിലും പുഴകളിലും ഇറങ്ങാതെ വീട്ടില്‍ തന്നെ സുരക്ഷിതമായി ഇരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. മേഖല, ജില്ലാതലങ്ങളില്‍ മുന്‍കൂട്ടി നിശ്ചയിച്ച പാഠ്യ, പാഠ്യേതര പരിപാടികള്‍ നടത്തുന്നുണ്ടെങ്കില്‍ സംഘാടകര്‍ ഔദ്യോഗികാനുമതി വാങ്ങേണ്ടതും വിദ്യാര്‍ത്ഥികളുടെ പൂര്‍ണ്ണ സുരക്ഷിതത്വം ഉറപ്പാക്കേണ്ടതുമാണ്.

വയനാട്

വയനാട് ജില്ലയില്‍ കാലവര്‍ഷം ശക്തമായ സാഹചര്യത്തില്‍ ട്യൂഷന്‍ സെന്ററുകള്‍, അങ്കണവാടികള്‍, പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. എംആര്‍എസ് സ്‌കൂളുകള്‍ക്ക് അവധി ബാധകമല്ല.

കോട്ടയം

ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കോട്ടയം ജില്ലയിലെ അങ്കണവാടികള്‍, പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. മുന്‍ നിശ്ചയിച്ച പരീക്ഷകള്‍ക്ക് അവധി ബാധകമല്ലെന്ന് കോട്ടം ജില്ലാ കളക്ടര്‍ അറിയിച്ചു.

ആലപ്പുഴ

ശക്തമായ മഴയും വെള്ളക്കെട്ടും നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ജില്ലയിലെ പ്രഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ ജില്ല കളക്ടര്‍ അവധി പ്രഖ്യാപിച്ചു. പരീക്ഷകള്‍ക്ക് ഇത് ബാധകമല്ല. പത്തനംതിട്ട ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ സ്ഥിതിചെയ്യുന്ന സ്‌കൂളുകള്‍ക്ക് നാളെ അവധിയായിരിക്കും.

logo
The Fourth
www.thefourthnews.in