എംഎസ്എഫ് പ്രവര്‍ത്തകരെ കൈവിലങ്ങ് അണിയിച്ച സംഭവം: വിമര്‍ശനവുമായി പ്രതിപക്ഷം, പ്രതിഷേധം ശക്തം

എംഎസ്എഫ് പ്രവര്‍ത്തകരെ കൈവിലങ്ങ് അണിയിച്ച സംഭവം: വിമര്‍ശനവുമായി പ്രതിപക്ഷം, പ്രതിഷേധം ശക്തം

വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയെ കരിങ്കൊടി കാണിച്ചതിനാണ് എംഎസ്എഫ് കോഴിക്കോട് ജില്ലാ ക്യാമ്പസ് വിങ് കണ്‍വീനര്‍ ടി ടി അഫ്രീന്‍, മണ്ഡലം സെക്രട്ടറി സി ഫസീഹ് എന്നിവരെ പോലീസ് വിലങ്ങ് അണിയിച്ചത്
Updated on
2 min read

മലബാറിലെ പ്ലസ് വണ്‍ സീറ്റ് ക്ഷാമത്തില്‍ പ്രതിഷേധിച്ച എംഎസ്എഫ് പ്രവര്‍ത്തകരെ കൈവിലങ്ങ് അണിയിച്ച പോലീസ് നടപടിക്കെതിരെ പ്രതിപക്ഷ പ്രതിഷേധം ശക്തമാകുന്നു. വ്യാജരേഖ കേസില്‍ അറസ്റ്റിലായ എസ്എഫ്‌ഐ പ്രവര്‍ത്തകരായ കെ വിദ്യയോടും നിഖില്‍ തോമസിനോടും പോലീസ് കാണിച്ച സമീപനവും എംഎസ്എഫ് നേതാക്കളേ വിലങ്ങണിയിച്ചതും താരതമ്യപ്പെടുത്തിയാണ് പ്രതിഷേധം.

കോഴിക്കോട് കൊയിലാണ്ടിയില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയെ കരിങ്കൊടി കാണിച്ചതിനാണ് എംഎസ്എഫ് കോഴിക്കോട് ജില്ലാ ക്യാമ്പസ് വിങ് കണ്‍വീണര്‍ ടി ടി അഫ്രീന്‍, മണ്ഡലം സെക്രട്ടറി സി ഫസീഹ് എന്നിവരെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തത്. കൈവിലങ്ങ് അണിയിച്ചാണ് ഇവരെ പോലീസ് സ്‌റ്റേഷനില്‍നിന്ന് വൈദ്യ പരിശോധനയ്ക്കും പിന്നീട് കോടതിയിലേക്കും കൊണ്ടുപോയത്.

പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് എംഎസ്എഫ് പ്രവര്‍ത്തകര്‍ കോഴിക്കോട് കമ്മീഷണര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ പ്രതിഷേധിച്ച് പ്രതിഷേധം ശക്തമാക്കാനാണ് എംഎസ്എഫിന്റെയും യൂത്ത് ലീഗിന്റെയും തീരുമാനം.

സിപിഎമ്മിന് വിടുപണി ചെയ്യുന്നതിനേക്കാൾ ഭേദം യൂണിഫോം അഴിച്ച് വെച്ച് പോകുന്നതാണ് അത്തരം ഉദ്യോഗസ്ഥർക്ക് നല്ലത്- വിഡി സതീശന്‍

എസ്എഫ്‌ഐ ക്രിമിനലുകള്‍ക്ക് മുന്നില്‍ നട്ടെല്ല് വളച്ചുനില്‍ക്കുന്ന കേരള പോലീസിന്റ ആവേശം പ്രതിപക്ഷ വിദ്യാര്‍ഥി - യുവജന സംഘടന നേതാക്കളോട് വേണ്ടെന്നും സിപിഎമ്മിന് വിടുപണി ചെയ്യുന്നതിനേക്കാള്‍ ഭേദം യൂണിഫോം അഴിച്ചുവച്ച് പോകുന്നതാണ് അത്തരം ഉദ്യോഗസ്ഥര്‍ക്ക് നല്ലതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. സമരം ചെയ്ത കുട്ടികളെ കയ്യാമം വയ്ക്കാന്‍ എ.കെ.ജി സെന്ററില്‍നിന്നുള്ള നിര്‍ദ്ദേശം വാങ്ങി പ്രവര്‍ത്തിക്കുന്ന പോലീസിനേ കഴിയൂവെന്നും വിഡി സതീശന്‍ ഫേസ് ബുക്ക് കുറിപ്പില്‍ പറഞ്ഞു.

കൈവിലങ്ങ് വയ്ക്കുന്നത് സംബന്ധിച്ച് സുപ്രീം കോടതിയുടെ കൃത്യമായ നിർദേശമുണ്ട്. പൊലീസിനെ കയറൂരി വിട്ടത് പോലെയാണ് കാര്യങ്ങൾ
പി കെ കുഞ്ഞാലിക്കുട്ടി

സംഭവത്തിൽ കടുത്ത വിമര്‍ശനവുമായി മുസ്ലിം ലീ​ഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും രംഗത്തെത്തി. ന്യായമായ കാര്യത്തിന് സമരം നടത്തിയ വിദ്യാർത്ഥികളെ കൈവിലങ്ങ് വച്ചത് നിയമവിരുദ്ധമാണെന്നും സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. കൈവിലങ്ങ് വയ്ക്കുന്നത് സംബന്ധിച്ച് സുപ്രീം കോടതിയുടെ കൃത്യമായ നിർദേശമുണ്ടെന്നും പോലീസിനെ കയറൂരി വിട്ടതുപോലെയാണ് കാര്യങ്ങളെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

രാജപ്രീതിക്കായി നിയമവ്യവസ്ഥിതിയെ വെല്ലുവിളിക്കുന്നവരെ കൊണ്ട് കണക്ക് പറയിക്കുക തന്നെ ചെയ്യും
പിഎംഎ സലാം

പ്രതിപക്ഷ നേതാവിനു പുറമേ മുസ്ലീംലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം, യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്, എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസ് എന്നിവരും പോലീസ് നടപടിയെ ശക്തമായി അപലപിച്ചു. വിദ്യ, നിഖില്‍ തുടങ്ങിയ വ്യാജവീരന്മാര്‍ക്ക് പൂമാല ല്‍കിയ പോലീസ് എംഎസ്എഫ് കുട്ടികളെ വിലങ്ങണിയിച്ചതിന്റെ നീതിശാസ്ത്രം വ്യക്തമാക്കേണ്ടതുണ്ടെന്നും അനീതികള്‍ തുടര്‍ക്കഥയാകുമ്പോള്‍ എല്ലാവരും കാഴ്ചക്കാരായിരിക്കുമെന്ന് ധാരണ മൗഢ്യമാണെന്ന് പിഎംഎ സലാം ഫേസ്ബുക്കില്‍ കുറിച്ചു. രാജപ്രീതിക്കായി നിയമവ്യവസ്ഥിതിയെ വെല്ലുവിളിക്കുന്നവരെ കൊണ്ട് കണക്കുപറയിക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

തട്ടിപ്പുകാർക്കും വ്യാജമാർക്കും പരവതാനി, പ്ലസ്ടു സീറ്റ് ചോദിച്ച വിദ്യാർത്ഥി നേതാക്കൾക്ക് കൈ വിലങ്ങ്
പികെ നവാസ്

പരീക്ഷയെഴുതാതെ പാസായവരോ വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി ജോലി നോക്കിയവരോ പിന്‍വാതില്‍ വഴി ജോലിയില്‍ കയറിയവരോ അല്ല ഈ വിദ്യാര്‍ത്ഥി നേതാക്കളെന്നും കുട്ടികള്‍ക്ക് പഠിക്കാന്‍ സീറ്റിന് വേണ്ടി സമരം ചെയ്തവരെയാണ് കയ്യാമംവച്ച് കൊണ്ടു പോയതെന്നും യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് ഫേസ്ബുക്കില്‍ പ്രതികരിച്ചു. തട്ടിപ്പുകാര്‍ക്കും വ്യാജന്മാര്‍ക്കും പരവതാനിയും പ്ലസ് ടു സീറ്റ് ചോദിച്ച നേതാക്കള്‍ക്ക് കൈവിലങ്ങുമെന്ന് എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസ് കുറ്റപ്പെടുത്തി.

പോലീസ് കാണിക്കുന്ന തോന്ന്യാസങ്ങൾ, പൗരാവകാശ-നിയമ-നീതി നിഷേധങ്ങൾ, അധികാരഹുങ്ക്...ആരും ചോദിക്കാനും പറയാനും ഇല്ലാത്ത കാലത്തോളം അവയൊക്കെ അങ്ങനെയൊക്കെ തുടരും. അതിനു അടിയന്തരാവസ്‌ഥ തന്നെ വേണമെന്നൊന്നുമില്ല
കെജെ ജേക്കബ്

എംഎസ്എഫ് പ്രവര്‍ത്തകരെ കൈയ്യാമം വെച്ചു നടത്തിക്കുന്ന ചിത്രം അടിയന്തരാവസ്ഥയുടെ ഓര്‍മദിനത്തില്‍ കേരളത്തിന്റെ ആഭ്യന്തരമന്ത്രിക്ക് സമര്‍പ്പിക്കുന്നുവെന്ന് മുതിർന്ന മാധ്യമപ്രവര്‍ത്തകന്‍ കെജെ ജേക്കബ് ഫേസ്ബുക്കില്‍ കുറിച്ചു. അടിയന്തരാവസ്ഥ അവസാനിപ്പിക്കാന്‍ ഈ നാടിന് കഴിഞ്ഞു, എന്നാല്‍ ഈ ഹുങ്കിന്, നിയമ നിഷേധത്തിന്, അധികാര ദുര്‍വിനിയോഗത്തിന് അവസാനം വരുത്താന്‍ അടിയന്തരാവസ്ഥയുടെ പ്രത്യാഘാതം സ്വന്തം ശരീരത്തില്‍ കൊണ്ടുനടക്കുന്ന ആഭ്യന്തരമന്ത്രിയ്ക്കു പോലും കഴിയുന്നില്ല എന്നതാണ് നമ്മുടെ മുന്‍പിലെ യാഥാര്‍ഥ്യമെന്നും കെജെ ജേക്കബ് വിമര്‍ശിച്ചു.

logo
The Fourth
www.thefourthnews.in