മോഹന്‍ ലാല്‍
മോഹന്‍ ലാല്‍

ആനക്കൊമ്പ്: മോഹന്‍ലാല്‍ കോടതിയെ സമീപിക്കുന്നതില്‍ നിയമപ്രശ്‌നം;എന്തുകൊണ്ട് സര്‍ക്കാര്‍ ഹര്‍ജി നല്‍കുന്നില്ല: ഹൈക്കോടതി

മോഹന്‍ലാല്‍ ഹാജരാകണമെന്ന മജിസ്‌ട്രേറ്റ് കോടതി ഉത്തരവില്‍ ഇടപെടാന്‍ ഹൈക്കോടതി വിസമ്മതിച്ചു
Updated on
1 min read

ആനക്കൊമ്പ് കേസില്‍ നടന്‍ മോഹന്‍ലാലിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി കീഴ്ക്കോടതി തളളിയതിന് മോഹന്‍ലാല്‍ എന്തിനാണ് കോടതിയെ സമീപിച്ചത് എന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. കേസില്‍ എന്തുകൊണ്ട് സര്‍ക്കാര്‍ ഹര്‍ജി നല്‍കുന്നില്ല. കീഴ്ക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് മോഹന്‍ലാല്‍ കോടതിയെ സമീപിക്കുന്നതില്‍ നിയമപ്രശ്‌നമുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി. അതേസമയം, മോഹന്‍ലാല്‍ ഹാജരാകണമെന്ന മജിസ്‌ട്രേറ്റ് കോടതി ഉത്തരവില്‍ ഇടപെടാന്‍ ഹൈക്കോടതി വിസമ്മതിച്ചു.

ആനക്കൊമ്പ് കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ ആവശ്യം തള്ളിയ പെരുമ്പാവൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് മോഹന്‍ലാല്‍ ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ ഹര്‍ജി പരിഗണിക്കുന്നത് ഓണാവധിക്കു ശേഷമാക്കി. മോഹന്‍ലാല്‍ കോടതിയില്‍ നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കണമെന്ന ആവശ്യവും കോടതി നിരസിച്ചു. ആവശ്യം അപ്പീല്‍ ഹര്‍ജിയില്‍ പരിഗണിക്കാവനാവില്ലെന്നും ജസ്റ്റിസ് മേരി ജോസഫ് വ്യക്തമാക്കി.

മോഹന്‍ ലാല്‍
ആനക്കൊമ്പ് കേസിലെ കീഴ്‌ക്കോടതി ഉത്തരവ് റദ്ദാക്കണം; മോഹന്‍ലാല്‍ ഹൈക്കോടതിയില്‍

പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതിയിലായിരുന്ന കേസ് തീര്‍പ്പാക്കണം അല്ലെങ്കില്‍ റദ്ദാക്കണം എന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ആവശ്യം കോടതി തള്ളി. അതിനെ ചോദ്യം ചെയ്താണ് മോഹന്‍ലാല്‍ ഹൈക്കോടതിയെ സമീപിച്ചത്. തനിക്കെതിരെ തെളിവില്ലാത്തതിനാലാണ് സര്‍ക്കാര്‍ കേസ് പിന്‍വലിക്കാന്‍ അപേക്ഷ നല്‍കിയത്. വസ്തുതകളും നിയമവശങ്ങളും പരിശോധിച്ചല്ല പെരുമ്പാവൂര്‍ കോടതി നടപടി എടുത്തത്. കീഴ്ക്കോടതി ഉത്തരവ് റദ്ദാക്കണമെന്നും മോഹന്‍ലാല്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

2012ലാണ് കേസിനാസ്പദമായ സംഭവം. മോഹന്‍ലാലിന്റെ കൊച്ചി തേവരയിലെയിലെ വീട്ടില്‍ നിന്ന് ആദായ നികുതി വകുപ്പ് ആനക്കൊമ്പ് പിടികൂടി. ഇത് പിന്നീട് വനം വകുപ്പിന് കൈമാറുകയും മോഹന്‍ലാലിനെതിരെ കേസെടുക്കുകയും ചെയ്യ്തു. അതേസമയം, ആനക്കൊമ്പ് കെ കൃഷ്ണകുമാര്‍ എന്നയാളില്‍നിന്നും പണം കൊടുത്തുവാങ്ങിയതാണ് എന്നായിരുന്നു മോഹന്‍ലാലിന്റെ വാദം.

logo
The Fourth
www.thefourthnews.in