കെ എം ഷാജിക്ക് ആശ്വാസം; പ്ലസ്ടു കോഴക്കേസിലെ വിജിലൻസ് എഫ്ഐആര്‍ ഹൈക്കോടതി റദ്ദാക്കി
മുസ്ലീം ലീഗ് നേതാവ് കെ എം ഷാജിക്കെതിരെയുള്ള പ്ലസ് ടു കോഴ കേസിലെ വിജിലൻസിന്റെ എഫ് ഐ ആർ ഹൈക്കോടതി റദ്ദാക്കി. അഴീക്കോട് ഹൈസ്കൂളിന് പ്ലസ് ടു അനുവദിക്കാൻ മാനേജ്മെന്റിൽ നിന്നും കോഴ വാങ്ങി എന്നായിരുന്നു പരാതി. സിപിഎം പ്രാദേശിക നേതാവാണ് 2017ൽ മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. നിജസ്ഥിതി അന്വേഷിക്കാൻ വിജിലൻസ് എസ് പിക്ക് പരാതി കൈമാറിയെങ്കിലും വസ്തുതകളില്ലാത്തതാണെന്ന് കണ്ട് തള്ളുകയായിരുന്നു. എന്നാൽ പ്രോസിക്യൂഷൻ നിയമോപദേശത്തിൽ വിജിലൻസ് വീണ്ടും അന്വേഷണം തുടങ്ങുകയായിരുന്നു. ഇക്കാര്യം ചൂണ്ടികാട്ടിയാണ് കെ എം ഷാജി ഹൈക്കോടതിയെ സമീപിച്ചത്.
2013ൽ അഴീക്കോട് ഹയർ സെക്കൻഡറി സ്‌കൂളിന് പ്ലസ് ടു അനുവദിക്കാമെന്ന് പറഞ്ഞ് 25 ലക്ഷം രൂപ കോഴ വാങ്ങിയെന്നായിരുന്നു കെ എം ഷാജിക്കെതിരെയുള്ള പരാതി. കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന സിപിഎം നേതാവ് കുടുവൻ പദ്‌മനാഭൻ ആണ് പരാതി നൽകിയത്. 2020 ജനുവരിയിലാണ് ഷാജിയെ പ്രതി ചേർത്ത് വിജിലൻസ് കോഴക്കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് വരവില്‍ കവിഞ്ഞ സ്വത്ത് ഉള്ളതായി കണ്ടെത്തിയെന്ന് വ്യക്തമാക്കിയ വിജിലന്‍സ്, ഷാജിയുടെ അഴീക്കോട്ടെ വീട്ടിൽ നടത്തിയ റെയ്ഡില്‍ 47,35ലക്ഷം രൂപ പിടിച്ചെടുത്തിരുന്നു.
എന്നാൽ ഇത് തിരഞ്ഞെടുപ്പ് ഫണ്ടിന് വേണ്ടി ബൂത്ത് കമ്മിറ്റികളിൽ നിന്ന് പിരിച്ചെടുത്ത തുകയാണെന്നായിരുന്നു ഷാജിയുടെ വാദം. പിടിച്ചെടുത്ത തുക തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് ഷാജി വിജിലൻസ് കോടതിയെ സമീപിച്ചെങ്കിലും പരാജയപ്പെട്ടു. ഇ ഡിയും ഷാജിക്കെതിരെ കേസെടുത്തിരുന്നു.