ആറര മാസമായ ഗർഭസ്ഥ ശിശുവിനെ പുറത്തെടുക്കാൻ ഹൈക്കോടതി അനുമതി; വിധി മാനസിക വെല്ലുവിളി നേരിടുന്ന പോക്സോ കേസ് ഇരയ്ക്ക് വേണ്ടി
മാനസിക വെല്ലുവിളി നേരിടുന്ന പതിനേഴുകാരിയുടെ ആറര മാസമെത്തിയ ഗർഭസ്ഥ ശിശുവിനെ പുറത്തെടുക്കാൻ ഹൈക്കോടതിയുടെ അനുമതി. പോക്സോ കേസിലെ ഇരയായ പെൺകുട്ടി അയൽവാസിയിൽ നിന്ന് ഗർഭിണിയായെന്ന് വീട്ടുകാർ അറിയുന്നത് ആറരമാസം കഴിഞ്ഞപ്പോഴാണ്. മെഡിക്കൽ ടെർമിനേഷൻ പ്രെഗ്നൻസി ആക്ട് പ്രകാരം 24 ആഴ്ച വളർച്ചയെത്തിയാൽ ഗർഭം അലസിപ്പിക്കാനാകില്ല. സംഭവം അറിഞ്ഞതുമുതൽ പെൺകുട്ടിയുടെ മാനസിക നില കൂടുതൽ മോശമായതിനെ തുടർന്നാണ് മാതാവ് കോടതിയിലെത്തിയത്.
കോടതിയുടെ അനുമതിയുണ്ടെങ്കിൽ മാത്രമാണ് ആശുപത്രി അധികൃതർ ഗർഭസ്ഥശിശുവിനെ പുറത്തെടുക്കൂവെന്നാണ് ഹർജിക്കാരി കോടതിയെ അറിയിച്ചത്. കണ്ണൂർ മെഡിക്കൽ കോളേജ് സൂപ്രണ്ടിനോട് മെഡിക്കൽ ബോർഡ് രൂപീകരിക്കാനും പെൺകുട്ടിയെ പരിശോധിക്കാനും കോടതി നിർദേശം നൽകി. ഗർഭസ്ഥ ശിശുവിന് മറ്റ് പ്രശ്നങ്ങളൊന്നുമില്ലെന്നാണ് മെഡിക്കൽ ബോർഡ് കുട്ടിയെ പരിശോധിച്ച് നൽകിയ റിപ്പോർട്ട്.
സാധാരണ നിലയിൽ ഗർഭച്ഛിദ്രം നടത്തണമെങ്കിൽ ഭ്രൂണത്തിന്റെ വളർച്ച 20 ആഴ്ചയായിരിക്കണം. ഇത് 26 ആഴ്ചയിലെത്തിയതിനാൽ രക്തസ്രാവമുണ്ടാകാനും മറ്റ് പ്രശ്നങ്ങൾക്കും സാധ്യതയുണ്ട്. അതിനാൽ ശസ്ത്രക്രിയയിലൂടെയെ കുട്ടിയെ പുറത്തെടുക്കാനാകൂവെന്നുമായിരുന്നു മെഡിക്കൽ റിപ്പോർട്ട്. പെൺകുട്ടിക്ക് ബുദ്ധിപരമായ വൈകല്യമുണ്ടെന്നും ഗർഭധാരണം മാനസികാവസ്ഥയെ ഗുരുതരമായി ബാധിക്കുമെന്നും മെഡിക്കൽ ബോർഡ് കോടതിയെ അറിയിച്ചു. അതിനാൽ ഗർഭസ്ഥ ശിശുവിനെ പുറത്തെടുക്കാമെന്നത് തന്നെയായിരുന്നു മെഡിക്കൽ ബോർഡിന്റെയും തീരുമാനം.
സർക്കാർ ആശുപത്രിയിൽ സൗകര്യമൊരുക്കണം, പ്രത്യേക മെഡിക്കൽ സംഘത്തെ ആശുപത്രി സൂപ്രണ്ട് നിയമിക്കണം
തുടർന്ന് ഗർഭസ്ഥ ശിശുവിനെ പുറത്തെടുക്കാൻ കോടതി ചില വ്യവസ്ഥകളോടെ അനുമതി നൽകി. സർക്കാർ ആശുപത്രിയിൽ ഇതിനായി സൗകര്യമൊരുക്കണം. പ്രത്യേക മെഡിക്കൽ സംഘത്തെ ആശുപത്രി സൂപ്രണ്ട് നിയമിക്കണം. കുട്ടിയെ പുറത്തെടുക്കുമ്പോള്‍ ജീവനുണ്ടെങ്കിൽ മതിയായ ചികിത്സ നൽകണം. ജനിക്കുന്ന കുട്ടിയെ പെൺകുട്ടിയും കുടുംബവും ഏറ്റെടുത്തില്ലെങ്കിൽ സർക്കാർ നടപടിയെടുക്കണമെന്നും ജസ്റ്റിസ് വി ജി അരുൺ ഉത്തരവിട്ടു.