ലുലുമാൾ ബേസ്മെന്റ് പാർക്കിങ് ഫീസ് നിയമാനുസൃതം: ഹൈക്കോടതി

ലുലുമാൾ ബേസ്മെന്റ് പാർക്കിങ് ഫീസ് നിയമാനുസൃതം: ഹൈക്കോടതി

പാർക്കിങ് സൗകര്യം നൽകേണ്ടത് ലുലുവിന്റെ നിയമപരമായ ബാധ്യതയാണെന്നും ഫീസ് പിരിക്കാനാകില്ലെന്നുമായിരുന്നു ഹർജിക്കാരുടെ വാദം
Updated on
1 min read

ലുലു മാളിൽ എത്തുന്ന ഉപഭോക്താക്കളിൽ നിന്ന് പാർക്കിങ് ഫീസ് ഈടാക്കുന്നതിന് നിയമതടസമില്ലെന്ന് ഹൈക്കോടതി. ബിൽഡിങ് റൂൾ പ്രകാരമുള്ള വിപുലമായ പാർക്കിങ് സ്ഥലമാണ് ലുലു മാളിലുള്ളത്. ഇതേ ബിൽഡിങ്ങിലെത്തുന്നവരുടെ വാഹന പാർക്കിങ്ങിനായി ഫീസ് ഈടാക്കുന്നത് നിയമപരമാണെന്ന് ജസ്റ്റിസ് വി ജി അരുൺ വ്യക്തമാക്കി.

ഇടപ്പള്ളി ലുലു മാളിൽ പാർക്കിങ് ഫീസ് ഏർപ്പെടുത്തിയതിനെതിരെ കളമശേരി സ്വദേശി ബോസ്കോ ലൂയിസ്, തൃശൂർ സ്വദേശി പോളി വടക്കൻ എന്നിവർ നൽകിയ ഹർജി തള്ളികൊണ്ടാണ് ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ വിധി. മാളിൽ പാർക്കിങ് സൗകര്യം നൽകേണ്ടത് ലുലുവിന്റെ നിയമപരമായ ബാധ്യതയാണെന്നും ഫീസ് പിരിക്കാനാകില്ലെന്നുമായിരുന്നു ഹർജിക്കാരുടെ വാദം.

വാണിജ്യ സ്ഥാപനങ്ങളിലും ഷോപ്പിങ് മാളുകളിലും പാർക്കിങ് ഫീസ് ഈടാക്കുന്ന കാര്യത്തിൽ തീരുമാനം സ്ഥാപന ഉടമയുടേതാണെന്നും ഉപഭോക്താക്കളിൽ നിന്ന് പാർക്കിങ് ഫീസ് പിരിക്കണോയെന്ന് കെട്ടിട ഉടമയ്ക്ക് തീരുമാനിക്കാമെന്നും കോടതി വ്യക്തമാക്കി. കേരള മുൻസിപ്പാലിറ്റി ബിൽഡിങ് ചട്ടത്തിൽ നിശ്ചിതയളവിൽ പാർക്കിങ് ഏരിയ വേണമെന്ന് നിഷ്കർഷിക്കുന്നുണ്ടെങ്കിലും ഇവിടെ ഫീസ് പിരിക്കുന്നതിന് വിലക്കില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

മുനിസിപ്പാലിറ്റി ആക്ടിലെ 447-ാം ചട്ടം അനുസരിച്ച് അനുവദിച്ച പ്രവർത്തന ലൈസൻസിൽ പേ ആൻഡ് പാർക്കിങും ഉൾപ്പെട്ടിട്ടുണ്ട്. ലുലുമാളിന്റെ ബേസ്മെന്റ് പാർക്കിങ് ഏരിയയിൽ ചട്ടപ്രകാരം 1,083 വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യമാണ് വേണ്ടത്. ഈ ഏരിയയിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് ഫീസ് പിരിക്കാൻ നിയമതടസമില്ലെന്ന് കോടതി ചൂണ്ടികാട്ടി. എന്നാൽ മൾട്ടി ലെവൽ പാർക്കിങ് സൗകര്യത്തിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങളിൽ നിന്നുള്ള ഫീസ്, കേരളത്തിലെ സെക്ഷൻ 475 പ്രകാരം ലൈസൻസ് നേടാതെ ഈടാക്കാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in