ബ്രഹ്മപുരം മാലിന്യ സംസ്കരണം: കരാർ രേഖകൾ ഹാജരാക്കണമെന്ന്  കൊച്ചി കോര്‍പ്പറേഷനോട് ഹൈക്കോടതി

ബ്രഹ്മപുരം മാലിന്യ സംസ്കരണം: കരാർ രേഖകൾ ഹാജരാക്കണമെന്ന് കൊച്ചി കോര്‍പ്പറേഷനോട് ഹൈക്കോടതി

എറണാകുളം ജില്ലാ കളക്ടർക്കും മലിനീകരണ നിയന്ത്രണ ബോർഡിനും കോടതിയുടെ വിമർശനം
Updated on
1 min read

ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്റുമായി ബന്ധപ്പെട്ട കരാര്‍ രേഖകള്‍ ഹാജരാക്കാന്‍ കൊച്ചി കോര്‍പ്പറേഷന് ഹൈക്കോടതി നിര്‍ദേശം നല്‍കി. കഴിഞ്ഞ ഏഴ് വര്‍ഷത്തെ വിശദാംശങ്ങള്‍ ഹാജരാക്കാനാണ് ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ്. വിഷപ്പുക മൂലം ഒരാള്‍ മരിച്ചെന്ന് അഭിഭാഷകന്‍ വാദത്തിനിടെ ഹൈക്കോടതിയെ അറിയിച്ചു. നാളെ ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ അറിയിക്കാന്‍ ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടു. ബ്രഹ്മപുരം സംഭവത്തെ തുടര്‍ന്ന് കോടതി സ്വമേധയാ സ്വീകരിച്ച ഹര്‍ജിയാണ് പരിഗണനയിലുള്ളത്.

ബ്രഹ്മപുരം വിഷയം പരിഗണിക്കവെ എറണാകുളം ജില്ലാ കളക്ടറെ ഹൈക്കോടതി വിമര്‍ശിച്ചു. സമയത്തിന് കോടതിയില്‍ എത്താത്തിനാണ് കോടതി വിമര്‍ശിച്ചത്. ഹര്‍ജി പരിഗണിച്ചപ്പോള്‍ ഓണ്‍ലൈനായാണ് കളക്ടര്‍ എത്തിയത്. കോടതി നടപടികള്‍ കുട്ടിക്കളിയായി കാണരുതെന്ന് കോടതി മുന്നറിയിപ്പ് നല്‍കി. ബ്രഹ്മപുരത്തെ ഏഴ് സെക്ടറിലെയും തീ ഇന്നലെ അണച്ചിരുന്നതാണെന്നും എന്നാല്‍ ഇന്ന് രാവിലെ വീണ്ടും ഒരു സെക്ടറില്‍ തീ പടര്‍ന്നെന്നും കളക്ടര്‍ കോടതിയെ അറിയിച്ചു. ഏഴ് ദിവസം കൂടി ഗൗരവായി നിരീക്ഷണമുണ്ടാകുമെന്നും ആധുനിക സംവിധാനങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്നും കളക്ടര്‍ വ്യക്തമാക്കി.

ഖരമാലിന്യ സംസ്‌കരണത്തിന് കൊച്ചിയില്‍ വാര്‍ റൂം തുറക്കുമെന്ന് തദ്ദേശ സെക്രട്ടറി കോടതിയെ അറിയിച്ചിട്ടുണ്ട്. മലിനീകരണ നിയന്ത്രണ ബോര്‍ഡിനും കോടതിയുടെ വിമര്‍ശനം ഏല്‍ക്കേണ്ടി വന്നു. ഖരമാലിന്യ സംസ്‌കരണത്തിലെ എല്ലാ നിയമങ്ങളും ബ്രഹ്മപുരത്ത് ലംഘിക്കപ്പെടുന്നു. പ്ലാന്റ് നടത്തിപ്പുകാര്‍ക്കെതിരെ എന്ത് നടപടി സ്വീകരിക്കുമെന്നും മലിനീകരണ നിയന്ത്രണ ബോര്‍ഡിനോട് കോടതി ചോദിച്ചു.

കോര്‍പ്പറേഷന്‍ ഉള്‍പ്പെടെയുള്ള ചുമതലപ്പെട്ടവര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടികളും നഷ്ടപരിഹാരമടക്കം ഈടാക്കുമെന്ന് ബോര്‍ഡ് മറുപടി നല്‍കി. നഷ്ടപരിഹാരം വാങ്ങി ബാങ്കിലിട്ടാല്‍ ജനങ്ങള്‍ സഹിച്ചതിന് പരിഹാരമാകുമോയെന്നായിരുന്നു കോടതിയുടെ ചോദ്യം. ബ്രഹ്മപുരം എന്ന പേര് തന്നെ അക്ഷരാര്‍ത്ഥത്തില്‍ മാറ്റിയെഴുതപ്പെട്ടുവെന്നും കോടതി സൂചിപ്പിച്ചു. ഹര്‍ജി നാളെ വീണ്ടും പരിഗണിക്കും.

logo
The Fourth
www.thefourthnews.in