'മുഖ്യമന്ത്രിയുടെ മകന്റെ അടുത്ത ബന്ധുക്കൾക്ക് പങ്കാളിത്തം'; എഐ ക്യാമറയിൽ അഴിമതി ആരോപണവുമായി പ്രതിപക്ഷം
എഐ ക്യാമറ കരാറിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകനെതിരെ ആരോപണവുമായി പ്രതിപക്ഷം. പ്രസാഡിയോ കമ്പനിയ്ക്ക് മുഖ്യമന്ത്രിയുടെ മകന്റെ കുടുംബവുമായി അടുത്ത ബന്ധമുണ്ടെന്നാണ് പിസി വിഷ്ണുനാഥിന്റെ ആരോപണം. എന്നാൽ എഴുതിനൽകാത്തത് ആരോപണമായി ഉന്നയിക്കരുതെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ പറഞ്ഞു. മുഖ്യമന്ത്രിയുടെ മകനെതിരെയുളള ആരോപണം രേഖകളിൽനിന്ന് നീക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എഐ ക്യാമറ കരാർ സംബന്ധിച്ച് മുമ്പും പ്രതിപക്ഷം സർക്കാരിനെതിരെ ആരോപണമുന്നയിച്ചിരുന്നു. എഐ ക്യാമറയിൽ വലിയ അഴിമതി നടന്നിട്ടുണ്ടെന്നാണ് പിസി വിഷ്ണുനാഥ് സഭയിൽ ഉന്നയിച്ചത്. മോഷണം തടയാനായി വീടുകളിൽ ക്യാമറ വയ്ക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട് എന്നാൽ, മോഷ്ടിക്കാൻ ക്യാമറ വയ്ക്കുന്ന സംസ്ഥാനത്തെ ആദ്യ പദ്ധതിയാണ് എഐ ക്യാമറയെന്ന് സർക്കാരിനെ പരിഹസിച്ചുകൊണ്ടാണ് വിഷ്ണുനാഥ് വിഷയം സഭയിൽ അവതരിപ്പിച്ചത്. പദ്ധതിയ്ക്കായി 60 ശതമാനമാണ് നോക്കുകൂലിയെന്നും അദ്ദേഹം ആരോപിച്ചു.
സാങ്കേതിക പരിജ്ഞാനമില്ലാത്ത എസ്ആര്‍ഐടി കമ്പനിയ്ക്കാണ് പദ്ധതിയെ ഏൽപ്പിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ടെൻഡർ വ്യവസ്ഥകളെല്ലാം മറികടന്നാണ് കരാറും ഉപകരാറും നൽകിയതെന്നും മുഖ്യമന്ത്രിയുടെ മകന്റെ കുടുംബവുമായി ബന്ധപ്പെട്ടുളളവർക്ക് ഇതിൽ പങ്കുണ്ടെന്നും പിസി വിഷ്ണുനാഥ് ആരോപിച്ചു.
മുഖ്യമന്ത്രിയുടെ മകനെതിരായ ആരോപണം സഭാ രേഖകളിൽനിന്ന് നീക്കണമെന്ന് ഭരണപക്ഷം ആവശ്യപ്പെട്ടു. എഐ പദ്ധതിയുമായി ബന്ധപ്പെട്ടുളള രേഖകളെല്ലാം സർക്കാരിന്റെ പക്കലുണ്ടെന്നും സമയം അനുവദിച്ചാൽ സഭയിൽ അത് ചർച്ച ചെയ്യാൻ തയാറാണെന്നും ധനമന്ത്രി കെഎൻ ബാലഗോപാൽ പറഞ്ഞു. ഇക്കാര്യം പരിശോധിക്കാമെന്ന് സ്പീക്കർ എഎൻ ഷംസീർ വ്യക്തമാക്കി.
അതേസമയം, ക്യാമറ വന്നതോടെ അപകടം കുറഞ്ഞില്ലേ എന്ന മുഹമ്മദ് മുഹസിൻ എംഎൽഎയുടെ മറുപടിയെയും പ്രതിപക്ഷം ചോദ്യം ചെയ്തു. വിഷയത്തിൽ അഴിമതി ആരോപണം എഴുതി നൽകിയിട്ടുണ്ടെന്നും അതിനപ്പുറം കാര്യങ്ങൾ പറയുന്നത് ചട്ടപ്രകാരമാണോയെന്ന് പരിശോധിക്കാമെന്നും സ്പീക്കർ വ്യക്തമാക്കി.
ഭരണപക്ഷത്തിന്റെ ചട്ടവിരുദ്ധനീക്കങ്ങളും നിയന്ത്രിക്കണമെന്ന് പ്രതിപക്ഷം തിരിച്ചടിച്ചു. സഭയിൽ ഉന്നയിക്കുന്ന ഓരോ ആരോപണങ്ങളും എഴുതി നൽകാൻ കഴിയില്ലെന്നായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ മറുപടി.