ശ്രീറാം വെങ്കിട്ടരാമന്‍
ശ്രീറാം വെങ്കിട്ടരാമന്‍

കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്: നരഹത്യാക്കുറ്റം ഒഴിവാക്കിയ ഉത്തരവിന് ഹൈക്കോടതി സ്റ്റേ

ഐപിസി 304 പ്രകാരമുള്ള നരഹത്യാക്കുറ്റം നിലനിൽക്കുമോയെന്നത് പരിശോധിക്കുമെന്നും ഹൈക്കോടതി
Updated on
1 min read

മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി. കേസിൽ ശ്രീറാം വെങ്കിട്ടരാമനെതിരായ നരഹത്യാക്കുറ്റം ഒഴിവാക്കിയ കീഴ്ക്കോടതി ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. രണ്ട് മാസത്തേക്കാണ് സ്റ്റേ. സർക്കാരിന്റെ അപ്പീൽ ഹര്‍ജി ഫയലിൽ സ്വീകരിച്ച കോടതി ശ്രീറാമിന് നോട്ടീസ് അയച്ചു. പ്രേസിക്യൂഷൻ ഹാജരാക്കിയ രേഖകൾ ശരിയായി പരിഗണിക്കാതെയാണ് നരഹത്യ, തെളിവു നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ഒഴിവാക്കി തിരുവനന്തപുരം അഡീഷണല്‍ സെഷൻസ് കോടതി ഉത്തരവിട്ടതെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. ഐപിസി 304 പ്രകാരമുള്ള നരഹത്യാക്കുറ്റം നിലനിൽക്കുമോയെന്നത് പരിശോധിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി.

2019 ഓഗസ്റ്റ് മൂന്നിന് പുലർച്ചെ ഒരു മണിയോടെ തിരുവനന്തപുരം മ്യൂസിയം -വെള്ളയമ്പലം റോഡിലുണ്ടായ അപകടത്തിലാണ് കെ.എം ബഷീർ കൊല്ലപ്പെട്ടത്. ശ്രീറാം വെങ്കിട്ടരാമൻ മദ്യലഹരിയിൽ അമിത വേഗത്തിൽ കാറോടിച്ചതാണ് അപകടത്തിന് ഇടയാക്കിയതെന്നായിരുന്നു പ്രോസിക്യൂഷൻ്റെ വാദം. മ്യൂസിയം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ നരഹത്യ, തെളിവു നശിപ്പിക്കൽ, മദ്യപിച്ച് വാഹനം ഓടിക്കൽ, അമിത വേഗതയിലുള്ള ഡ്രൈവിങ് തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് അന്തിമ റിപ്പോർട്ട് നൽകിയത്.

ഇതു സംബന്ധിച്ച കേസിൽ പ്രതികളായ ശ്രീറാം വെങ്കിട്ടരാമൻ, വഫ എന്നിവർക്കെതിരെ കോടതി കുറ്റം ചുമത്താനുള്ള നടപടികൾ സ്വീകരിക്കുന്നതിന് മുമ്പ് കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് ശ്രീറാം വെങ്കിട്ടരാമൻ അഡിഷണല്‍ സെഷൻസ് കോടതിയെ സമീപിക്കുകയായിരുന്നു. രക്തപരിശോധനയിൽ മദ്യത്തിന്റെ സാന്നിധ്യമുണ്ടെന്ന് പറഞ്ഞിട്ടില്ലെന്നും, മദ്യപിച്ചു വാഹനമോടിക്കൽ, നരഹത്യ കുറ്റങ്ങൾ നിലനിൽക്കില്ലെന്നുമായിരുന്നു അന്ന് ശ്രീറാമിന്റെ വാദം.

തെളിവു നശിപ്പിക്കാനായി ശ്രീറാം രക്ത പരിശോധനയ്ക്ക് തയാറായില്ലെന്ന് തെളിവുകളും സാക്ഷിമൊഴികളും ഹാജരാക്കി പ്രോസിക്യൂഷൻ വാദിച്ചതായും സർക്കാരിന്റെ ഹര്‍ജിയിൽ പറയുന്നു.

logo
The Fourth
www.thefourthnews.in