'ഓരോന്ന് എടുക്കട്ടെ ? എല്ലാം ആദായ വിൽപനയ്ക്ക്': ഓൺലൈൻ തട്ടിപ്പ് വ്യാപകം, മുന്നറിയിപ്പുമായി കേരളാ പോലീസ്

'ഓരോന്ന് എടുക്കട്ടെ ? എല്ലാം ആദായ വിൽപനയ്ക്ക്': ഓൺലൈൻ തട്ടിപ്പ് വ്യാപകം, മുന്നറിയിപ്പുമായി കേരളാ പോലീസ്

ഓണ്‍ലൈനിലെ ആദായ വില്‍പന തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി കേരളാ പോലീസ്
Updated on
2 min read

ചുട്ടുപൊള്ളുന്ന ചൂടില്‍ ഒന്നു തണുക്കാന്‍ സൗജന്യമായൊരു സെക്കന്‍ഡ്ഹാന്‍ഡ് എ സി ആയാലോ? ചെറിയ പോറലുകളുള്ള പ്രമുഖ കമ്പനികളുടെ എ സിയും റഫ്രിജറേറ്ററുമൊക്കെ പോസ്റ്റ് ഷെയര്‍ ചെയ്യുന്നതിലൂടെ ലഭിക്കുമെന്ന് കേള്‍ക്കുമ്പോള്‍ രണ്ടാമതൊന്ന് ആലോചിക്കാതെ ചാടിവീഴുന്നവര്‍ ഓണ്‍ലൈന്‍ തട്ടിപ്പ് സംഘങ്ങളുടെ കെണിയിലാണ് വീഴുന്നത്. ആദായ വില്‍പന എന്ന തരത്തില്‍ പ്രമുഖ കമ്പനികളുടെ പേരില്‍ പ്രചരിക്കുന്ന തട്ടിപ്പ് വ്യാപകമായതോടെയാണ് കേരളാ പോലീസ് മുന്നറിയിപ്പുമായി എത്തിയിരിക്കുന്നത്.

ഒരിടവേളയ്ക്ക് ശേഷം ഓണ്‍ലൈന്‍ തട്ടിപ്പുസംഘങ്ങള്‍ വ്യാപകമാകുകയാണ്. ഇത്തരം സംഘങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായാണ് കേരളാ പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. നിസാര വിലയ്ക്ക് കാറുകൾ, വാഷിങ് മെഷീനുകള്‍, എല്‍ഇഡി ടിവികള്‍ എന്നിവ വാഗ്ദാനം ചെയ്താണ് തട്ടിപ്പ്. സമൂഹ മാധ്യമങ്ങളിൽ നിറയുന്ന ഇത്തരം തട്ടിപ്പുകാരെ തിരിച്ചറിയണമെന്നും കെണിയിൽ വീഴരുതെന്നും മുന്നറിയിപ്പ് നൽകുകയാണ് പോലീസ്.

ചെറിയ പോറലുകള്‍ പറ്റിയ പുതിയ മോഡല്‍ കാറുകള്‍, പോറലുകള്‍ കാരണം വില്‍ക്കാതെ മാറ്റിവച്ച പ്രമുഖ കമ്പനികളുടെ എല്‍ഇഡി ടിവികള്‍, വാഷിങ് മെഷീനുകള്‍, പോറല്‍ പറ്റിയ സോഫകള്‍ തുടങ്ങിയവ സമ്മാനമായും നിസാര വിലയ്ക്ക് ഓണ്‍ലൈന്‍ വില്പനക്കും വച്ചിരിക്കുന്ന ഓഫാറുകൾ സമൂഹമാധ്യങ്ങളിൽ പ്രചരിക്കുന്നുണ്ടെന്നും ആ കെണിയില്‍ ചാടരുതെന്നുമാണ് പോലീസിന്റെ മുന്നറിയിപ്പ്. 

ഏതെങ്കിലും പ്രമുഖ കമ്പനികളുടെ പേരിന്റെ കൂടെ ‘Fans’ അല്ലെങ്കിൽ ‘Club’ എന്ന രീതിയിലായിരിക്കും ഇവരുടെ സമൂഹമാധ്യമ പേജുകൾ. ഓൺലൈൻ ട്രാൻസ്‌ലേറ്റർ ഉപയോഗിച്ച് ലോകത്തിലെ വിവിധ ഭാഷകളിൽ അവ്യക്തവും തെറ്റുകൾ നിറഞ്ഞതുമായ വാചകങ്ങളിലാണ് ഇവരുടെ ഓഫറുകൾ. ഒറ്റനോട്ടത്തിൽ തന്നെ ഇത് തട്ടിപ്പാണെന്ന് മനസിലാക്കാമെന്നും പോലീസ് ചൂണ്ടിക്കാട്ടുന്നു.

സമ്മാനം ഡെലിവറി ചെയ്യുന്നതിനായി പണം നല്‍കാനും ഇ-മെയില്‍, ജനന തീയതി, ബാങ്ക് അക്കൗണ്ട് നമ്പര്‍ തുടങ്ങിയവ ഉള്‍പ്പെടെയുള്ള സ്വകാര്യ വിവരങ്ങള്‍ പങ്കുവയ്ക്കാനും ആവശ്യപ്പെടുന്നു

ഒറ്റനോട്ടത്തില്‍ തന്നെ ഇത് തട്ടിപ്പാണെന്ന് മനസിലാക്കാമെന്നും പ്രതിദിനം നിരവധി മത്സരങ്ങള്‍ ഒരുക്കി തട്ടിപ്പിനായി കാത്തിരിക്കുന്ന ഇവരുടെ പേജുകളെ പതിനായിരക്കണക്കിന് പേരാണ് ഫോളോ ചെയ്യുന്നതെന്നും കേരളാ പോലീസ് പറയുന്നു. ഇവരുടെ ഓഫര്‍ പോസ്റ്റുകളില്‍ കമന്റ് ചെയ്യപ്പെടുന്നവരെ മത്സരത്തില്‍ തിരഞ്ഞെടുത്തതായി അറിയിക്കുകയും ലഭിച്ച സമ്മാനം ഡെലിവറി ചെയ്യുന്നതിനായി പണം നല്‍കാനും ഇ-മെയില്‍, ജനന തീയതി, ബാങ്ക് അക്കൗണ്ട് നമ്പര്‍ തുടങ്ങിയവ ഉള്‍പ്പെടെയുള്ള സ്വകാര്യ വിവരങ്ങള്‍ പങ്കുവയ്ക്കാനും ആവശ്യപ്പെടുന്നു. ഇതിനായി ഫിഷിങ്ങ് ലിങ്കുകളും അയച്ചുകൊടുക്കുന്നു.

വിശ്വാസം നേടിയെടുക്കന്നതിനായി മുന്‍പ് മത്സരത്തില്‍ സമ്മാനം കൈപ്പറ്റിയവരുടേതെന്ന് കാണിച്ചുള്ള വ്യാജ ഫോട്ടോകളും അയച്ചുതരുന്നു. കമ്പനികളുടെ നൂറ്റമ്പതാം വാര്‍ഷികം, നൂറാം വാര്‍ഷികം എന്നൊക്കെ അനൗണ്‍സ് ചെയ്യുമ്പോള്‍ ഒരു പക്ഷേ ആ കമ്പനി അന്‍പത് വര്‍ഷം പോലും പൂര്‍ത്തിയാക്കിയിട്ടുണ്ടാവില്ല എന്നതാണ് വസ്തുതയെന്നും പോലീസ് പറയുന്നു. ദയവായി ഇത്തരം ഓഫറുകളില്‍ പോയി തലവച്ചുകൊടുക്കാരുതെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ നിരവധിപേര്‍ ഇതിനകം തന്നെ ഈ തട്ടിപ്പിന് ഇരയായതായി കമന്റ് ചെയ്തിട്ടുണ്ട്.

logo
The Fourth
www.thefourthnews.in