അഴിമതിയില്‍ ഒന്നാമത് തദ്ദേശവകുപ്പ്; രജിസ്റ്റര്‍ ചെയ്തത് 85 കേസുകള്‍, റവന്യൂവകുപ്പില്‍ 76
രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം സര്‍ക്കാര്‍ സ്ഥാപാനങ്ങളില്‍ നടക്കുന്ന അഴിമതികള്‍ക്ക് എതിരെ രജിസ്റ്റര്‍ ചെയ്തത് 427 കേസുകള്‍. സര്‍ക്കാന്‍ സ്ഥാപനങ്ങളിലെ അഴിമതി ഇല്ലാതാക്കുന്നതിനായി സ്വീകരിച്ച നടപടികളെ കുറിച്ച് നെന്മാറ എംഎല്‍എ കെ ബാബുവിന്റെ ചോദ്യത്തിന് നിയമസഭയില്‍ നല്‍കിയ മറുപടിയിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
തദ്ദേശ സ്വയംഭരണ വകുപ്പിലാണ് ഏറ്റവും കൂടുതല്‍ അഴിമതി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 95 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. റവന്യൂ വകുപ്പാണ് അഴിമതി കേസുകളില്‍ രണ്ടാം സ്ഥാനത്ത്. 76 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സഹകരണ വകുപ്പില്‍ 37 കേസുകളും ആഭ്യന്തരവകുപ്പില്‍ 22 കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പൊതുമരാമത്ത്, ആരോഗ്യ വകുപ്പുകളില്‍ 19 അഴിമതി കേസുകള്‍ വീതം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മോട്ടോര്‍ വെഹിക്കിള്‍ വകുപ്പില്‍ 16 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രജിസ്‌ട്രേഷന്‍ വകുപ്പ്, പട്ടികജാതി വികസന വകുപ്പ് എന്നിവയില്‍ 11 വീതം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൃഷിവകുപ്പില്‍ 9 കേസുകളുണ്ട്. വനംവകുപ്പിലെ കേസുകളുടെ എണ്ണം എട്ടാണ്.
സപ്ലൈകോയില്‍ ഏഴ് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ദേവസ്വം ബോര്‍ഡിലും ഏഴ് കേസുളുണ്ട്. ടൂറിസം വകുപ്പില്‍ മൂന്നു കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അഴിമതി നിരോധന നിയമം 1988 അനുസരിച്ചുള്ള നടപടികളാണ് വിജിലന്‍സ് സ്വീകരിച്ചുവരുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പരാതിയുടെ സ്വാഭാവം അനുസരിച്ച് രഹസ്യാന്വേഷണം അടക്കമുള്ള അന്വേഷണങ്ങള്‍ നടത്തിവരുന്നുണ്ട്. കൈക്കൂലി ആവശ്യപ്പെടുന്ന ഉദ്യോഗസ്ഥര്‍ക്ക് എതിരെ പൊതുജനങ്ങളില്‍നിന്ന് ലഭിക്കുന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ട്രാപ്പ് നടത്തി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് എതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് നടപടിയെടുക്കുന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ക്രമക്കേട് സംബന്ധിച്ച് ലഭിക്കുന്ന വിവരങ്ങളില്‍ നിന്നും സോഴ്‌സ് റിപ്പോര്‍ട്ട് തയാറക്കി ഇത്തരം ഓഫീസുകളില്‍ സംസ്ഥാനവ്യാപകമായി മിന്നല്‍ പരിശോധന നടത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചുവരുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി.
സര്‍ക്കാര്‍ ഫണ്ടുകള്‍ തിരിമറി നടത്തുന്നതുമായി ബന്ധപ്പെട്ട് ആക്ഷേപങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ വകുപ്പിന്റെ ആഭ്യന്തര വിജിലന്‍സ് സംവിധാനം ഉപയോഗിച്ച് പ്രാഥമികാന്വേഷണം നടത്തുകയും ആരോപണം ശരിയാണെന്ന് തെളിയുന്ന അവസരങ്ങളില്‍ വിജിലന്‍സ് അന്വേഷിക്കേണ്ടതുണ്ടെങ്കില്‍ അന്വേഷണം വിജിലന്‍സ് ആന്റ് ആന്റികറപ്ഷന്‍ ബ്യൂറോയ്ക്ക് കൈമാറാന്‍ തുടര്‍നടപടി സ്വീകരിക്കുകയും ചെയ്യുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി.