എഐ ക്യാമറ ഇടപാടില്‍ വന്‍ കൊള്ള, എസ്ആർഐടിക്ക് ഊരാളുങ്കലുമായി ബന്ധം: വി ഡി സതീശൻ

എഐ ക്യാമറ ഇടപാടില്‍ വന്‍ കൊള്ള, എസ്ആർഐടിക്ക് ഊരാളുങ്കലുമായി ബന്ധം: വി ഡി സതീശൻ

എസ്ആർഐടി യുമായോ എഐ ക്യാമറ സ്ഥാപിക്കുന്ന പദ്ധതിയുമായോ ഒരു ബന്ധവുമില്ലെന്ന് യുഎൽസിസിഎസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു
Updated on
2 min read

സേഫ് കേരള പദ്ധതിയുടെ ഭാഗമായുള്ള എഐ ക്യാമറ ഇടപാടില്‍ നടന്നത് വന്‍ കൊള്ളയെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. എഐ ക്യാമറ ജനത്തിനുമേലുള്ള മറ്റൊരു കൊള്ളയാണ്. പലര്‍ക്കും കിട്ടിയത് നോക്കുകൂലി മാത്രമാണ്. മന്ത്രിമാര്‍ക്കു പോലും കരാര്‍ കമ്പനികളെക്കുറിച്ച് അറിയില്ലെന്നും സതീശൻ ആരോപിച്ചു.

പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ക്ക് സര്‍ക്കാര്‍ വ്യക്തമായ മറുപടി നല്‍കുന്നില്ല, പ്രതിവര്‍ഷം ആയിരം കോടി രൂപ ജനങ്ങളില്‍നിന്ന് കൊള്ളയടിക്കാന്‍ പോവുകയാണ്.

ചെന്നിത്തല ഉന്നയിച്ച കാര്യങ്ങള്‍ക്കു സര്‍ക്കാര്‍ മറുപടിയിലും കെല്‍ട്രോണ്‍ പറഞ്ഞതിലും വ്യക്തതയില്ല. പദ്ധതിയുമായി ബന്ധപ്പെട്ട കാബിനറ്റ് നോട്ടില്‍ കമ്പനികളെക്കുറിച്ചുള്ള വിവരങ്ങളില്ല. മന്ത്രിമാര്‍ക്കുപോലും ഇതറിയാന്‍ വഴിയില്ല. കെല്‍ട്രോണ്‍ നേരിട്ടാണ് പദ്ധതി നടത്തിയത്. എസ്ഐആർടി കമ്പനിക്ക് ഒരു മുന്‍പരിചയവുമില്ല. ഇവര്‍ പവര്‍ ബ്രോക്കേഴ്സാണ്. ഇടനിലക്കാരാണ്.

പദ്ധതിക്ക് പ്രീ ക്വാളിഫിക്കേഷന്‍ മാനദണ്ഡം വ്യക്തമാക്കേണ്ടതായിരുന്നു. ടെൻഡറില്‍ പങ്കെടുത്ത കമ്പനികളേതൊക്കെയാണ്? എസ്ആർഐടി കരാര്‍ കിട്ടിയ ശേഷം കണ്‍സോര്‍ഷ്യമുണ്ടാക്കി ഉപകരാര്‍ കൊടുത്തു. ഇവര്‍ക്ക് ഊരാളുങ്കലുമായി ബന്ധമുണ്ട്. കണ്ണൂര്‍ കേന്ദ്രീകരിച്ചുള്ള കറക്ക് കമ്പനികളാണ്. എല്ലാം ഒരൊറ്റ പെട്ടിയിലേക്കാണ് വന്നുചേരുന്നത്.

സര്‍ക്കാര്‍ ടെൻഡര്‍ നടപടികളുടെ സുതാര്യത ചോദ്യം ചെയ്യപ്പെട്ടു. കമ്പനികളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഓരോന്നായി പുറത്തുവിടും. ഒൻപത് ലക്ഷം രൂപ പോയിട്ട്, അതിന്റെ പത്തിലൊന്ന് പോലും ക്യാമറയ്ക്ക് വിലയില്ല. അന്താരാഷ്ട്ര ബ്രാൻഡ് ക്യാമറകള്‍ കിട്ടുമ്പോള്‍ എന്തിനാണ് ഇതിന്റെ ഘടകങ്ങള്‍ വാങ്ങി അസംബിള്‍ ചെയ്തത്? 232 കോടിയുടെ പദ്ധതിയില്‍ 70 കോടി മാത്രമാണ് ക്യാമറയ്ക്ക് ചെലവ്. ക്യാമറ വാങ്ങിയാല്‍ അഞ്ച് വര്‍ഷത്തേക്ക് വാറന്റി കിട്ടും. എന്നാല്‍ ഇവിടെ അഞ്ച് വര്‍ഷത്തേക്ക് 66 കോടി രൂപ മെയിന്റനന്‍സിന് വേണ്ടി മാറ്റിവച്ചിരിക്കുകയാണ്. പൂര്‍ണമായി വാങ്ങാവുന്ന ക്യാമറ കെല്‍ട്രോണ്‍ പാര്‍ട്‌സായി വാങ്ങിയത് എന്തിനെന്ന് വ്യക്തമാക്കണമെന്നും വി ഡി സതീശൻ പറഞ്ഞു.

അതേസമയം, എ ഐ ക്യാമറകള്‍ സ്ഥാപിച്ച പദ്ധതിയുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ പരാമര്‍ശിക്കപ്പെട്ട എസ്ആർഐടി എന്ന കമ്പനിയുമായി ഒരു ബന്ധവുമില്ലെന്ന് ഊരാളുങ്കല്‍ സൊസൈറ്റി വാർത്താക്കുറിപ്പിൽ അറിയിച്ചു. സമൂഹമാധ്യമങ്ങളില്‍ ചിലര്‍ ഉയര്‍ത്തുന്ന ആരോപണങ്ങളില്‍ പറയുന്ന പേരുകാര്‍ കമ്പനിയുടെ ഡയറക്ടര്‍മാരും അല്ലെന്നും സൊസൈറ്റി അറിയിച്ചു.

ബെംഗളൂരു ആസ്ഥാനമായ എസ്ആർഐടി 2016-ല്‍ ഊരാളുങ്കല്‍ സൊസൈറ്റിക്ക് ഒരു ആശുപത്രി സോഫ്റ്റ്വെയര്‍ വികസനപദ്ധതി നല്‍കിയിരുന്നു. ഇതിനായി അന്ന് ഇരു സ്ഥാപനങ്ങളും ചേര്‍ന്ന് സംയുക്തസംരംഭം രൂപീകരിച്ചു. അതിന്റെ പേരാണ് യുഎൽസിസിഎസ് എസ്ആർഐടി. രണ്ടു സ്ഥാപനത്തിലെയും ഡയരക്റ്റര്‍മാര്‍ അതില്‍ അംഗങ്ങള്‍ ആയിരുന്നു. 2018 ല്‍ ദൗത്യം അവസാനിക്കുകയും തുടര്‍ന്ന് ആ സംയുക്ത സംരംഭം പിരിച്ചുവിടുകയും ചെയ്തു.

കമ്പനികളുടെ വിവരങ്ങള്‍ കിട്ടുന്ന ചില വെബ്‌സൈറ്റുകളില്‍ എസ്ആർഐടി എന്നു തിരഞ്ഞാല്‍ യുഎൽസിസിഎസ് എസ്ആർഐടി പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ വിവരങ്ങള്‍ കൂടി വരാറുണ്ട്. അവരുടെ വെബ്‌സൈറ്റ് അപ്‌ഡേറ്റ് ചെയ്യാത്തതുകൊണ്ട് ആ വെബ്സൈറ്റില്‍ ഇപ്പോഴും പഴയ വിവരം കിടക്കുന്നു എന്നുമാത്രം. ഇതു കണ്ടിട്ടാണു എസ്ആർഐടി എന്നു കേള്‍ക്കുന്നിടത്തെല്ലാം യുഎൽസിസിഎസ് എന്നു കൂട്ടിക്കെട്ടാന്‍ മുതിരുന്നത്. എസ്ആർഐടിയുമായോ എഐ ക്യാമറ സ്ഥാപിക്കുന്ന പദ്ധതിയുമായോ യുഎൽസിസിഎസിന് ഒരു ബന്ധവുമില്ലെന്നും സൊസൈറ്റി വാര്‍ത്തക്കുറിപ്പില്‍ പറഞ്ഞു.

logo
The Fourth
www.thefourthnews.in