വെളളാപ്പളളി നടേശൻ
വെളളാപ്പളളി നടേശൻ

കേരളത്തിൽ ലവ് ജിഹാദ് കൂടുതല്‍; 2026ലും എൽഡിഎഫ് തന്നെ അധികാരത്തിലെത്തും: വെള്ളാപ്പള്ളി

കോൺഗ്രസ് പാർട്ടി തകർന്നതിന്റെ ഉത്തരവാദിത്വം കെസി വേണുഗോപാലിന്
Updated on
2 min read

കേരളത്തിൽ ലവ് ജിഹാദ് കൂടുതലെന്ന വിവാദ പരാമർശവുമായി എസ്എൻഡിപി ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശൻ. പ്രൊഫഷണൽ കോഴ്‌സുകളില്‍ പഠിക്കുന്ന സമ്പന്ന കുടുംബങ്ങളിലെ പെൺകുട്ടികളാണ് ഇസ്‌ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെടുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു. 2026ൽ എൽഡിഎഫ് സർക്കാർ തന്നെ അധികാരത്തിൽ എത്തുമെന്നും ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

വിഭാഗീയത കോൺഗ്രസിന്റെ വോട്ട് അടിത്തറ തകർത്തു; ക്രിസ്ത്യൻ, മുസ്ലീം വോട്ടർമാർ സിപിഎമ്മിലേക്ക് ആകർഷിക്കപ്പെടുന്നു

കേരളത്തിൽ നടക്കുന്ന മിക്ക മതപരിവർത്തനങ്ങൾക്കും പിന്നിൽ ക്രിസ്ത്യൻ സമുദായത്തിലെ ഒരു വിഭാഗമാണ്. മതപരിവർത്തനത്തിനായി കോടികളാണ് അവർ ചെലവഴിക്കുന്നതെന്നും വെളളാപ്പളളി നടേശൻ പറഞ്ഞു. അതേ സമയം വിഭാഗീയത കോൺഗ്രസിന്റെ വോട്ട് അടിത്തറ തകർത്തുവെന്നും ക്രിസ്ത്യൻ, മുസ്ലീം വോട്ടർമാർ സിപിഎമ്മിലേക്ക് ആകർഷിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ കോൺഗ്രസ് പൂർണമായും മുസ്ലീം ലീഗിനെയാണ് ആശ്രയിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാജ്യത്ത് കോൺഗ്രസ് തകർന്നതിന്റെ ഉത്തരവാദിത്വം കെസി വേണുഗോപാലിനാണെന്നും അ​ദ്ദേഹം കാരണമാണ് എല്ലാവരും ആ പാർട്ടി വിട്ടുപോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഞാൻ മനഃപൂർവം വിവാദങ്ങളൊന്നും ഉണ്ടാക്കുന്നില്ല. പലരും സത്യം പറയാൻ മടിക്കുമ്പോൾ, ഞാൻ കയ്പേറിയ സത്യങ്ങൾ തുറന്നു പറയുകയാണ്.
വെളളാപ്പളളി നടേശൻ

രാജ്യത്ത് മതേതരത്വമുണ്ടെന്നാണ് എല്ലാവരും അവകാശപ്പെടുന്നത്. എന്നാൽ അങ്ങനെയൊന്ന് രാജ്യത്ത് ഇല്ല.തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ അവരുടെ മതത്തിന്റെയും സമുദായത്തിന്റെയും അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കുമ്പോൾ രാജ്യത്ത് മതേതരത്വമുണ്ടെന്ന് പറയാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. മതേതരത്വം ഉണ്ടെ‌ന്ന് പറയുന്നത് നുണയാണെന്നും എന്നാൽ താൻ അത് തുറന്നു പറഞ്ഞാൽ വിവാദമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിൽ ബിജെപിയ്ക്ക് രാഷ്ട്രീയ ഭാവിയില്ല

എസ്എൻഡിപി യോഗത്തിലെ എല്ലാ അംഗങ്ങൾക്കും വോട്ടവകാശം നൽകണമെന്ന ഹൈക്കോടതി ഉത്തരവിനെ ബഹുമാനിക്കുന്നുവെന്നും അത് മറ്റ് സമുദായിക സംഘടനകൾക്ക് ബാധകമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, കേരളത്തിൽ ഹിന്ദു ഐക്യത്തിന് ഒരു സാധ്യതയും ഇല്ലെന്നും ബിജെപി തങ്ങൾക്ക് അർഹമായ പരി​ഗണന നൽകിയില്ലെന്നും അ​ദ്ദേഹം പറഞ്ഞു. കേരളത്തിൽ ബിജെപിയ്ക്ക് രാഷ്ട്രീയ ഭാവിയില്ലെന്നും ദേവസ്വം ബോർഡിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളും, ഉപദേശക സമിതികൾ പോലും നിയന്ത്രിക്കുന്നത് ഇന്നും മുന്നാക്ക സമുദായങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

മുന്നാക്ക സമുദായത്തിൽപ്പെട്ടവർ ഇപ്പോഴും തൊട്ടുകൂടായ്മയുടെ കാലത്താണ് ജീവിക്കുന്നത്. ഈഴവരെ അംഗീകരിക്കാൻ അവർ തയ്യാറാകുന്നില്ല. സ്വാതന്ത്ര്യം ലഭിച്ച് 75 വർഷം പിന്നിട്ടിട്ടും ഈഴവ സമുദായത്തിൽപ്പെട്ട ആർക്കും ശബരിമലയിൽ പൂജ നടത്താൻ പോലും കഴിഞ്ഞിട്ടില്ല.
വെളളാപ്പളളി നടേശൻ

കമ്മ്യൂണിസ്റ്റ് പാർട്ടിയും കോൺഗ്രസും രാജ്യത്തെ ന്യൂനപക്ഷങ്ങളെയും മുന്നാക്ക സമുദായക്കാരെയും തൃപ്തിപ്പെടുത്തുന്ന തിരക്കിലാണ്

കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏറെ മാറിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിയും കോൺഗ്രസും രാജ്യത്തെ ന്യൂനപക്ഷങ്ങളെയും മുന്നാക്ക സമുദായക്കാരെയും തൃപ്തിപ്പെടുത്തുന്ന തിരക്കിലാണ്. അടുത്തിടെ ആലപ്പുഴ ജില്ലാ കളക്ടർ ശ്രീറാം വെങ്കിട്ടരാമന്റെ കാര്യത്തിൽ സർക്കാർ എടുത്ത നിലപാട് ചൂണ്ടിക്കാട്ടിയാണ് വെളളാപ്പള്ളിയുടെ പ്രതികരണം. കൂടാതെ, സംസ്ഥാന സർക്കാർ മതസംഘടനകളുടെ സമ്മർദത്തിന് മുന്നിൽ തലകുനിച്ചുവെന്നും ജനാധിപത്യത്തിൽ നിന്ന് ഏറെ പുറകിലോട്ട് പോയെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം വിഴിഞ്ഞം സമരം രാജ്യ താത്പര്യത്തിന് എതിരാണെന്നും വെളളാപ്പളളി പറഞ്ഞു. വിപുലമായ പഠനങ്ങൾക്കും പുനരന്വേഷണത്തിനും ശേഷമാണ് പദ്ധതി നടപ്പിലാക്കിയതെന്നും പദ്ധതി നിർത്തിയാൽ കേരള സർക്കാർ അദാനിക്ക് കനത്ത നഷ്ടപരിഹാരം നൽകേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. ലത്തീൻ സഭ രണ്ടാം വിമോചന സമരത്തിനാണ് ശ്രമിക്കുന്നതെന്നും വെള്ളാപ്പള്ളി ആരോപിച്ചു.

logo
The Fourth
www.thefourthnews.in