പിഎസ്‍സി കോഴ: പ്രമോദ് കോട്ടൂളിയെ പുറത്താക്കി സിപിഎം, പരാതിക്കാരന്റെ വീട്ടിൽ കുത്തിയിരുന്ന് പ്രമോദ്

പിഎസ്‍സി കോഴ: പ്രമോദ് കോട്ടൂളിയെ പുറത്താക്കി സിപിഎം, പരാതിക്കാരന്റെ വീട്ടിൽ കുത്തിയിരുന്ന് പ്രമോദ്

നടപടിയെക്കുറിച്ച് വിവരങ്ങളൊന്നും തനിക്ക് ലഭിച്ചിട്ടില്ലെന്നാണ് പ്രമോദ് കോട്ടൂളി പറയുന്നത്
Updated on
2 min read

പിഎസ്‍സി അംഗത്വ‍ത്തിന് കോഴ വാങ്ങിയെന്ന വിവാദത്തിൽ ടൗണ്‍ ഏരിയ കമ്മിറ്റി അംഗം പ്രമോദ് കോട്ടൂളിയെ സിപിഎം പുറത്താക്കി. പ്രമോദ് നൽകിയ വിശദീകരണം തൃപ്തികരമല്ലെന്നു വിലയിരുത്തിയാണ് ജില്ലാ കമ്മിറ്റിയുടെ നടപടി. കോഴ ആരോപണം കൈകാര്യം ചെയ്യുന്നതിൽ ജില്ലാ കമ്മിറ്റിക്ക് വീഴ്ചപറ്റിയെന്ന് സംസ്ഥാന കമ്മിറ്റി വിലയിരുത്തിയിരുന്നു.

വിഷയത്തിൽ ജില്ലാ കമ്മിറ്റി ചുമതലപ്പെടുത്തിയ നാലംഗ അന്വേഷണ സമിതിയുടെ റിപ്പോർട്ട് പ്രമോദിനെതിരായിരുന്നു. എം ഗിരീഷ്, കെ കെ ദിനേശൻ, മാമ്പറ്റ ശ്രീധരൻ, പി കെ മുകുന്ദൻ എന്നിവർ അടങ്ങുന്ന കമ്മിഷനാണ് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചത്. അന്വേഷണ കമ്മിഷനു മുന്നിൽ കുറ്റം ഏറ്റുപറയുകയായിരുന്നു പ്രമോദ് കോട്ടൂളി. ശേഷം പ്രമോദിനോട് വിശദീകരണം എഴുതിവാങ്ങിയിരുന്നു.

പ്രമോദിനെ പുറത്താക്കിയ കാര്യം സിപിഎം ജില്ലാ കമ്മറ്റി പ്രസ്താവനയിലൂടെ അറിയിച്ചു. ''പാര്‍ട്ടിയുടെ സല്‍പ്പേരിന് കളങ്കമുണ്ടാക്കുന്നതും അച്ചടക്കത്തിന് നിരക്കാത്തതുമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവെന്ന് ബോധ്യമായതിനെ തുടര്‍ന്ന് കോഴിക്കോട് ടൗണ്‍ ഏരിയാ കമ്മിറ്റി അംഗമായ കെ വി പ്രമോദിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് പുറത്താക്കാന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു,''പ്രസ്താവനയില്‍ പറയുന്നു.

എന്നാൽ പാർട്ടി നടപടിയെക്കുറിച്ച് വിവരങ്ങളൊന്നും തനിക്ക് ലഭിച്ചിട്ടില്ലെന്നാണ് പ്രമോദ് കോട്ടൂളി പറയുന്നത്. സാധാരണഗതിയിൽ നടപടിയെടുത്താൽ അത് തന്റെ ഏരിയ കമ്മിറ്റി തന്നെ അറിയിക്കേണ്ടതുണ്ട്. 22 ലക്ഷം രൂപ താൻ വാങ്ങിച്ചിട്ടുണ്ടെങ്കിൽ അത് തെളിയിക്കണമെന്നുമാണ് പ്രമോദ് പറയുന്നത്. താൻ കോഴ നൽകാൻ ആരോടെങ്കിലും ആവശ്യപ്പെട്ടെന്നോ, ഏതെങ്കിലും റിയൽ എസ്റ്റേറ്റ് മാഫിയയുമായി എന്തെങ്കിലും ബന്ധമുണ്ടായിട്ടുണ്ടെന്നോ തെളിയിക്കൂവെന്നാണ് പ്രമോദ് മാധ്യമപ്രവർത്തകരോട് പറഞ്ഞത്.

പിഎസ്‍സി കോഴ: പ്രമോദ് കോട്ടൂളിയെ പുറത്താക്കി സിപിഎം, പരാതിക്കാരന്റെ വീട്ടിൽ കുത്തിയിരുന്ന് പ്രമോദ്
പി എസ് സി കോഴ ആരോപണം: പ്രമോദ് കോട്ടൂളിയെ സിപിഎം പുറത്താക്കും

പാർട്ടി നടപടി വിവരം പുറത്തുവന്നതിനുപിന്നാലെ പ്രമോദ് അമ്മയ്ക്കൊപ്പം പരാതിക്കാരന്റെ വീട്ടിൽ കുത്തിയിരിപ്പ് സമരം നടത്തി. ഹോമിയോ ഡോക്ടറായ സ്ത്രീക്ക് പിഎസ്‌സി അംഗത്വം വാഗ്ദാനം ചെയ്ത് പ്രമോദ് 22 രൂപ ലക്ഷം തട്ടിയെന്ന് സിപിഎമ്മിനു പരാതി നൽകിയ ശ്രീജിത്തിന്റെ വീട്ടിലായിരുന്നു സമരം. ശ്രീജിത്തിനെ തനിക്കറിയില്ലെന്നും ആദ്യമായാണ് ആ വീട്ടിൽ പോകുന്നതും പറഞ്ഞുകൊണ്ടായിരുന്നു പ്രമോദ് അമ്മയ്ക്കും തന്നെ പിന്തുണയ്ക്കുന്ന ചിലർക്കുമൊപ്പം അങ്ങോട്ടുപോയത്.

അതേസമയം, പ്രമോദിന് കോഴ നൽകിയത്ത് ആരാണെന്ന വിവരം ഇപ്പോഴും പുറത്തുവന്നിട്ടില്ലെന്നാണ് വിവരം. ആ വിവരം പുറത്ത് വരാതെ എങ്ങനെ തന്നെ കുറ്റക്കാരനാക്കാനാകുമെന്നാണ് പ്രമോദ് ചോദിക്കുന്നു. ഇതിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നും പ്രമോദ് പറയുന്നു. തന്നെ കുടുക്കാൻ ശ്രമിച്ചവരുടെ പേരുകൾ പറയുമെന്നും പ്രമോദ് പറഞ്ഞു.

പിഎസ്‌സി അംഗമാക്കാമെന്ന് വാഗ്ദാനം നൽകി തങ്ങളിൽനിന്ന് 22 ലക്ഷം രൂപ കോഴ വാങ്ങിയെന്നാണ് കോഴിക്കോട്ടെ ഹോമിയോ ഡോക്ടർ ദമ്പതികൾ പ്രമോദിനെതിരെ പാർട്ടിക്ക് പരാതി നൽകിയത്. 60 ലക്ഷമാണ് ചോദിച്ചതെന്നും 22 ലക്ഷം കൈമാറിയെന്നുമെന്നുമായിരുന്നു ആരോപണം.

സിഐടിയു നേതാവ് കൂടിയായ പ്രമോദ് മന്ത്രി മുഹമ്മദ് റിയാസിന്റെ അയൽവാസിയാണ്. മന്ത്രി മുഖേനെ പിഎസ്‍സി അംഗത്വം തരപ്പെടുത്താമെന്നാണ് തങ്ങളെ വിശ്വസിപ്പിച്ചതെന്നാണ് ദമ്പതികളുടെ പരാതി. ഇക്കാര്യത്തിൽ എംഎൽഎമാരായ കെഎം സച്ചിൻദേവ്, തോട്ടത്തിൽ രവീന്ദ്രൻ എന്നിവരുടെ പേരുകളും പ്രമോദ് ഉപയോഗപ്പെടുത്തിയതായാണ് ആരോപണം.

അതേസമയം, മാധ്യമങ്ങളും പ്രതിപക്ഷവും ആരോപിക്കുന്നതുപോലെ ഒരുവിധത്തിലുള്ള പരാതിയും പിഎസ്‍സിയുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കു മുന്നില്‍ വന്നിട്ടില്ലെന്ന് പ്രമോദിനെതിരായ നടപടി ശരിവെച്ചുകൊണ്ട് സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന്‍ പറഞ്ഞു. പാര്‍ട്ടിയുടെ സല്‍പ്പേരിന് കളങ്കം വരുത്തിയതുകൊണ്ടാണ് പ്രമോദിനെ പുറത്താക്കിയതെന്നും അദ്ദേഹം പറഞ്ഞു.

മാധ്യമങ്ങള്‍ പറയുന്ന കോലാഹങ്ങള്‍ ഒന്നുമില്ലെന്നും തീരുമാനം ജില്ലാ കമ്മിറ്റി ഏകകണ്‌ഠേന സ്വീകരിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, അച്ചടക്കത്തിന് നിരക്കാത്തതായ എന്തു പ്രവൃത്തിയാണ് പ്രമോദിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് പി മോഹനന്‍ വ്യക്തമാക്കിയിട്ടില്ല.

logo
The Fourth
www.thefourthnews.in