അതിഥി തൊഴിലാളികളുടെ രജിസ്‌ട്രേഷന്‍: സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി
അതിഥി തൊഴിലാളികളുടെ രജിസ്‌ട്രേഷന്‍ നടപ്പാക്കുന്നത് സംബന്ധിച്ച് ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. രജിസ്‌ട്രേഷന്‍ നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജിയിലാണ് സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതി നോട്ടീസയച്ചത്.
ആലുവയില്‍ അഞ്ച് വയസ്സുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് പൊതുതാത്പര്യ ഹര്‍ജിയുമായി അഭിഭാഷകനായ വി ടി സതീഷ് ഹൈക്കോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് എ ജെ ദേശായി, ജസ്റ്റിസ് വി ജി അരുണ്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നും കുടുംബത്തിന്റെ പുനരധിവാസം ഉറപ്പാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. നിയമ സംവിധാനങ്ങളെക്കുറിച്ച് കുടിയേറ്റ തൊഴിലാളികള്‍ക്കിടയില്‍ ബോധവത്കരണം അടക്കമുള്ളവ വേണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.
അതിഥി തൊഴിലാളികളുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ വേഗത്തിലാക്കുമെന്ന് കൊല്ലപ്പെട്ട അഞ്ചു വയസ്സുകാരിയുടെ വീട് സന്ദര്‍ശിച്ച ശേഷം മന്ത്രി പി രാജീവ് പ്രതികരിച്ചിരുന്നു. ഇവര്‍ക്കിടയിലെ ലഹരിയുടെ ഉപയോഗം തടയുന്നതിന് എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധനകള്‍ വ്യാപകമാക്കുമെന്നും അതിഥി തൊഴിലാളികളുടെ ക്യാംപുകളിലും പരിശോധന നടത്താന്‍ തീരുമാനമുണ്ടെന്നും മന്ത്രി പ്രതികരിച്ചിരുന്നു. സര്‍ക്കാര്‍ പ്രതിനിധികള്‍ ആരും കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിച്ചില്ലെന്ന വ്യാപക വിമര്‍ശനത്തിന് പിന്നാലെയായിരുന്നു മന്ത്രിയുടെ സന്ദര്‍ശനം.