മിശ്രവിവാഹിതരുടെ മക്കൾക്ക് മാതാവിന്റെ ജാതിയുടെ ആനുകൂല്യങ്ങൾക്ക് അർഹതയുണ്ട്: ഹൈക്കോടതി
മിശ്രവിവാഹിതരുടെ മക്കൾക്ക് മാതാവിന്റെ ജാതിയിലെ ആനുകൂല്യങ്ങൾക്ക് അർഹതയുണ്ടെന്ന് കേരള ഹൈക്കോടതി. മാതാപിതാക്കളിൽ ഒരാൾ പിന്നാക്ക ജാതിയിൽ പെട്ടയാളാൽ മക്കൾക്കും പിന്നാക്ക ജാതി സർട്ടിഫിക്കറ്റിന് അർഹതയുണ്ടെന്ന് ജസ്റ്റിസ് വിജു എബ്രഹാം വ്യക്തമാക്കി. മാതാവിന്റെ ജാതിയുടെ അടിസ്ഥാനത്തിൽ ജാതി സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട ബികോം വിദ്യാർഥിനിയുടെ ആവശ്യം പരിഗണിക്കൻ കിർത്താഡ്സിന് (കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ട്രെയിനിങ് ആൻഡ് ഡെവലപ്‌മെന്റ്) കോടതി നിർദ്ദേശം നൽകി. കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് നൽകുന്നതിനായി ശുപാർശ ചെയ്ത് തയ്യാറാക്കിയ റിപ്പോർട്ടുകൾ കോടതി റദ്ദാക്കി.
ഹർജിക്കാരിയുടെ മാതാവ് പട്ടികവർഗ സമുദായമായ 'പണിയ' സമുദായത്തിൽപ്പെട്ടവരും പിതാവ് ഓർത്തഡോക്സ് സിറിയൻ ക്രിസ്ത്യാനിയുമാണ്. താൻ ജീവിച്ചത് പണിയ സമുദായത്തിൻ്റെ സംസ്കാരത്തിലാണ്. ജാതി സർട്ടിഫിക്കറ്റിന് അപേക്ഷിച്ചിട്ടും തൃശൂർ തഹസിൽദാർ നിരസിച്ചെന്നുമായിരുന്നു ഹർജിക്കാരിയുടെ വാദം.
ജനിച്ചത് മുതൽ പണിയ കോളനിയിലാണ് താമസിക്കുന്നതെന്നും സർക്കരിൽ നിന്ന് പട്ടികവർഗക്കാർക്ക് ധനസഹായം ലഭിച്ചതിന് ശേഷമാണ് അമ്മ വീട് നിർമിച്ചതെന്നും പട്ടികവർഗക്കാർക്കുള്ള അരി വിതരണ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ഹർജിക്കാരി വാദിച്ചു. ഹർജിക്കാരി പണിയ സമുദായത്തിൽപ്പെട്ടയാളാണെന്നും ആ സമുദായത്തിൽ വളർന്നയാളാണെന്നും സാക്ഷ്യപ്പെടുത്തുന്ന സർട്ടിഫിക്കറ്റ് മൂപ്പൻ നൽകിയിട്ടുണ്ടെന്ന് അറിയിച്ചെങ്കിലും കിർത്താഡ്‌സ് അനുകൂല നിലപാട് സ്വീകരിച്ചില്ലന്നാണ് പരാതി. തുടർന്നാണ് അപേക്ഷ പരിഗണിക്കാൻ കോടതി നിർദ്ദേശിച്ചത്.
മിശ്രവിവാഹിതരുടെ മക്കൾക്ക് മാതാപിതാക്കളിൽ സാമൂഹികമായി പിന്നാക്കം നിൽക്കുന്നയാളുടെ ജാതി സ്വീകരിക്കാമെന്ന് ഹൈക്കോടതിയുടെ മുൻ ഉത്തരവുകളുണ്ടന്നും കോടതി വ്യക്തമാക്കി.