നിപ: ഏഴ് സാംപിളുകള്‍ നെഗറ്റീവെന്ന് ആരോഗ്യമന്ത്രി, കേന്ദ്ര സംഘം കേരളത്തിലേക്ക്
സംസ്ഥാനത്ത് ഭീതി പടര്‍ത്തി മലപ്പുറം ജില്ലയില്‍ സ്ഥിരീകരിച്ച നിപ ബാധയെ പ്രതിരോധിക്കാന്‍ കേന്ദ്ര സംഘം എത്തും. വണ്‍ ഹെല്‍ത്ത് മിഷനില്‍ നിന്നുള്ള സംഘത്തെയാണ് കേന്ദ്രം കേരളത്തിലേക്ക് നിയോഗിച്ചിരിക്കുന്നത്. രോഗ ബാധ, സമ്പര്‍ക്കം, സാങ്കേതിക കാര്യങ്ങള്‍ എന്നിവയില്‍ കേന്ദ്ര സംഘം കേരളത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പിന്തുണ നല്‍കും. രോഗ നിയന്ത്രണത്തിന് അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്രം സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. നിലവില്‍ രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പര്‍ക്കത്തില്‍ വന്നവരെ അടിയന്തരമായി ക്വാറന്റീനിലേക്ക് മാറ്റണമെന്നും നിര്‍ദ്ദേശമുണ്ട്. ഇവരുടെ സാംപിള്‍ പരിശോധനയ്ക്ക് അയക്കണം. സംസ്ഥാനത്തിന്റെ അഭ്യര്‍ഥന പ്രകാരം നേരത്തെ മോണോക്ലോണല്‍ ആന്റിബോഡി ഐസിഎംആര്‍ എത്തിച്ചിരുന്നു.
കഴിഞ്ഞ ദിവസം നിപ ബാധ സ്ഥിരീകരിച്ച പതിനാലുകാരന്‍ ഇന്ന് ഉച്ചയോടെ മരിച്ച സാഹചര്യത്തിലാണ് നടപടികള്‍ ശക്തമാക്കുന്നത്. മരിച്ച കുട്ടിയുമായി സമ്പര്‍ക്കം ഉണ്ടായ 4 പേര്‍ രോഗ ലക്ഷണങ്ങളുമായി ചികിത്സയിലാണ്. ഇതിന് പുറമെ മലപ്പുറം സ്വദേശിയായ 68 കാരനെയും നിപ രോഗലക്ഷണങ്ങളുമായി കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയിരുന്നു. ഇദ്ദേഹത്തിന് മരിച്ച കുട്ടിയുമായി സമ്പര്‍ക്കമില്ലെന്നാണ് വിലയിരുത്തല്‍.
നിപ ബാധിതനുമായി ബന്ധപ്പെട്ട സമ്പര്‍ക്കപ്പട്ടികയില്‍പ്പെട്ടവരില്‍ ഇന്ന് പരിശോധിച്ച ഏഴ് സാംപിളുകള്‍ നെഗറ്റീവെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. സമ്പര്‍ക്ക പട്ടിക തയ്യാറാക്കുകയും റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കുകയും ചെയ്തു. നിലവില്‍ സമ്പര്‍ക്ക പട്ടികയില്‍ 330 പേരാണുള്ളത്. ഇതില്‍ 60 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണെന്നും അവലോകന യോഗത്തിന് ശേഷം മലപ്പുറത്ത് മാധ്യമങ്ങളെ കണ്ട ആരോഗ്യ മന്ത്രി അറിയിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് മലപ്പുറത്ത് ക്യാംപ് ചെയ്താണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. നിപ നിയന്ത്രണത്തിനായി നിപ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി 25 കമ്മിറ്റികളാണ് പ്രവര്‍ത്തിക്കുന്നത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചു.
മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 30 ഐസൊലേഷന്‍ റൂമുകളും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആവശ്യമായ അതിതീവ്ര പരിചരണ സംവിധാനങ്ങളും ക്രമീകരിച്ചിട്ടുണ്ട്. പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളില്‍ താല്ക്കാലിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വണ്ടൂര്‍, നിലമ്പൂര്‍, കരുവാരക്കുണ്ട് എന്നിവിടങ്ങളില്‍ പ്രത്യേക പനി ക്ലിനിക്കുകള്‍ തുടങ്ങാന്‍ നിര്‍ദ്ദേശം നല്‍കി. നിരീക്ഷണത്തിലിരിക്കുന്നവരുടെ വീടുകളില്‍ ഭക്ഷണം, മരുന്ന് ഉള്‍പ്പെടെയുള്ളവ എത്തിക്കുന്നതിന് സന്നദ്ധ പ്രവര്‍ത്തകരുടെ സേവനം ഉറപ്പാക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.