നിയമസഹായം തേടിയെത്തിയ യുവതിയെ പീഡനത്തിനിരയാക്കിയ കേസ്: മുന്‍ ഗവണ്‍മെന്റ് പ്ലീഡര്‍ പദവി ദുരുപയോഗം ചെയ്‌തെന്ന് ഹൈക്കോടതി

നിയമസഹായം തേടിയെത്തിയ യുവതിയെ പീഡനത്തിനിരയാക്കിയ കേസ്: മുന്‍ ഗവണ്‍മെന്റ് പ്ലീഡര്‍ പദവി ദുരുപയോഗം ചെയ്‌തെന്ന് ഹൈക്കോടതി

മനുവിനെതിരായ തെളിവുകള്‍ക്ക് നേരെ കണ്ണടയ്ക്കാനാകില്ലെന്നും യുവതിയെ ഭീഷണിപ്പെടുത്തിയാണ് ലൈംഗികമായി അതിക്രമം നടത്തിയതെന്നും ഹൈക്കോടതി വ്യക്തമാക്കി
Updated on
1 min read

നിയമസഹായം തേടിയെത്തിയ യുവതിയെ പീഡനത്തിനിരയാക്കിയ കേസില്‍ പ്രതിയായ മുന്‍ ഗവ. പ്ലീഡര്‍ പിജി മനു തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതായി ഹൈക്കോടതി. മനുവിനെതിരായ തെളിവുകള്‍ക്ക് നേരെ കണ്ണടയ്ക്കാനാകില്ലെന്നും യുവതിയെ നിയമത്തിന്റെ പേരില്‍ ഭീഷണിപ്പെടുത്തിയാണ് ലൈംഗികമായി അതിക്രമം നടത്തിയതെന്നും ഹൈക്കോടതി വ്യക്തമാക്കി. മനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ ഉത്തരവിലാണ് ഹൈക്കോടതി പരാമര്‍ശങ്ങള്‍.

ചോറ്റാനിക്കര പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയായ മനു നേരത്തെയും മുന്‍കൂര്‍ ജാമ്യംതേടി ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും നല്‍കിയില്ല. പത്ത് ദിവസത്തിനകം കീഴടങ്ങണം എന്നായിരുന്നു ഹൈക്കോടതി നിര്‍ദ്ദേശം. പീഡനത്തിനിരയായ യുവതി കേസ് ഒത്തുതീര്‍പ്പാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കാണ് നിയമ സഹായം തേടി തന്നെ സമീപിച്ചതെന്നും പരാതിക്കാരി ആരോപിക്കുന്ന വിധത്തിലുള്ള കുറ്റകൃത്യം തന്നില്‍ നിന്നുണ്ടായിട്ടില്ലെന്നുമായിരുന്നു മനുവിന്റെ വാദം.

ജോലി സംബന്ധമായ ശത്രുതയെ തുടര്‍ന്ന് തന്റെ അന്തസും സത്‌പേരും തകര്‍ക്കാനുള്ള ചിലരുടെ ആസൂത്രിതമായ ശ്രമത്തിന്റെ ഭാഗമായി യുവതി വ്യാജ പരാതി നല്‍കുകയായിരുന്നെന്നും അദ്ദേഹം ആരോപിച്ചു. ജാമ്യഹര്‍ജിയെ എതിര്‍ത്ത് ഇരയും കേസില്‍ കക്ഷി ചേര്‍ന്നിരുന്നു.

സഹായം തേടി ചെന്ന തന്നെ അഭിഭാഷകന്‍ പല തവണ ലൈംഗികമായി ചൂഷണം ചെയ്യുകയും രണ്ട് തവണ ബലാത്സംഗം ചെയ്യുകയും ചെയ്തതെന്നാണ് യുവതിയുടെ ഹര്‍ജി. കേസില്‍ ഇരയുടെ ശാരീരികവും മാനസികവുമായ സ്ഥിതി വ്യക്തമാക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ടും കേസ് ഡയറിയും കോടതി പരിശോധിച്ചിരുന്നു.

logo
The Fourth
www.thefourthnews.in