മസ്തിഷ്‌ക മരണത്തിന് വിട്ടുകൊടുത്ത് അവയവദാനമെന്ന പരാതി: ലേക്‌ഷോര്‍ ആശുപത്രിക്കും ഡോക്ടര്‍മാര്‍ക്കുമെതിരായ കേസിന് സ്റ്റേ
വാഹനാപകടത്തില്‍പ്പെട്ട പതിനെട്ടുകാരന് മസ്തിഷ്‌കമരണം സംഭവിച്ചെന്ന റിപ്പോര്‍ട്ട് നല്‍കി അവയവങ്ങള്‍ ദാനംചെയ്തെന്ന പരാതിയില്‍ ലേക്‌ഷോര്‍ ആശുപത്രിക്കും എട്ട് ഡോക്ടര്‍മാര്‍ക്കുമെതിരെ കേസ് എടുത്ത മജിസ്ട്രേറ്റ് കോടതി നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. ലേക്‌ഷോര്‍ ആശുപത്രിക്കും എട്ട് ഡോക്ടര്‍മാര്‍ക്കുമെതിരെ സമന്‍സ് അയക്കാനുള്ള ഉത്തരവാണ് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്‍ സ്റ്റേ ചെയ്തത്.
സംഭവത്തില്‍ പോലീസ് തുടര്‍ അന്വേഷണം നടത്തുന്നതിനിടെയാണ് മജിസ്ട്രേറ്റ് കോടതി ഇടപെടല്‍ എന്നു ചൂണ്ടിക്കാട്ടി ആശുപത്രിയും ഡോക്ടര്‍മാരും മുതിര്‍ന്ന അഭിഭാഷകന്‍ പി വിജയഭാനു മുഖേന സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ സ്‌റ്റേ. കേസിന് ആസ്പദമായ സംഭവം നടന്നു പന്ത്രണ്ട് വര്‍ഷത്തിന് ശേഷം പരാതിയില്‍ നടപടിയെടുത്തത് ക്രിമിനല്‍ നടപടി ക്രമത്തി ന് വിരുദ്ധമാണെന്നും ഹര്‍ജിയില്‍പറയുന്നൂ.
2009 നവംബര്‍ 29ന് ബൈക്കപകടത്തില്‍പ്പെട്ട പതിനെട്ടുകാരനായ അബിന്‍ വി ജെയുടെ അവയവങ്ങള്‍ മലേഷ്യന്‍ പൗരന് ദാനം ചെയ്തിരുന്നു. കോതമംഗലം മാര്‍ ബസേലിയസ് ആശുപത്രിയിലെത്തിച്ച യുവാവിനെ പിറ്റേദിവസം ലേക്ഷോറിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി മാറ്റി. തൊട്ടടുത്ത ദിവസം മസ്തിഷ്‌കമരണം സംഭവിച്ചതായി അറിയിക്കുകയും കരളും വൃക്കകളും മാറ്റിവയ്ക്കുകയായിരുന്നു.
എന്നാല്‍ വാഹനാപകടത്തില്‍പ്പെട്ട പതിനെട്ടുകാരന് മസ്തിഷ്‌കമരണം സംഭവിച്ചെന്ന റിപ്പോര്‍ട്ട് നല്‍കി അവയവങ്ങള്‍ ദാനംചെയ്‌തെന്നും പറഞ്ഞ് ഡോ ഗണപതിയായിരുന്നു കോടതിയെ സമീപിച്ചത്. തലയില്‍ രക്തം കട്ടപിടിച്ചത് നീക്കംചെയ്യാതെ അബിനെ മസ്തിഷ്‌കമരണത്തിന് വിട്ടുകൊടുത്തുവെന്നും തലയില്‍ രക്തം കട്ടപിടിച്ചാല്‍ തലയോട്ടിയില്‍ സുഷിരമുണ്ടാക്കി അത് മാറ്റാനുള്ള പ്രാഥമിക ചികിത്സ ഇരു ആശുപത്രികളും നിഷേധിച്ചെന്നും കൊല്ലം സ്വദേശിയായ ഡോ ഗണപതി പരാതിയില്‍ പറയുന്നു. അവയവദാനത്തിന്റെ നടപടി ക്രമങ്ങള്‍ ഒന്നും പാലിച്ചില്ലെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
തുടര്‍ന്ന് കൊച്ചി ലേക്ഷോര്‍ ആശുപത്രിക്കും എട്ട് ഡോക്ടര്‍മാര്‍ക്കുമെതിരെ അന്വേഷണത്തിന് എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് എല്‍ദോസ് മാത്യു അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. പരാതിയില്‍ കോടതി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ന്യൂറോളജി വകുപ്പിലെ ഡോക്ടര്‍ തോമസ് ഐപ്പിന്റെ സഹായം തേടിയിരുന്നു.
മാനദണ്ഡങ്ങള്‍ പാലിച്ചല്ല, അവയവദാന ശസ്ത്രക്രിയ നടത്തിയതെന്ന് ഡോ തോമസ് ഐപ്പും കോടതിയെ അറിയിച്ചു. ഈ മൊഴികളുടെയും മറ്റു രേഖകളുടെയും അടിസ്ഥാനത്തില്‍ അവയവദാന വകുപ്പിലെ വിവിധ വ്യവസ്ഥകള്‍ അനുസരിച്ചുള്ള തുടര്‍നടപടിക്കാണ് കോടതി ഉത്തരിവിട്ടിരുന്നത്. എന്നാല്‍ ആദ്യം മുതലേ ആരോപണങ്ങള്‍ ലേക്‌ഷോര്‍ ആശുപത്രി അധികൃതര്‍ നിഷേധിച്ചിരുന്നു.