സ്കൂൾ പാഠ്യപദ്ധതിയിലെ ലിബറൽ സമീപനത്തിനെതിരെ ആസൂത്രിത നീക്കവുമായി മത സംഘടന
ജെൻഡർ ന്യൂട്രൽ, എൽജിബിടിക്യു വിഷയങ്ങളിൽ സർക്കാരിനെതിരെ നിർണായക നീക്കവുമായി കേരള മുസ്ലീം
ജമാഅത്ത് ഫെഡറേഷൻ. പുതിയ പാഠ്യ പദ്ധതിയുടെ കരട് രേഖ പാസാക്കുന്നതിലൂടെ കുട്ടികളിൽ യുക്തിചിന്ത വളർത്തി നിരീശ്വരത്വത്തിലേക്ക് നയിക്കനാണ് സർക്കാരിന്റെ ശ്രമമെന്ന് കെഎംജെഎഫ് പുറത്തിറക്കിയ ലഘുലേഖയിൽ പറയുന്നു. പുതിയ പാഠ്യ പദ്ധതി പരിഷ്കരണത്തിന്റെ കരട് രേഖ സർക്കാർ പ്രസിദ്ധീകരിച്ച് നവംബർ 30 വരെ ചർച്ചയ്ക്ക് വച്ചിരിക്കുന്ന ഘട്ടത്തിലാണ് ജമാഅത്ത് ഫെഡറേഷന്റെ ഭാഗത്തു നിന്നു നിർണായക നീക്കം ഉണ്ടായിരിക്കുന്നത്.
മഹല്ല് പരിധിയിലെ സ്കൂളുകളിലെ പിടിഎ യോഗങ്ങളിൽ രക്ഷിതാക്കൾ പങ്കെടുക്കുകയും സംസ്ഥാന സർക്കാർ മുന്നോട്ട് വെച്ചിരിക്കുന്ന കരട് രേഖയിൽ വിയോജിപ്പ് അറിയിക്കുകയും വേണമെന്നാണ് സംഘടന ആവശ്യപ്പെടുന്നത്.
നിലവിൽ, സംസ്ഥാന സർക്കാർ പാഠ്യപദ്ധതിയ്ക്കായി ചട്ടക്കൂട് രൂപീകരിക്കുന്നതിന്റെ ഭാഗമായി 26 ഫോക്കസ് മേഖലകളുമായി ബന്ധപ്പെട്ടുള്ള നിലപാട് രേഖകൾ (പൊസിഷൻ പേപ്പറുകൾ) തയാറാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. പൊസിഷൻ പേപ്പറുകൾ തയാറാക്കുന്നതിന് നേതൃത്വം നൽകുന്നതിന് 26 ഫോക്കസ് ഗ്രൂപ്പുകൾ രൂപീകരിച്ച് അവയുടെ പ്രവർത്തനം നടന്നുവരികയാണ്. എന്നാൽ, ഇതിന് മുന്‍പ് വിപുലമായ ജനകീയ ചർച്ചകൾ നടത്തുന്നതിനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ജനകീയ അഭിപ്രായം സ്വരൂപിക്കുന്നതിനായി ഒരു കൈപ്പുസ്‌തകവും തയാറാക്കിയിട്ടുണ്ട്.
കൈപ്പുസ്തകത്തിൽ പരാമർശിച്ചിരിക്കുന്ന ജെൻഡർ ന്യൂട്രാലിറ്റി വിഷയത്തിലാണ് കേരള മുസ്ലീം ജമാഅത്ത് ഫെഡറേഷൻ കടുത്ത എതിർപ്പുമായി മുന്നോട്ട് വന്നിരിക്കുന്നത്. ജെൻഡർ അഥവാ ലിംഗഭേദം സാമൂഹിക നിർമിതിയാണെന്ന കാഴ്ചപ്പാട് തികച്ചും മതവിരുദ്ധമാണെന്നാണ് ലഘുലേഖയിൽ പറയുന്നത്.
അതേസമയം, സംസ്ഥാന സർക്കാർ മുന്നോട്ട് വച്ചിരിക്കുന്ന ജെൻഡർ ന്യൂട്രാലിറ്റിയും യുക്തി ചിന്തയും ഒഴിച്ച് ബാക്കിയെല്ലാം അംഗീകരിക്കുന്നുവെന്നാണ് കേരള മുസ്ലീം ജമാഅത്ത് ഫെഡറേഷന്റെ തിരുവനന്തപുരം ജില്ലയുടെ ജനറൽ സെക്രട്ടറി അഡ്വ. എ എം കെ നൗഫൽ ദ ഫോർത്തിനോട് പറഞ്ഞു. കൂടാതെ, യുക്തി ചിന്ത പോലുളളവ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയാൽ അത് കുട്ടികളെ നിരീശ്വരവാദത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതുമാത്രമല്ല, എൽജിബിടിക്യു വിഷയങ്ങളിലെ നിലപാടുകൾ മുഴുവൻ മതവിശ്വാസികളെയും ബാധിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുതിയ കരട് രേഖയിൽ കുട്ടികളുടെ പഠനത്തിന്റെ സമയക്രമത്തിൽ മാറ്റം കൊണ്ടുവരുന്നതിനോട് സംഘടനയ്ക്ക് യോജിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. മദ്രസാ പഠനത്തെ ബാധിക്കും എന്നതാണ് കാരണമായി ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ഇപ്പോള്‍ തന്നെ സംസ്ഥാനത്തെ പല സ്വകാര്യ സ്കൂളുകളിലും ഇപ്പോൾ രാവിലെ 7 മുതൽ ഉച്ചയ്ക്ക് 2 വരെയായി പഠനം മാറ്റിയിരിക്കുന്നു.
2025-26 അധ്യയന വർഷത്തിലാണ് പുതിയ പാഠപുസ്തകങ്ങൾ നിലവിൽ വരിക. അതേസമയം, നിലവിൽ സംസ്ഥാന സർക്കാർ മുന്നോട്ട് വച്ചിരിക്കുന്നത് സമൂഹ ചർച്ചയ്ക്ക് വേണ്ടിയുളള കാര്യങ്ങളാണെന്നും അതിൽ ഭരണഘടനപരമായ നിലപാടുകൾ അല്ലാതെ മറ്റൊന്നും തങ്ങളിതുവരെ എടുത്തിട്ടില്ലെന്നുമാണ് എസ്ഇആർടിയുടെ ഡയറക്ടർ ഡോ. ജയപ്രകാശ് ആർ കെ ദ ഫോർത്തിനോട് പ്രതികരിച്ചത്. എന്നാൽ ഈ 26 മേഖലകളിൽ മറ്റുളള ആശങ്കൾക്ക് നിലവിൽ പ്രസക്തിയില്ലെന്നും നിലവിൽ എന്തുണ്ടെങ്കിലും ജനങ്ങൾക്ക് അവരുടെ അഭിപ്രായം പറയാനുളള സ്വാതന്ത്ര്യം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
സമൂഹത്തിലെ വിവിധ മേഖലകളിലുളളവർക്ക് ഈ വിഷയത്തിൽ അവരുടേതായ അഭിപ്രായം പറയാനുളള സമയമാണ് ഇപ്പോൾ നൽകിയിരിക്കുന്നത്. കൂടാതെ, വിദ്യാർത്ഥികളുടെയും യുവജന സംഘടനകളുടെയും പ്രാതിനിധ്യം ഉറപ്പാക്കിയുള്ള ചർച്ചകളും സംഘടിപ്പിച്ച് വരികയാണ്. പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായി നവംബർ 17ന് കേരളത്തിലെ എല്ലാ ക്ലാസ്‌മുറികളിലും കുട്ടികളുടെ ചർച്ചകൾ നടത്തുന്നുണ്ട്. ഇത്തരത്തിൽ ജനാധിപത്യപരമായി എല്ലാവരുടെയും അഭിപ്രായത്തെ കണക്കിലെടുത്ത ശേഷമാകും പൊസിഷൻ പേപ്പറുകൾ തയാറാക്കുകയെന്നും അദ്ദേഹം പറഞ്ഞു. അതിനായി, പൊതുജനങ്ങൾക്ക് ഓൺലൈൻ ആയി നിർദേശങ്ങൾ സമർപ്പിക്കുന്നതിനുള്ള ഒരു ടെക് പ്ലാറ്റ്ഫോമും പൊതുവിദ്യാഭ്യാസ വകുപ്പ് ഒരുക്കിയിട്ടുണ്ട്. www.kcf.kite.kerala.gov.in ഇത് വഴി പൊതുജനങ്ങൾക്ക് അവരുടെ നിർദേശങ്ങൾ അറിയിക്കാം.
പാഠ്യപദ്ധതിയിൽ 26 മേഖലകളാണുള്ളത്. പക്ഷെ, ഇതിൽ ഏതെങ്കിലും ഒരു മേഖലയെ മാത്രമായി ഫോക്കസ് ചെയ്ത് ചർച്ചകൾ ഒതുങ്ങിപ്പോവുകയാണെങ്കിൽ, അത് പാഠ്യപദ്ധതിയെ ഗുണകരമല്ലാത്ത രീതിയിലായിരിക്കും ബാധിക്കുകയെന്നും അത്തരത്തിലുളള ചർച്ചകൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, യുക്തിചിന്ത പോലുളളവയെ എതിർക്കുന്നത് അതെക്കുറിച്ചുളള ധാരണ ഇല്ലാത്തത് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. ''കുട്ടികളുടെ ഭാഗത്ത് നിന്നും വിമർശനാത്മകമായ ചോദ്യങ്ങൾ ഉയർന്നു വരേണ്ടതുണ്ട്. അത്തരത്തിലുളള ചോദ്യങ്ങൾ ഉയർന്നുവന്നില്ലെങ്കിൽ സമൂഹത്തിന് ഒരിക്കലും മുന്നോട്ട് പോകാൻ കഴിയില്ല. കുട്ടികളുടെ നന്മയ്ക്ക് നല്ല പാഠ്യ പദ്ധതി ഉറപ്പു വരുത്തുക മാത്രമാണ് പൊതുവിദ്യാഭ്യാസ വകുപ്പിന് മുന്നിലുളളത്. അല്ലാതെ മറ്റൊന്നും ലക്ഷ്യം വയ്ക്കുന്നില്ല'' - ജയപ്രകാശ് വ്യക്തമാക്കുന്നു.