ഹർജി ലാഘവത്തോടെ കാണരുത്; മയക്കുമരുന്ന് കേസില്‍ അകാരണമായി തടവ് നീട്ടരുതെന്ന് ഹൈക്കോടതി
മയക്കുമരുന്ന് കേസിൽ ഉൾപ്പെട്ട പ്രതികളുടെ തടവ് കാരണമില്ലാതെ 180 ദിവസത്തിലധികം നീട്ടാനാവില്ലെന്ന് ഹൈക്കോടതി. അന്വേഷണം പൂർത്തിയാകാത്ത സാഹചര്യത്തിൽ 180 ദിവസത്തിന് ശേഷവും തടവിലിടാൻ ചട്ടമുണ്ട്. എന്നാൽ, ഈ ആവശ്യമുന്നയിച്ച് നൽകേണ്ട ഹർജി ലാഘവത്തോടെ കാണേണ്ടതല്ലെന്ന് ജസ്റ്റിസ് വി ജി അരുൺ ഉത്തരവിട്ടു. ഇക്കാര്യത്തിൽ അന്വേഷണ ഉദ്യോഗസ്ഥനും പബ്ലിക് പ്രോസിക്യുട്ടർമാർക്കും പരിശീലനം നൽകണമെന്നും കോടതി വ്യക്തമാക്കി.
അന്വേഷണം പൂർത്തിയാകാത്ത സാഹചര്യത്തിൽ 180 ദിവസത്തിന് ശേഷവും തടവിലിടാൻ ചട്ടമുണ്ട്. എന്നാൽ, ഈ ആവശ്യമുന്നയിച്ച് നൽകേണ്ട ഹർജി ലാഘവത്തോടെ കാണേണ്ടതല്ലെന്ന് ജസ്റ്റിസ് വി ജി അരുൺ
മയക്കുമരുന്നുമായി പിടിയിലായ തൃശൂർ സ്വദേശി ദയാലിനെ 180 ദിവസത്തിന് ശേഷവും ജാമ്യം നിഷേധിച്ച കീഴ്ക്കോടതി ഉത്തരവിനെതിരെ നൽകിയ ഹർജി അനുവദിച്ചാണ് ഉത്തരവ്. അന്വേഷണ ഉദ്യോഗസ്ഥർക്കും പബ്ലിക് പ്രോസിക്യുട്ടർമാർക്കും പരിശീലനം നൽകുന്നതിനായി ഉത്തരവിന്റെ പകർപ്പ് പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിനും സംസ്ഥാന പൊലീസ് മേധാവിക്കും കൈമാറാൻ കോടതി നിർദ്ദേശം നൽകി.
2022 ഓഗസ്റ്റ് 10ന് തൃശൂർ പോലീസ് തൃശൂർ സ്വദേശി ദയാലിനെ മയക്കു മരുന്നുമായി പിടികൂടിയത്. എന്നാല്‍, മയക്കുമരുന്ന് എത്തിച്ച് നൽകിയെന്ന് പറയുന്ന ആഫ്രിക്കൻ പൗരനെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായില്ല. നിശ്ചിത സമയത്തിനുള്ളിലും അന്വേഷണം പൂർത്തിയാക്കാനാവാത്ത സാഹചര്യത്തിൽ തടവ് ഒരു വർഷം വരെ നീട്ടി നൽകാൻ അനുവദിക്കുന്ന നിയമ പ്രകാരം പോലീസ് സെഷൻസ് കോടതിയിൽ ഹർജി നൽകുകയായിരുന്നു.
അന്വേഷണം പൂർത്തിയാക്കാൻ രണ്ട് മാസം കൂടി സമയം വേണമെന്ന പ്രോസിക്യുഷന്‍റെ ആവശ്യം സെഷൻസ് കോടതി ഫെബ്രുവരി ഒമ്പതിന് അനുവദിക്കുകയും ചെയ്തു. ഇതിനെതിരെയായിരുന്നു ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ, ഹർജിക്കാരന്റെ കാര്യത്തിൽ തടവ് നീട്ടാൻ ഉന്നയിച്ച കാരണം മതിയാകുന്നതല്ലെന്ന് കോടതി വിലയിരുത്തി. ഒരു ലക്ഷം രൂപയുടെ ബോണ്ടും തുല്യ തുകയുടെ രണ്ട് ആൾ ജാമ്യവും എന്ന മുഖ്യ വ്യവസ്ഥയിൽ പ്രതിക്ക് ജാമ്യവും അനുവദിച്ചു.