കൊലപാതകം നടത്തുമ്പോൾ അസ്ഫാക് മദ്യപിച്ചിരുന്നില്ല; പെൺകുട്ടിയുടെ മരണം ബലാത്സംഗത്തിനിടെ, പോലീസ് കസ്റ്റഡി അപേക്ഷ നൽകും
എറണാകുളം ആലുവയിൽ അഞ്ചുവയസുകാരിയുടെ കൊലപാതകം നടന്നത് ബലാത്സംഗത്തിനിടെയെന്ന് റിമാൻഡ് റിപ്പോർട്ട്. ഒൻപത് വകുപ്പുകളാണ് പ്രതിയായ അസഫാക് ആലത്തിനെതിരെ ചുമത്തിയിരിക്കുന്നത്. പ്രതി കൃത്യം നടത്തിയത് ഒറ്റയ്ക്കായിരുന്നുവെന്നും ഈ സമയത്ത് പ്രതി മദ്യപിച്ചിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി അസഫാക്കിനെ ചോദ്യം ചെയ്യേണ്ടതുണ്ട്. പ്രതിയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടുള്ള അപേക്ഷ കൊച്ചി പോക്സോ കോടതിയിൽ പോലീസ് നൽകും.
കൊലപാതകത്തിലെ പ്രതിയുടെ പങ്കാളിത്തത്തെ കുറിച്ചുള്ള വ്യക്തമായ തെളിവുകൾ ശേഖരിക്കുകയാണ് പോലീസിന്റെ ഉദ്ദേശ്യം. പോക്സോ വകുപ്പ്, തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം, കൊലപാതകം, തെളിവ് നശിപ്പിക്കൽ അടക്കമുള്ള വകുപ്പുകളാണ് ഇപ്പോൾ ചുമത്തിയിരിക്കുന്നത്. അസഫാക് മുൻ കാലങ്ങളിൽ വേറെയേതെങ്കിലും കൊലപാതകത്തിൽ പ്രതിയായിട്ടുണ്ടോ, ആലുവയിലെ കൊലപാതകത്തിൽ മറ്റാരുടെയെങ്കിലും സഹായമുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ ഇതുവരെ പോലീസിന് തീർച്ചയില്ല. ഇതിലൊരു കൃത്യത വരുത്താനും ചോദ്യം ചെയ്യലിലൂടെ സാധിക്കുമെന്നാണ് പോലീസ് കരുതുന്നത്. ഏഴ് ദിവസത്തെ കസ്റ്റഡിയാണ് ആവശ്യപ്പെടുക.
കൊലപാതക സമയത്ത് കുട്ടി ബഹളംവച്ചപ്പോൾ അസഫാക് വായപൊത്തുകയും അബോധവസ്ഥയിലായ കുട്ടിയെ കഴുത്തിൽ വസ്ത്രം കുരുക്കി മരണം ഉറപ്പിക്കുകയുമായിരുന്നു. അസഫാക്കിനെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പിന് പോലീസ് കഴിഞ്ഞദിവസം ശ്രമിച്ചെങ്കിലും ജനരോഷത്തെ തുടർന്ന് മുന്നോട്ടുപോകാനായില്ല. പ്രതി ബിഹാർ സ്വദേശിയാണെന്നും വേണ്ടിവന്നാൽ അവിടെപ്പോയി അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചിരുന്നു. അസഫാക്കിന്റെ പേരിൽ കേസുകളുള്ളതായി ഇതുവരെ പോലീസിന് വിവരം ലഭിച്ചിട്ടില്ല.
കുട്ടിയുടെ ശരീരത്തിലെ മുറിവുകളും മറ്റ് ശാസ്ത്രീയ പരിശോധന തെളിവുകളും പോലീസ് ശേഖരിച്ചിട്ടുണ്ട്. പ്രതിക്ക് വീടെടുത്ത് നൽകിയവരെ പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചിരുന്നു. പോസ്റ്റുമോർട്ടത്തിൽ കുഞ്ഞിന്റെ സ്വകാര്യ ഭാഗങ്ങളിലും ആന്തരികാവയവങ്ങളിലും ഗുരുതര മുറിവുകൾ കണ്ടെത്തിയിരുന്നു. കൊല നടത്തിയത് വെള്ളിയാഴ്ച വൈകിട്ട് 5.30 യോടെയാണെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചിരുന്നു. നിലവിൽ 14 ദിവസത്തെ റിമാൻഡിലുള്ള അസ്ഫാക് ആലം ആലുവ സബ്ജയിലിലാണുള്ളത്.