'രാഷ്ട്രീയത്തിന് ഉപയോഗിക്കരുത്'; വിദ്യാര്‍ഥികളെ നവകേരള സദസില്‍ പങ്കെടുപ്പിക്കരുതെന്ന് ഹൈക്കോടതി, ഇനിയില്ലെന്ന് സര്‍ക്കാർ
സംസ്ഥാനത്തെ ഹയർസെക്കന്ററി ഉൾപ്പെടെയുള്ള ക്ലാസ്സുകളിലെ കുട്ടികളെ നവകേരള സദസ്സിൽ പങ്കെടുപ്പിക്കരുതെന്ന് ഹൈക്കോടതി. അക്കാദമിക് കരിക്കുലത്തിലില്ലാത്ത കാര്യമാണിതെന്നും, അങ്ങനെ ഒരു കാര്യത്തിൽ ഉത്തരവിടാൻ സർക്കാരിന് അധികാരമില്ലെന്നും കോടതി ഇടക്കാല ഉത്തരവിൽ പറയുന്നു.
നവകേരള സദസ്സിൽ സ്കൂൾ കുട്ടികളെ പങ്കെടുപ്പിക്കാൻ വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശം ചൂണ്ടിക്കാട്ടി എം എസ് എഫ് സംസ്ഥാന പ്രസിഡണ്ട് പി കെ നവാസിന്റെ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാലവിധി. കുട്ടികൾ നാടിന്റെ സമ്പത്താണെന്നും അവരെ രാഷ്ട്രീയത്തിന് ഉപയോഗിക്കരുതെന്നും ഹർജി പരിഗണിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.
അതിനിടെ, നവകേരള സദസ്സിലേക്ക് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കുട്ടികളെ നവകേരള സദസിന് എത്തിക്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശം ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. നവകേരള സദസ്സിലേക്ക് ആളെ എത്തിക്കാന്‍ സ്‌കൂള്‍ ബസുകള്‍ വിട്ടുനല്‍കണമെന്ന ഉത്തരവും സര്‍ക്കാര്‍ പിന്‍വലിക്കും. തിങ്കളാഴ്ചയോടെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ ഹൈക്കോടതിയെ അറിയിച്ചു. കാസര്‍ഗോഡ് സ്വദേശി ഫിലിപ് ജോസഫ് നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ വിശദീകരണം നല്‍കിയത്.
അതിനിടെ, കണ്ണൂരിലെ പാനൂരിലായിരുന്നു നവകേരള യാത്രയുടെ ഭാഗമായി കുട്ടികളെ സ്കൂളിന് പുറത്ത് വെയിലത്തിറക്കി നിർത്തി മുദ്രാവാക്യം വിളിപ്പിച്ചെന്ന സംഭവത്തില്‍ ദേശീയ ബാലാവകാശ കമ്മീഷൻ ചീഫ് സെക്രട്ടറിക്ക് നോട്ടീസയച്ചിരുന്നു. സിപിഎം നേതൃത്വം നൽകുന്ന സർക്കാരിന്റെ പ്രചരണാർത്ഥം സംസ്ഥാനത്തുടനീളം ഇതുപോലെ കുട്ടികളെ നിരത്തിലിറക്കാനുള്ള നിർദേശമുണ്ടെന്നു മനസിലാക്കിയാണ് നടപടിയെന്നും ബാലാവകാശ കമ്മീഷൻ നോട്ടീസിൽ പറയുന്നു. ഇത്തരത്തിൽ രാഷ്ട്രീയ പ്രചാരണ പരിപാടികളിൽ നിരന്തരം പങ്കെടുപ്പിക്കുന്നത് കുട്ടികളുടെ പഠനം തടസപ്പെടുത്തുമെന്നു മാത്രമല്ല കുട്ടികളുടെ മാനസികാരോഗ്യത്തെയും ബാധിക്കുമെന്ന് നോട്ടീസിൽ എടുത്തുപറയുന്നു.
അതിനിടെ, നവകേരള സദസിന്റെ വിളംബര ജാഥയിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചതിനെതിരെ കേസ് സംസ്ഥാന ബാലാവകാശ കമ്മീഷൻ കേസെടുത്തു. നവകേരള സദസ്സിൻ്റെ ഭാഗമായി മലപ്പുറം നിലമ്പൂരിൽ സംഘടിപ്പിച്ച വിളംബര ജാഥയിൽ പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച സംഭവത്തിലാണ് നടപടി. നിലമ്പൂർ നഗരസഭ സെക്രട്ടറി, നിലമ്പൂർ ഇന്ദിരാഗാന്ധി മെമ്മോറിയൽ റെസിഡൻഷ്യൽ സ്കൂളിലെ പ്രധാനാധ്യാപകൻ എന്നിവർക്കെതിരെയാണ് കേസെടുത്തത്. സംഭവത്തിൽ ഇരുവരും ഒരാഴ്ചക്കകം റിപ്പോർട്ട് നൽകണമെന്നും മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശിച്ചു. ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർത്ഥികളെയായിരുന്നു വിളംബര ജാഥയിൽ പങ്കെടുപ്പിച്ചത്. സംസ്ഥാന സർക്കാരിൻറെ നേട്ടങ്ങൾ ഉയർത്തി കാണിക്കുന്ന പ്ലക്കാർഡുകൾ ഉയർത്തിയായിരുന്നു വിളംബര ജാഥ.