പ്രതിയുടെ അറുപതിനായിരം രൂപയുടെ പേന 'അടിച്ചുമാറ്റി';  സിഐക്കെതിരെ വകുപ്പുതല നടപടിക്ക് ശുപാർശ

പ്രതിയുടെ അറുപതിനായിരം രൂപയുടെ പേന 'അടിച്ചുമാറ്റി'; സിഐക്കെതിരെ വകുപ്പുതല നടപടിക്ക് ശുപാർശ

കാപ്പ ചുമത്തി അറസ്റ്റ് ചെയ്ത പ്രതിയിൽനിന്ന് മോണ്ട് ബ്ലാങ്ക് പേന കൈക്കലാക്കിയെന്നാണ് പരാതി
Updated on
1 min read

പ്രതിയുടെ വിലകൂടിയ പേന സി ഐ കൈകലാക്കിയെന്ന പരാതിയിൽ സിഐക്കെതിരെ വകുപ്പുതല നടപടിക്ക് ശുപാർശ. പാലക്കാട് തൃത്താല എസ്എച്ച്ഒ വിജയകുമാരനെതിരെയാണ് പരാതി. ജൂണിൽ അറസ്റ്റ് ചെയ്തപ്പോൾ 60,000 രൂപയുടെ മോണ്ട് ബ്ലാങ്ക് പേന കൈക്കലാക്കിയെന്നാണ് ഞാങ്ങാട്ടിരി സ്വദേശി ഫൈസലിന്റെ പരാതി. അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥനെതിരെ വകുപ്പുതല നടപടിക്ക് ശുപാർശ ചെയ്ത് ജില്ലാ പോലീസ് മേധാവി ഉത്തരമേഖല ഐജിയ്ക്ക് കത്ത് നൽകി.

ജൂൺ 23 നാണ് പരാതിക്കാസ്പദമയ സംഭവം. ഡ്യൂട്ടി തടസപ്പെടുത്താൻ ശ്രമിച്ചുവെന്ന ഹെൽത്ത് ഇൻസ്പെക്റുടെ പരാതിയെത്തുടർന്നാണ് ഫൈസലിനെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയത്. ഇയാൾക്കെതിരെ മുൻപും ക്രിമിനൽ കേസുകളുള്ളതിനാൽ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. ഫൈസലിന് പാലക്കാട് ജില്ലയിൽ പ്രവേശിക്കാൻ വിലക്കുണ്ട്.

അറസ്റ്റ് ദിവസം ഫൈസലിന്റെ കൈവശമുണ്ടായിരുന്ന മോണ്ട് ബ്ലാങ്ക് പേന സി ഐ വിജയകുമാരൻ എടുത്തുവെന്നാണ് പരാതി. ഒളിക്യാമറയുണ്ടോയെന്ന് പരിശോധിക്കാനാണെന്ന് പറഞ്ഞാണ് സിഐ പേന വാങ്ങിയതെന്നും തിരിച്ചുതന്നില്ലെന്നും ഫൈസൽ മുഖ്യമന്ത്രിക്കും വിജിലൻസിനും നൽകിയ പരാതിയിൽ പറയുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ ഡിസിആർബി ഡിവൈ എസ് പി നടത്തിയ അന്വേഷണത്തിൽ സിഐയ്ക്ക്  വീഴ്ച സംഭവിച്ചതായി കണ്ടെത്തി. നടപടി ക്രമങ്ങൾ പാലിച്ചല്ല പേന പിടിച്ചെടുത്തതെന്നും ഇക്കാര്യം  ജിഡിയിൽ ചേർത്തില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. പോലീസിന്റെ സൽപ്പേരിന് കളങ്കമുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥനെതിരെ  നടപടിക്ക് ശുപാർശ ചെയ്ത് അന്വേഷണസംഘം ഉത്തരമേഖലാ ഐജിക്ക് റിപ്പോർട്ട് നൽകി.

ഫൈസൽ പറയുന്നത്

വിദേശത്ത് ഗാർമെൻ്റ്സ് ബിസിനസ് നടത്തിവരികയായിരുന്ന തനിക്ക് മൂന്നു വർഷമായി സിഐയുമായി പരിചയമുണ്ട്. നാട്ടിൽ വരുമ്പോഴെല്ലാം സിഐയെ കാണാറുണ്ട്. തന്റെ കൈവശമുള്ള മോണ്ട് ബ്ലാങ്ക് പേന നൽകാമോയെന്ന് മുൻപൊരിക്കൽ ചോദിച്ചിരുന്നു. പിന്നീട് നാട്ടിലുണ്ടായ ഒരു അടിപിടി കേസിൽ സിഐക്കെതിരെ പരാതി ഉയർന്നു. ഇതിനുപിന്നിൽ താനാണെന്ന് സിഐ കരുതിയതായി ഫൈസൽ പറയുന്നു. ഈ തെറ്റിദ്ധാരണയുടെ പേരിൽ അടുപ്പം നഷ്ടപ്പെട്ടു. തനിക്കെതിരെ കാപ്പ ചുമത്തേണ്ട തരത്തിലുളള കേസൊന്നുമുണ്ടായിരുന്നില്ലെന്നും സിപിഐയുടെ മുൻ ബ്രാഞ്ച് സെക്രട്ടറി കൂടിയായ ഫൈസൽ പറയുന്നു.

ഹെൽത്ത് ഇൻസ്പെക്ടറുടെ പരാതിയെത്തുടർന്ന് സ്റ്റേഷനിലെത്തിയ താൻ, പേന വാഹനത്തിൽ വച്ചാണ് സ്റ്റേഷനിൽ പ്രവേശിച്ചത്. എന്നാൽ സിഐ പേന ചോദിച്ചുവരികയും വാഹനത്തിൽനിന്ന് എടുക്കുകയുമായിരുന്നു.

സി ഐക്ക് പറയാനുള്ളത്

അന്വേഷണത്തിന്റെ ഭാഗമായാണ് പേന പിടിച്ചെടുത്തത്. പിന്നീട് പേന തിരിച്ചു നൽകിയപ്പോൾ ഫൈസൽ വാങ്ങാൻ കൂട്ടാക്കിയില്ല. അല്ലാതെ താൻ പേന കൈവശപ്പെടുത്തിയിട്ടില്ല.

logo
The Fourth
www.thefourthnews.in