'ഗണപതി മിത്താണെന്നും അല്ലാഹു മിത്തല്ലെന്നും പറഞ്ഞിട്ടില്ല': മിത്ത് വിവാദത്തില്‍ വിശദീകരണവുമായി എം വി ഗോവിന്ദൻ

'ഗണപതി മിത്താണെന്നും അല്ലാഹു മിത്തല്ലെന്നും പറഞ്ഞിട്ടില്ല': മിത്ത് വിവാദത്തില്‍ വിശദീകരണവുമായി എം വി ഗോവിന്ദൻ

പരശുരാമന്‍ മഴുവെറിഞ്ഞുണ്ടാക്കിയ കേരളം എന്നാണ് മിത്തായി ഉദാഹരിച്ചത്
Updated on
1 min read

സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ പ്രസംഗത്തിന് പിന്നാലെ ആരംഭിച്ച മിത്ത് വിവാദത്തില്‍ തിരുത്തുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഗണപതി മിത്താണെന്നും അല്ലാഹു മിത്തല്ലെന്നും പറഞ്ഞിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി ഡല്‍ഹിയില്‍ പ്രതികരിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം ഉയര്‍ത്തിയ ആക്ഷേപങ്ങള്‍ക്ക് മറുപടി പറയവെയാണ് രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് നടത്തിയ പരാമര്‍ശങ്ങള്‍ തിരുത്തിയത്.

ഷംസീറും താനും ഗണപതി മിത്താണെന്ന് എവിടെയും പറഞ്ഞിട്ടില്ല

എംവി ഗോവിന്ദന്‍

''പരശുരാമന്‍ മഴുവെറിഞ്ഞുണ്ടാക്കിയ കേരളം എന്നാണ് മിത്തായി ഉദാഹരിച്ചത്. അല്ലാഹു വിശ്വാസ പ്രമാണത്തിന്റെ ഭാഗമാണെങ്കില്‍ ഗണപതിയും വിശ്വാസപ്രമാണത്തിന്റെ ഭാഗം തന്നെയാണ്. ഷംസീറും താനും ഗണപതി മിത്താണെന്ന് എവിടെയും പറഞ്ഞിട്ടില്ല. വാക്കുകളെ വളച്ചൊടിച്ചതാണെന്നാണ് എംവി ഗോവിന്ദന്റെ പ്രതികരണം. സിപിഎം യഥാര്‍ഥ വിശ്വാസികള്‍ക്കൊപ്പമാണ്. പാര്‍ട്ടി വിശ്വാസികള്‍ക്ക് എതിരായ നിലപാട് സ്വീകരിക്കില്ല.'' എം വി ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു.

പ്രതിപക്ഷ നേതാവ് വിഡി സതീശനും ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രനും കുറേ നാളായി ഒരേ അഭിപ്രായമാണ് പറയുന്നത്. സിപിഎമ്മാണ് വര്‍ഗ്ഗീയതയ്ക്ക് കൂട്ട് നില്‍ക്കുന്നതെന്ന അസംബന്ധ പ്രചാരണം വിഡി സതീശന്‍ കുറേക്കാലമായി നടത്തുന്നുണ്ട്. മുസ്ലീം വിരുദ്ധതയാണ് വര്‍ഗ്ഗീയതയുടെ അടിസ്ഥാനമെന്നും എംവി ഗോവിന്ദന്‍ വ്യക്തമാക്കി. നിയമം ലംഘിച്ചതിന് കേസെടുക്കുന്നത് വിശ്വാസം നോക്കിയല്ലെന്നും നാമജപ ഘോഷയാത്രയ്‌ക്കെതിരെ കേസെടുത്തതില്‍ എംവി ഗോവിന്ദന്‍ പറഞ്ഞു.

'ഗണപതി മിത്താണെന്നും അല്ലാഹു മിത്തല്ലെന്നും പറഞ്ഞിട്ടില്ല': മിത്ത് വിവാദത്തില്‍ വിശദീകരണവുമായി എം വി ഗോവിന്ദൻ
മിത്ത് വിവാദം: 'മറുപടി മുഖ്യമന്ത്രി പറയട്ടെ, എംവി ഗോവിന്ദൻ പറഞ്ഞത് പാർട്ടി നിലപാട്'; സർക്കാർ പ്രതികരണവും കാത്ത് എൻഎസ്എസ്

ഹിന്ദു വര്‍ഗീയവാദം ഉയര്‍ത്തുന്നതിന് വേണ്ടിയുള്ള നിലപാടാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ സുരേന്ദ്രന്‍ നിരന്തരമായി ആവര്‍ത്തിച്ച് പറയുന്നത്. അദ്ദേഹത്തിന്റെ പരമാര്‍ശം വര്‍ഗീയമാണ് എന്ന് പ്രത്യേകിച്ച് പറയേണ്ട ആവശ്യമില്ല. അവര്‍ രാഷ്ട്രീയത്തില്‍ വര്‍ഗീയ നിലപാട് ഉയര്‍ത്തിപ്പിടിക്കുന്നവരാണ്. തികഞ്ഞ വര്‍ഗീയ സമീപനം വാക്കുകളില്‍ നിറഞ്ഞ് നില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. താന്‍ പൊന്നാനിയില്‍ നിന്നാണോ വന്നത് എന്ന സുരേന്ദ്രന്റെ പരാമര്‍ശത്തോടും എം വി ഗോവിന്ദന്‍ പ്രതികരിച്ചു. 'ഒരു വര്‍ഗീയവാദിയുടെ ഭ്രാന്തിന് ഞാന്‍ എന്തിന് മറുപടി പറയണം?' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

logo
The Fourth
www.thefourthnews.in