ഹൈക്കോടതി ചരിത്രത്തിലാദ്യമായി 'വിർച്വല്‍ സ്ഥല പരിശോധന'
പാലക്കാട് അഗളി വില്ലേജിലെ വനഭൂമിയുമായി ബന്ധപ്പെട്ട് നിലവിലെ സ്ഥിതിയറിയാൻ ഹൈക്കോടതി 'വിർച്വല്‍ സ്ഥല പരിശോധന' നടത്തി. സ്വകാര്യ വനഭൂമിയുമായി ബന്ധപ്പെട്ട് തൃശൂരിലെ വൺ എർത്ത് വൺ ലൈഫ് എന്ന സംഘടന നൽകിയ ഹർജിയിൽ ചീഫ് ജസ്റ്റിസ് എസ് വി എൻ ഭട്ടി, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഭൂമിയുടെ നിലവിലെ സ്ഥിതി അറിയാൻ ഓൺലൈനിൽ പരിശോധന നടത്തിയത്.
സർക്കാർ വനഭൂമിയാണോ സ്വകാര്യ വനഭൂമിയാണോ എന്നത് സംബന്ധിച്ച തർക്കത്തിൽ ഹർജിയിലെ എതിർ കക്ഷികളോട് തർക്കഭൂമിയിലെത്തി അവിടെ നിന്ന് ഓൺലൈനിൽ ഹാജരാകാൻ ഹൈക്കോടതി കഴിഞ്ഞ ദിവസം നിർദ്ദേശിച്ചിരുന്നു. തുടർന്ന് അഗളിയിലെ തർക്ക ഭൂമിയുടെ ദൃശ്യങ്ങൾ ഓൺലൈനിലൂടെ ഹൈക്കോടതി പരിശോധിച്ചു. അഗളി വില്ലേജിൽ ഉൾപ്പെട്ട 56.77 ഹെക്ടർ വനഭൂമിയുടെ കാര്യത്തിലാണ് തർക്കം. സ്വകാര്യവ്യക്തികൾ ഭൂമി പാട്ടത്തിനെടുത്തശേഷം അക്കാര്യം മറച്ചുവച്ച് വനഭൂമിയിൽ അവകാശവാദം ഉന്നയിക്കുകയാണെന്നാണ് പരാതി.