ലൈംഗിക പീഡന പരാതി: സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യമില്ല, അപേക്ഷ തള്ളി ഹൈക്കോടതി, അറസ്റ്റ് ഉടൻ, ലുക്ക്ഔട്ട് സര്‍ക്കുലറുമായി അന്വേഷണസംഘം
നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി. യുവനടി നല്‍കിയ ലൈംഗികപീഡന പരാതിയിലാണ് നടന്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. തിരുവനന്തപുരം മ്യൂസിയം പോലീസാണ് ബലാത്സംഗക്കുറ്റം അടക്കം വകുപ്പുകള്‍ ചേര്‍ത്ത് നടനെതിരെ കേസെടുത്തത്. സിദ്ദിഖിനെതിരായ ചില തെളിവുകള്‍ അന്വേഷണ സംഘം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അടിസ്ഥാനത്തിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്. ജസ്റ്റിസ് സി എസ് ഡയസാണ് മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയ പശ്ചാത്തലത്തിൽ നടന്റെ അറസ്റ്റ് ഉടനുണ്ടായേക്കും. അതേസമയം, സിദ്ദിഖ് രാജ്യം വിടാതിരിക്കാനുള്ള മുന്‍കരുതലിന്റെ ഭാഗമായി വിമാനത്താവളങ്ങളില്‍ അന്വേഷണസംഘം ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറത്തിറിക്കിയതായും റിപ്പോര്‍ട്ടുണ്ട്. ലൈംഗിക പീഡന പരാതിയെത്തുടര്‍ന്നാണ് സിദ്ദിഖ് അമ്മ സംഘടനയുടെ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചത്.
2016ലായിരുന്നു കേസിനാസ്പദമായ സംഭവം. മാസ്‌കോട്ട് ഹോട്ടലില്‍ വച്ച് സിദ്ദിഖ് തന്നെ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി. ആരോപണം ഉന്നയിച്ച ദിവസം തിരുവനന്തപുരം നിള തീയേറ്ററില്‍ നടന്ന സിനിമ പ്രിവ്യൂ ഷോയിലും ഇരുവരും പങ്കെടുത്തതായും പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. പ്രിവ്യൂ ഷോയ്ക്കു പിന്നാലെ സിനിമ ചര്‍ച്ചയ്‌ക്കെന്നു പറഞ്ഞ് ഹോട്ടലില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചുവെന്നാണ് നടിയുടെ ആരോപണം.
പരാതി ഗൗരവതരമെന്ന് വിലയിരുത്തിയാണ് ഹൈക്കോടതി സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യം തള്ളിയത്. സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും കോടതി ചൂണ്ടിക്കാട്. കസ്റ്റഡിയിൽ ചോദ്യം ചെയ്യണം പരാതിക്കാരിക്ക് വിശ്വാസ്യതയില്ലെന്ന വാദം കോടതി തള്ളി. സ്ത്രീ ബഹുമാനം അർഹിക്കുന്നു. അതിജീവിതമാർക്ക് മുന്നോട്ടു പോകാൻ കഴിയും. പരാതി വൈകിയതുകൊണ്ട് ഗൗരവം ഇല്ലാതാകുന്നില്ലെന്നും ഹൈക്കോടതി.
ലൈംഗികാരോപണ പരാതിയില്‍ നടന്‍ സിദ്ദിഖിനെതിരെ തെളിവുകളും പോലീസ് കണ്ടെത്തിയിരുന്നു. നടിയുടെ പരാതിയില്‍ പറയുന്ന ദിവസം സിദ്ദിഖ് താമസിച്ച തിരുവനന്തപുരത്തെ മാസ്‌കോട്ട് ഹോട്ടലില്‍ പരാതിക്കാരിയെത്തിയിരുന്നതായി രേഖ. എട്ടുവര്‍ഷം മുന്‍പുള്ള സന്ദര്‍ശക രജിസ്റ്ററില്‍ പരാതിക്കാരി ഒപ്പിട്ടതായി പോലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍ പരാതിക്കാരിയെ മാതാപിതാക്കള്‍ക്കൊപ്പമാണ് കണ്ടതെന്നായിരുന്നു സിദ്ധിഖിന്റെ വാദം. താന്‍ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായെന്നാണു യുവനടി പോലീസിനു നല്‍കിയ മൊഴിയില്‍ പറഞ്ഞത്. നാലുമണിക്കൂറിലേറെ സമയമെടുത്ത് നല്‍കിയ മൊഴിയില്‍ സിദ്ധിഖിനെതിരേ ഗുരുതര പരാമര്‍ശങ്ങളാണ് നടി തുറന്നുപറഞ്ഞത്. പീഡനത്തെക്കുറിച്ച് മാധ്യമങ്ങള്‍ക്കു മുന്നിലാണു യുവനടി ആദ്യം വെളിപ്പെടുത്തിയത്. പിന്നാലെയാണു പോലീസിനു പരാതി നല്‍കിയത്. ഇന്ത്യന്‍ ശിക്ഷാ നിയമം 376 (ബലാത്സംഗം), 506, എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് മ്യൂസിയം പോലീസ് കേസെടുത്തത്.